ന്യൂഡൽഹി: ദുബൈയിലേക്കും ഇസ്രായേലിലെ തെൽ അവീവിലേക്കുമുള്ള വിമാന സർവിസുകൾ നിർത്തിവെച്ച് എയർ ഇന്ത്യ. യു.എ.ഇയിൽ കഴിഞ്ഞദിവസങ്ങളിൽ പെയ്ത കനത്ത മഴയിൽ ദുബൈ എയർപോർട്ടിന്‍റെ റൺവേ വെള്ളത്തിൽ മുങ്ങിയിരുന്നു. നിരവധി അന്താരാഷ്ട്ര സർവിസുകളാണ് ഇതുകാരണം മുടങ്ങിയത്.
ദുബൈയിൽ ഇറങ്ങേണ്ട വിമാനങ്ങളുടെ നിയന്ത്രണം 48 മണിക്കൂർ കൂടി നീട്ടിയിട്ടുണ്ട്. ദുബൈയിൽനിന്നുള്ള സർവിസുകളും എയർ ഇന്ത്യ താൽക്കാലികമായി റദ്ദാക്കി. ബുക്ക് ചെയ്ത ടിക്കറ്റുകൾ ഈ മാസം 21 വരെ മറ്റൊരു ദിവസത്തേക്ക് മാറ്റിയെടുക്കാം. റദ്ദാക്കുന്ന ടിക്കറ്റുകൾക്ക് റീഫണ്ട് നൽകുമെന്നും എയർ ഇന്ത്യ എക്സിൽ അറിയിച്ചു. ഇറാൻ-ഇസ്രായേൽ സംഘർഷ ഭീഷണി നിലനിൽക്കുന്നതിനാലാണ് തെൽ അവീവിലേക്കുള്ള വിമാന സർവിസ് റദ്ദാക്കിയത്. ഈമാസം 30 വരെ സർവിസ് നിർത്തിവെച്ചതായി എയർ ഇന്ത്യ അധികൃതർ അറിയിച്ചു.
യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ മുൻനിർത്തിയാണ് തെൽ അവീവ് നഗരത്തിലേക്കും തിരിച്ചുമുള്ള സർവിസുകൾ താൽക്കാലികമായി റദ്ദാക്കുന്നതെന്ന് കമ്പനി അറിയിച്ചു. റദ്ദാക്കുന്ന ടിക്കറ്റുകൾക്ക് തുക മടക്കി നൽകും. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർക്ക് എല്ലാവിധ പിന്തുണയും നൽകുമെന്നും എയർ ഇന്ത്യ എക്സിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ പറയുന്നു.
നേരത്തെ, ഇറാൻ ഇസ്രായേലിലേക്ക് റോക്കറ്റ് ആക്രമണം നടത്തിയതിനു പിന്നാലെ ഡൽഹിയിൽനിന്ന് തെൽ അവീവിലേക്ക് നേരിട്ടുള്ള വിമാന സർവിസ് താൽക്കാലികമായി നിർത്തിവെച്ചിരുന്ന. അഞ്ചുമാസത്തെ ഇടവേളക്കുശേഷം മാർച്ച് മൂന്നിനാണ് ടാറ്റ ഗ്രൂപ്പിന്‍റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ ഇസ്രായേൽ നഗരത്തിലേക്ക് സർവിസ് പുനരാരംഭിച്ചത്. ഡൽഹിക്കും തെൽ അവീവിനും ഇടയിൽ ആഴ്ചയിൽ നാലു സർവിസുകളാണ് എയർ ഇന്ത്യ നടത്തുന്നത്.
വിവിധ അന്താരാഷ്ട്ര വിമാന കമ്പനികളും ഇസ്രായേലിലേക്കുള്ള സർവിസ് നിർത്തിവെച്ചിട്ടുണ്ട്. ജർമൻ എയർലൈൻ ഗ്രൂപ്പ് ലുഫ്ത്താൻസ, യു.എ.ഇ ആസ്ഥാനമായ എത്തിഹാദ് എന്നിവയും സർവിസ് റദ്ദാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.