ഗുവാഹത്തി: അനിഷ്ഠ സംഭവങ്ങൾ ഒഴിവാക്കാൻ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിന്‍റെ കാലയളവിൽ മുസ്‌ലിംകൾ അയോധ്യയിൽ യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്ന് ആൾ ഇന്ത്യ യുനൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (എ.ഐ.യു.ഡി.എഫ്) അധ്യക്ഷനും എം.പിയുമായ ബദറുദ്ദീൻ അജ്മൽ. ബി.ജെ.പിയെ ഏറ്റവും വലിയ ശത്രുവായി പ്രഖ്യാപിച്ച അജ്മൽ, ഈ കാലയളവിൽ മുസ്‌ലിംകളോട് വീട്ടിലിരുന്ന് പ്രാർത്ഥിക്കണമെന്നും ആവശ്യപ്പെട്ടു.
ബാർപേട്ടയിൽ ഒരു യോഗത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിലാണ് ബദറുദ്ദീൻ അജ്മൽ ഇക്കാര്യങ്ങൾ ആവശ്യപ്പെട്ടത്.
ജനുവരി 20 മുതൽ 25 വരെ യാത്രകൾ ഒഴിവാക്കുക. രാമ വിഗ്രഹം സ്ഥാപിക്കുന്ന കാലയളവിൽ കാറിലും ബസ്സിലും ട്രെയിനിലും ഫ്ലൈറ്റിലുമായി ലക്ഷക്കണക്കിന് ആളുകളായിരിക്കും എത്തുക. ജനുവരി 20 മുതൽ 25 വരെ ബി.ജെ.പിക്ക് വലിയ പദ്ധതികളുണ്ട്. അയോധ്യ പള്ളി തകർത്തതിന്‍റെ ആവർത്തനം ഒഴിവാക്കുവാനും സമാധാനാന്തരീക്ഷം നിലനിർത്തുവാനും വേണ്ടി മുസ്‌ലിംകൾ യാത്ര ഒഴിവാക്കണം -ധുബ്രി എം.പി പറഞ്ഞു.
മൂന്ന് - നാലു ദിവസം യാത്ര ചെയ്യാതിരുന്നാൽ ഒരു പ്രശ്നവുമില്ല. മുസ്‌ലിംകളുടെ ജീവിതത്തിനും, വിശ്വാസത്തിനും, പ്രാർത്ഥനക്കും, മദ്രസകൾക്കും, മുസ്‌ലിം സഹോദരിമാരുടെ പർദ്ദക്കും, ഇസ്‌ലാമിക നിയമങ്ങൾക്കും, ത്വലാക്കിനുമെല്ലാം എതിരാണ് ഇവരെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ചടങ്ങിൽ 60,000 ലധികം പേർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.