ന്യൂഡൽഹി: വിപുലീകരണ പദ്ധതികൾ ആരംഭിച്ച എയർ ഇന്ത്യയിൽ ജോലിക്കായി ഉദ്യോഗാർഥികളുടെ തള്ളിക്കയറ്റം. രണ്ടു മാസത്തിനിടെ 73,750 അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ പൈലറ്റ് ജോലിക്ക് 1752 അപേക്ഷകളെത്തി. കാബിൻക്രൂവിനായി 72,000 അപേക്ഷകളാണ് ലഭിച്ചത്.
നഷ്ടത്തിലായിരുന്ന എയർ ഇന്ത്യ ഈ വർഷം ജനുവരിയിലാണ് ടാറ്റ ഗ്രൂപ് ഏറ്റെടുത്തത്. ഗ്രൗണ്ട് ഹാൻഡ്‍ലിങ് വിഭാഗത്തിൽ മൂന്നു വർഷത്തെ പരിചയമുള്ള മാനേജ്‌മെന്റ് ബിരുദാനന്തര ബിരുദധാരികളിൽനിന്ന് അപേക്ഷ ക്ഷണിച്ചതിനും മികച്ച പ്രതികരണമാണ്. ഒരാഴ്ചക്കുള്ളിൽ ലഭിച്ചത് 25,000ത്തിലധികം അപേക്ഷകൾ. കൂടാതെ, കേരളത്തിൽ പുതിയതായി തുടങ്ങുന്ന സാങ്കേതിക കേന്ദ്രത്തിനായി (ടെക് സെന്റർ) അപേക്ഷ ക്ഷണിച്ചിരുന്നു.
ഡെവലപ്പർമാർ, ആർക്കിടെക്ടുകൾ, സൈബർ സെക്യൂരിറ്റി പ്രഫഷനലുകൾ, പ്രോഗ്രാം മാനേജർമാർ, യു.എക്സ് വിഷ്വൽ ഡിസൈനർമാർ എന്നിവരുൾപ്പെടെയുള്ള തസ്തികയിലേക്ക് രണ്ടായിരത്തിലേറെ അപേക്ഷ ലഭിച്ചു. അപേക്ഷകളെല്ലാം മൂല്യനിർണയം നടത്തുകയാണെന്ന് എയർ ഇന്ത്യ ചീഫ് ഹ്യൂമൻ റിസോഴ്‌സ് ഓഫിസർ സുരേഷ് ദത്ത് ത്രിപാഠി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.