മുംബൈ: എൻ.സി.പി ദേശീയ അധ്യക്ഷനും പിതൃസഹോദരനുമായ ശരദ് പവാറിനെ വിമർശിച്ച് അജിത് പവാർ. പാർട്ടിയെ പിളർത്തി ബി.ജെ.പി-ശിവസേന (ഷിൻഡെ) സഖ്യസർക്കാറിനൊപ്പം ചേർന്നതിന് പിന്നാലെ മുംബൈയിൽ വിളിച്ചുചേർത്ത എം.എൽ.എമാരുടെ യോഗത്തിലാണ് അജിത് പവാറിന്‍റെ വിമർശനം. 83 വയസ്സായിട്ടും നിങ്ങൾക്ക് നിർത്താറായില്ലേയെന്ന് അജിത് പവാർ ചോദിച്ചു. എൻ.സി.പി ദേശീയ അധ്യക്ഷ പദവിയിൽ ശരദ് പവാർ തുടരുന്നതിലെ അതൃപ്തിയാണ് അധ്യക്ഷ പദവി അവകാശപ്പെടുന്ന അജിത് പവാർ പ്രകടിപ്പിച്ചത്.
'ഐ.എ.എസ് ഓഫിസർമാർ 60 വയസ്സിൽ വിരമിക്കുന്നു. രാഷ്ട്രീയത്തിൽ നോക്കൂ, ബി.ജെ.പി നേതാക്കൾ 75 വയസ്സിൽ വിരമിക്കുന്നു. അദ്വാനിയെയും മുരളി മനോഹർ ജോഷിയെയും നോക്കൂ. പുതിയ തലമുറ ഉയർന്നുവരാൻ വേണ്ടിയാണ് ഇത്. താങ്കൾക്ക് (ശരദ് പവാറിന്) 83 വയസ്സായി. ഇനിയും നിർത്താൻ പോകുന്നില്ലേ. അങ്ങയുടെ ആശീർവാദം തന്നാൽ ദീർഘായുസ്സിന് വേണ്ടി പ്രാർഥിച്ചുകൊള്ളാം' -അജിത് പവാർ പറഞ്ഞു.
'എന്നെ നിങ്ങൾ എല്ലാക്കാലവും ഒരു വില്ലനായിട്ടാണ് അവതരിപ്പിച്ചത്. എന്നാൽ ഇപ്പോഴും എനിക്ക് നിങ്ങളോട് ബഹുമാനമാണ് -അജിത് പവാർ പറഞ്ഞു. യഥാർഥ എൻ.സി.പി തങ്ങളാണെന്നും പാർട്ടി ചിഹ്നം ഉപയോഗിക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ചിരിക്കുകയാണ് അജിത് പവാർ. അതേസമയം, അജിത് പവാറിനെയും പാർട്ടി പിളർത്തിയ എം.എൽ.എമാരെയും അയോഗ്യരാക്കാനുള്ള നീക്കത്തിലാണ് ഔദ്യോഗിക വിഭാഗം.
കഴിഞ്ഞ ദിവസം അജിത് പവാറിനെതിരെ ശരദ് പവാർ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. അജിത് പവാറിനൊപ്പം പാർട്ടിവിട്ടവരുടെ ക്യാമ്പിൽ തന്‍റെ ഫോട്ടോ ഉപയോഗിച്ചതിലും ശരദ് പവാർ വിമർശനമുയർത്തി. തന്റെ പ്രത്യയശാസ്ത്രത്തെ വഞ്ചിച്ചവർക്കും ആശയപരമായ അഭിപ്രായവ്യത്യാസമുള്ളവർക്കും തന്റെ ഫോട്ടോ ഉപയോഗിക്കാൻ അധികാരമില്ല. താൻ ദേശീയ അധ്യക്ഷനും ജയന്ത് പാട്ടീൽ സംസ്ഥാന അധ്യക്ഷനുമായ പാർട്ടിക്ക് മാത്രമേ എന്റെ ഫോട്ടോ ഉപയോഗിക്കാൻ കഴിയൂ. തന്റെ ജീവിതകാലത്ത് ഫോട്ടോ ആര് ഉപയോഗിക്കണം എന്ന് തീരുമാനിക്കാനുള്ള അധികാരം തനിക്കാണ് -ശരദ് പവാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.