ലഖ്നോ: സഹോദര ഭാര്യ അപർണ യാദവിനെ സ്വീകരിച്ചതിൽ ബി.ജെ.പിക്ക് നന്ദി പറഞ്ഞ് സമാജ്‍വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. 'ബി.ജെ.പിക്ക് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുകയാണ്. കാരണം, ഞങ്ങൾക്ക് ടിക്കറ്റ് നൽകാൻ കഴിയാത്തവരെയൊക്കെ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാൻ അവർക്ക് കഴിയുന്നുണ്ട്' -അഖിലേഷ് യാദവ് പറഞ്ഞു.
ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ബാക്കി നിൽക്കേ അപർണ യാദവ് സമാജ്‍വാദി പാർട്ടിയിൽനിന്ന് ബി.ജെ.പിയിലേക്ക് പോയത് തങ്ങൾക്ക് വെല്ലുവിളിയാകില്ല എന്ന രീതിയിലായിരുന്നു അഖിലേഷിന്റെ പ്രതികരണം. അഖിലേഷ് യാദവിന്റെ ഇളയ സഹോദരനായ പ്രതീക് യാദവിന്റെ ഭാര്യയായ അപർണ ബുധനാഴ്ചയാണ് ബി.ജെ.പിയിൽ ചേർന്നത്.
അപർണയെ താൻ അഭിനന്ദിക്കുന്നുവെന്നും അഖിലേഷ് പറഞ്ഞു. 'സമാജ്‍വാദി പാർട്ടിയുടെ ആശയങ്ങൾ പ്രചരിക്കുന്നതിൽ സന്തോഷമുണ്ട്. എനിക്ക് ഉറപ്പുണ്ട്, ഞങ്ങളുടെ ആശയം ബി.ജെ.പിയിൽ എത്തുമെന്നും അവിടെ ജനാധിപത്യം പുലരുമെന്നും'- അഖിലേഷ് പറഞ്ഞു. പാർട്ടി വിടുന്നത് സംബന്ധിച്ച് മുലായം സിങ് യാദവ് അപർണയുമായി ചർച്ച നടത്തിയിരുന്നെന്നും അഖിലേഷ് ചൂണ്ടിക്കാട്ടി.
'അവരെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ നേതാജി കുറേ ശ്രമിച്ചിരുന്നു. തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കുന്നത് ഞങ്ങളുടെ പാർട്ടിക്കുള്ളിലെ സർവേയുടെയും മറ്റുപല ഘടകങ്ങളുടെയും അടിസ്ഥാനത്തിലാണ്' -സീറ്റ് നിഷേധിച്ചതിനെ തുടർന്നാണ് അപർണ പാർട്ടി വിട്ടതെന്ന ആരോപണങ്ങളോട് അഖിലേഷ് പ്രതികരിച്ചു. 2017ലെ നിയമസഭ തെരഞ്ഞെടുപ്പിൽ അപർണ ലഖ്നോ കണ്ടോന്റ്മെന്റ് മണ്ഡലത്തിൽ സമാജ്‍വാദി പാർട്ടി ടിക്കറ്റിൽ മത്സരിച്ച് തോറ്റിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.