ന്യൂഡൽഹി: ഉത്തർപ്രദേശിലെ മുൻമുഖ്യമന്ത്രിമാർക്ക് ഒൗദ്യോഗിക ബംഗ്ലാവ് അനുവദിക്കേണ്ടതില്ലെന്ന സുപ്രീംകോടതി വിധിക്കെതിരെ യു.പി മുൻമുഖ്യമന്ത്രിയും സമാജ്വാദി പാർട്ടി നേതാവുമായ അഖിലേഷ് യാദവ്, പിതാവ് മുലായംസിങ് യാദവ് എന്നിവർ സുപ്രീംകോടതിയെ സമീപിച്ചു. തങ്ങൾക്ക് വീടില്ലെന്നും രണ്ടു വർഷം കൂടി സർക്കാർ അനുവദിച്ചു തന്ന ബംഗ്ലാവിൽ തുടരാൻ അനുവദിക്കണമെന്നും ഇരുവരും കോടതിയോട് അപേക്ഷിച്ചു.
ബംഗ്ലാവ് പെെട്ടന്ന് ഒഴിയാൻ ബുദ്ധിമുട്ടുള്ളതിന് കാരണമായി പ്രായാധിക്യവും അനാരോഗ്യവുമാണ് മുലായം സിങ് കോടതിയെ ധരിപ്പിച്ചത്. അതേ സമയം സുരക്ഷാപ്രശ്നങ്ങളും കുട്ടികളുടെ വിദ്യാഭ്യാസവുമാണ് രണ്ടു വർഷം കൂടി സമയം അനുവദിക്കണമെന്നതിന് കാരണമായി അഖിലേഷ് യാദവ് കോടതിയെ അറിയിച്ചത്.
‘‘ബംഗ്ലാവിൽ നിന്ന് ഒഴിയാൻ ഞങ്ങൾ തയ്യാറാണ്. നേതാജിക്കും (മുലായംസിങിനും) തനിക്കും ജീവിക്കാൻ ലക്നൗവിൽ വേറെ സ്ഥലമില്ല. ഞങ്ങൾക്ക് വേണ്ടി ഏതെങ്കിലും സ്ഥലം കണ്ടെത്താൻ കഴിയുമെങ്കിൽ ഞങ്ങളെ അറിയിക്കൂ’’- അഖിലേഷ് യാദവ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. സുപ്രീംകോടതി വിധിയനുസരിച്ച് 15 ദിവസത്തിനകം ബംഗ്ലാവ് ഒഴിയണമെന്ന് കാണിച്ച് മായാവതി, അഖിലേഷ് യാദവ്, മുലായംസിങ് യാദവ് തുടങ്ങി ആറ് മുൻമുഖ്യമന്ത്രിമാർക്ക് യു.പി സർക്കാർ 10 ദിവസം മുമ്പ് നോട്ടീസ് അയച്ചിരുന്നു.
ഉത്തർപ്രദേശിലെ സ്ഥാനമൊഴിഞ്ഞ മുഖ്യമന്ത്രിമാർക്ക് സർക്കാർ ബംഗ്ലാവുകൾ അനുവദിക്കേണ്ടതില്ലെന്ന് മെയ് ഏഴിനാണ് സുപ്രീം കോടതി ഉത്തരവിട്ടത്. സന്നദ്ധ സംഘടനയായ ലോക്പ്രഹരി നൽകിയ പൊതുതാത്പര്യ ഹർജിയിലായിരുന്നു ഉത്തരവ്. മുൻ മുഖ്യമന്ത്രിമാർക്ക് ഔദ്യോഗിക ബംഗ്ലാവുകൾ അനുവദിച്ച് യു.പി സർക്കാർ കൊണ്ടുവന്ന നിയമഭേദഗതി കോടതി റദ്ദാക്കുകയായിരുന്നു. മുലായം സിങ് യാദവ്, അഖിലേഷ് യാദവ് (സമാജ്വാദി പാർട്ടി), മായാവതി(ബി.എസ്.പി), രാജ്നാഥ് സിങ്(ബി.ജെ.പി), എൻ.ഡി. തിവാരി(കോൺഗ്രസ് ) എന്നിവരാണ് നിലവിൽ ബംഗ്ലാവുകളുള്ള മുൻ മുഖ്യമന്ത്രിമാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.