ലക്നോ: കർഷക പ്രതിഷേധത്തിലേക്ക് കാറിടിച്ചുകയറ്റി ഒമ്പത് പേർ കൊല്ലപ്പെട്ട ലഖിംപൂരിലേക്ക് പുറപ്പെടാൻ ശ്രമിച്ച യു.പി മുൻ മുഖ്യമന്ത്രിയും സമാജ്വാദി പാർട്ടി നേതാവുമായ അഖിലേഷ് യാദവിനെ പൊലീസ് തടഞ്ഞു. ലക്നോവിൽ സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിന്റെ വീടിനു മുന്നിൽ പൊലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടി.
അതേസമയം, അഖിലേഖ് യാദവിനെയും നിരവധി ബി.എസ്.പി നേതാക്കളെയും പൊലീസ് വീട്ടു തടങ്കലിലാക്കിയിരിക്കുകയാണ്. അഖിലേഷിന്‍റെ കാറും പിടിച്ചെടുത്തിട്ടുണ്ട്. തുടർന്ന് അഖിലേഷും പ്രവർത്തകരും വസതിക്ക് മുൻപിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. കർഷക പ്രതിഷേധത്തിനു നേരെയുണ്ടായ അതിക്രമത്തിന് പിന്നാലെ യു.പിയിൽ വ്യാപക സംഘർഷമാണ് അരങ്ങേറുന്നത്.
ബ്രിട്ടീഷുകാർ പോലും കാണിക്കാത്ത രീതിയിലുള്ള നിഷ്ഠൂരമായ കാര്യങ്ങളാണ് ബി.ജെ.പി സർക്കാർ കർഷകരോട് കാണിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രിയും സഹമന്ത്രിയും രാജി വെക്കണം. ജീവൻ നഷ്ടപ്പെട്ട കർഷകരുടെ കുടുംബത്തിന് രണ്ട് കോടി രൂപയും സർക്കാർ ജോലിയും നൽകണമെന്നും അഖിലേഷ് ആവശ്യപ്പെട്ടു. രാഷ്ട്രീയ നേതാക്കളെ ലഖിംപൂരിലേക്ക് പോകാൻ അനുവദിക്കുന്നില്ല എങ്കിൽ എന്താണ് സർക്കാർ ഒളിച്ചുവെക്കാൻ ശ്രമിക്കുന്നതെന്നും അഖിലേഷ് യാദവ് ചോദിച്ചു.
ലഖിംപൂരിലേക്ക് പുറപ്പെട്ട ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് കസ്റ്റഡിയിലാണ്. സീതാപൂരിൽവെച്ച് ആസാദിനെയും സംഘത്തെയും പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. നേരത്തെ ലഖിംപൂരിലേക്ക് പുറപ്പെട്ട കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ലഖിംപൂരിലേക്ക് പുറപ്പെട്ട ബഹുജൻ സമാജ്‌വാദി പാർട്ടി നേതാവ് സതീഷ് ചന്ദ്രയെയും പൊലീസ് തടഞ്ഞിട്ടുണ്ട്. ആം ആദ്മി പാർട്ടി നേതാവ് സഞ്ജയ് സിങിനെയും ലഖിംപൂരിലേക്ക് പോകാൻ അനുവദിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.