ഭിന്നിപ്പിന് അവധി; നേട്ടങ്ങള്‍ വിവരിച്ച് അഖിലേഷിന്‍െറ രഥയാത്ര

ലഖ്നോ: പിളര്‍പ്പിലേക്ക് നീങ്ങിയ സമാജ്വാദി പാര്‍ട്ടിയിലെ ഭിന്നതകള്‍ക്ക് നേരിയ ശമനം നല്‍കി അഖിലേഷ് യാദവിന്‍െറ രഥയാത്ര. പാര്‍ട്ടി ഒറ്റക്കെട്ടാണെന്ന പ്രതീതി സൃഷ്ടിച്ച് എസ്.പി അധ്യക്ഷന്‍ മുലായം സിങ് യാദവ് യാത്ര ഉദ്ഘാടനം ചെയ്തു. പാര്‍ട്ടിയിലെ ഭിന്നിപ്പില്‍ മുഖ്യ കഥാപാത്രവും മുലായത്തിന്‍െറ സഹോദരനുമായ ശിവ്പാല്‍ യാദവും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

യാത്ര ആരംഭിച്ച ലാ മാര്‍ട്ടിനെറെ മൈതാനിയില്‍ മുഖ്യമന്ത്രി അഖിലേഷ് യാദവാണ് ആദ്യം എത്തിയത്. തൊട്ടുപിന്നാലെ മുലായവും നിമിഷങ്ങള്‍ക്കകം ശിവ്പാല്‍ യാദവും വേദിയില്‍ എത്തി. നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ അവസാനിച്ചു എന്ന് ബോധ്യപ്പെടുത്തുന്നതിന്‍െറ ഭാഗമായി മുലായത്തിന്‍െറ ഇരുവശങ്ങളിലുമായി അഖിലേഷും ശിവ്പാലും ഇരുന്നു.

കഴിഞ്ഞ നാലു വര്‍ഷത്തെ സര്‍ക്കാറിന്‍െറ നേട്ടങ്ങള്‍ ജനങ്ങളിലത്തെിക്കുന്നതിന്‍െറ ഭാഗമായാണ് രഥയാത്ര നടത്തുന്നത്. ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഏതെങ്കിലും പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കുന്നതിനെക്കുറിച്ച് തനിക്കറിയില്ളെന്ന് അഖിലേഷ് യാദവ് പറഞ്ഞു. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം പാര്‍ട്ടി തലവന്‍ മുലായം സിങ് യാദവ് എടുക്കും. സഖ്യമുണ്ടാക്കുകയാണെങ്കില്‍ ആര്‍ക്കൊക്കെ നേട്ടമുണ്ടാകുമെന്നും ആര്‍ക്കൊക്കെ നഷ്ടമുണ്ടാകുമെന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു.

‘മഹാ സഖ്യമുണ്ടാക്കുന്നതിന്‍െ’റ സാധ്യതകള്‍ തേടി കോണ്‍ഗ്രസിന്‍െറ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ അടുത്തിടെ മുലായം സിങ് യാദവിനെ കണ്ടതിന്‍െറ പശ്ചാത്തലത്തിലാണ് അഖിലേഷിന്‍െറ പരാമര്‍ശം. സംസ്ഥാനത്ത് മതേതര സര്‍ക്കാറുണ്ടാക്കാന്‍ ആരുമായും സഖ്യമുണ്ടാക്കുന്ന കാര്യത്തില്‍ തങ്ങള്‍ക്ക് തുറന്ന മനസ്സാണുള്ളതെന്നും അഖിലേഷ് യാദവ് പറഞ്ഞു.

അഖിലേഷിന് എല്ലാ ആശംസകളും നേരുന്നതായും സംസ്ഥാനമെങ്ങും പാര്‍ട്ടി ഒറ്റക്കെട്ടാണെന്ന സന്ദേശം നല്‍കാന്‍ യാത്രക്ക് കഴിയുമെന്നും എസ്.പി സംസ്ഥാന അധ്യക്ഷന്‍ കൂടിയായ ശിവ്പാല്‍ യാദവ് പറഞ്ഞു. ബി.ജെ.പി അധികാരത്തില്‍ എത്തുന്നത് തടയുകയാണ് മുഖ്യ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

അത്യാധുനിക സംവിധാനങ്ങള്‍ ഒരുക്കിയ ഹൈടെക് മെഴ്സിഡസ് ബെന്‍സ് ബസിലാണ് അഖിലേഷിന്‍െറ രഥയാത്ര. എന്നാല്‍, യാത്ര തുടങ്ങി അല്‍പ സമയത്തിനകം വാഹനത്തിന്‍െറ ബ്രേക് തകരാറിലായത് കല്ലുകടിയായി. അറ്റകുറ്റപ്പണിക്ക് സമയം എടുക്കുമെന്നതിനാല്‍ ഒൗദ്യോഗിക വാഹനത്തിലാണ് യാത്ര തുടര്‍ന്നത്.  രഥയാത്രയുടെ ഉദ്ഘാടനത്തിന് മുമ്പ് സമാജ്വാദി പാര്‍ട്ടിയിലെ ഇരുവിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയത് നേതാക്കള്‍ ഇടപെട്ട് പെട്ടെന്നുതന്നെ ഒതുക്കി.

Tags:    
News Summary - Akhilesh Yadav's Rathayathra stopped because of engine trouble

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.