മംഗളൂരു: നാട് വിറപ്പിച്ച പുള്ളിപ്പുലിയെ വാലില്‍ പിടിച്ച് ചുഴറ്റി യുവാവ് വലയിലാക്കി. തുമകൂരുവിലെ എ.വി. ആനന്ദാണ്(40) നിസ്സഹായരായ വനപാലകർക്കും ഭീതിയിലാണ്ട ഗ്രാമവാസികൾക്കും ഇടയിൽ ധീരതയുടെയും സാഹസികതയുടെയും ആൾരൂപമായത്.
ദിവസങ്ങളായി പുള്ളിപ്പുലി ഭീതിയിലായിരുന്നു ഗ്രാമം. ഏറെ ശ്രമിച്ചിട്ടും വനംവകുപ്പിന് പിടികൂടാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് നാട്ടുകാരുടെ സഹകരണത്തോടെ കെണിയൊരുക്കിയെങ്കിലും ഫലമുണ്ടായില്ല. പുലിയാവട്ടെ വളർത്തു മൃഗങ്ങളെ ഇരുട്ടിൽ ആക്രമിച്ച് വിലസി.
കഴിഞ്ഞ ദിവസം വീണ്ടും ഗ്രാമത്തില്‍ പ്രത്യക്ഷപ്പെട്ട പുലിയെ നാട്ടുകാർ വളഞ്ഞു. വനം ഉദ്യോഗസ്ഥരും സംഭവസ്ഥലത്ത് എത്തി. എന്നാല്‍ അവർ ഭയന്നു നിന്നതല്ലാതെ പുലിയോടടുത്തില്ല. അതിനിടെയാണ് ഗ്രാമവാസിയായ ആനന്ദ് പിന്നിലൂടെ പതുങ്ങിയെത്തി വാലില്‍ പിടിച്ച് പുലിയെ ചുഴറ്റിയെടുത്തത്. ഈ അവസരം മുതലെടുത്ത് വനം ഉദ്യോഗസ്ഥർ പുലിയെ വലകൊണ്ട് മൂടി കെണിയിലാക്കി.
പുലി വലയിലായി എന്നുറപ്പിക്കുന്നത് വരെ ആനന്ദ് വാലിലെ പിടി വിട്ടില്ല. പുലിയെ പിന്നീട് വനം അധികൃതർ സമീപത്തെ വനത്തില്‍ തുറന്നുവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.