ഝാൻസി: അനധികൃത മണൽ ഖനന കേസിലെ പ്രതി പുഷ്പേന്ദ്ര യാദവിനെ ഉത്തർപ്രദേശ് പൊലീസ് വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ബി.ജെ.പി സർക്കാറിെനതിരെ ആഞ്ഞടിച്ച് സമാജ്വാദ് പാർട്ടി നേതാവ് അഖിലേഷ് യാദവ്.
‘‘ബന്ദൽഖണ്ഡിലുള്ളവർക്കെല്ലാവർക്കും ഇത് ഒരു വ്യാജ ഏറ്റുമുട്ടലാണെന്ന് അറിയാം. ഏറ്റുമുട്ടലിൻെറ പേരിൽ ഒരു യുവാവ് നിഷ്ഠൂരമായി കൊല ചെയ്യപ്പെട്ടു. പൊലീസ് പറയുന്നത് അയാൾ ഒരു കാർ മോഷ്ടിച്ച് കടന്നുകളയുകയായിരുന്നുവെന്നാണ്. അതിന് തീർച്ചയായും തെളിവ് ഉണ്ടായിരിക്കണം. എല്ലാ പൊലീസ് സ്റ്റേഷനുകളിലും സി.സി.ടി.വി കാമറകൾ സ്ഥാപിച്ചിട്ടുണ്ട്. പൊലീസ് അയാളുടെ ദൃശ്യം കാണിച്ചുതരട്ടെ.’’ -അഖിലേഷ് യാദവ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പുഷ്പേന്ദ്ര യാദവിൻെറ കുടുംബാംഗങ്ങൾക്ക് നീതി ഉറപ്പാക്കുന്നതിനായി ഏറ്റുമുട്ടൽ ഹൈകോടതി സിറ്റിങ് ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും അഖിലേഷ് യാദവ് ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാർ കുറ്റവാളികളെ സംരക്ഷിക്കുകയാണെന്നും നിരപരാധികളെ കള്ളകേസിൽപെടുത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. 80ൽ അധികം എഫ്.ഐ.ആറുകളാണ് എം.പിയായ തനിക്കെതിരെ പൊലീസ് ചുമത്തിയതെന്നും അദ്ദേഹം കൂട്ടിേചർത്തു. ഷാജഹാൻപൂർ, ഉന്നാവോ പെൺകുട്ടികൾക്ക് യോഗി ആദിത്യനാഥ് സർക്കാറിന് കീഴിൽ നീതി നിഷേധിക്കപ്പെടുകയാണെന്നും അഖിലേഷ് യാദവ് ആരോപിച്ചു.
ഞായറാഴ്ചയാണ് പുഷ്പേന്ദ്ര യാദവ് പൊലീസിൻെറ വെടിയേറ്റ് മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.