ശിരോവസ്ത്രം: പെൺകുട്ടിയെ അഭിനന്ദിച്ച് അൽഖാഇദയുടെ വിഡിയോ; കർണാടക സർക്കാർ അന്വേഷണം തുടങ്ങി

ബംഗളൂരു: ശിരോവസ്ത്ര വിവാദവുമായി ബന്ധപ്പെട്ട് ആഗോള ഭീകര സംഘടനയായ അൽഖാഇദയുടെ തലവൻ അയ്മൻ അൽ സവാഹിരി പുറത്തുവിട്ട പുതിയ വിഡിയോ സംബന്ധിച്ച് കർണാടക സർക്കാർ അന്വേഷണം തുടങ്ങി. കർണാടകയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ശിരോവസ്ത്രം വിലക്കിയതുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾക്കിടെ കാവി ഷാൾ ധരിച്ച് ജയ് ശ്രീരാം വിളിച്ചെത്തിയ യുവാക്കളെ അല്ലാഹു അക്ബർ വിളിച്ച് പ്രതിരോധിച്ച മുസ്ലിം പെൺകുട്ടിയെ പിന്തുണച്ചുകൊണ്ടുള്ള വിഡിയോ ആണ് പുറത്തുവന്നത്.

എവിടെ നിന്നാണ് വിഡിയോ വന്നതെന്നതിനെക്കുറിച്ചും അതിന് പിന്നിലുള്ളവരെക്കുറിച്ചും ആഭ്യന്തര വകുപ്പും പൊലീസും അന്വേഷണം ആരംഭിച്ചതായി കർണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര പറഞ്ഞു. ശിരോവസ്ത്ര വിവാദത്തിൽ തങ്ങൾ തുടക്കംമുതൽ പറയുന്ന കാര്യം ശരിവെക്കുന്നതാണ് ഇപ്പോൾ പുറത്തുവന്ന വിഡിയോ. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ശിരോവസ്ത്ര വിലക്ക് ശരിവെച്ചുകൊണ്ടുള്ള ഹൈകോടതി ഉത്തരവിൽ വിവാദത്തിനു പിന്നിൽ അദൃശ്യ കരങ്ങളുണ്ടെന്നു പറഞ്ഞിരുന്നു. ഇക്കാര്യം ശരിയാണെന്ന് അൽഖാഇദയുടെ വിഡിയോയിലൂടെ വ്യക്തമായിരിക്കുകയാണ്.

കുട്ടികൾ അത്തരത്തിൽ പ്രതികരിക്കുന്നത് അസാധാരണ സംഭവമാണെന്നും അരഗ ജ്ഞാനേന്ദ്ര പറഞ്ഞു. മാണ്ഡ്യ സ്വദേശിയായ പെൺകുട്ടിയെ കവിത ചൊല്ലിക്കൊണ്ടാണ് അൽഖാഇദ തലവൻ അൽ സവാഹിരി അഭിനന്ദിക്കുന്നത്. തങ്ങളുടെ സഹോദരിമാരുടെ അഭിമാനം ഉയർത്തിപ്പിടിച്ച ഇന്ത്യയിലെ ഏറ്റവും കുലീനയായ പെൺകുട്ടിയെന്നാണ് വിശേഷിപ്പിക്കുന്നത്.

അതേസമയം, അയ്മൻ അൽ സവാഹിരിയുടെ വിഡിയോ പ്രസ്താവന തെറ്റാണെന്നും അതിനെതിരെ അന്വേഷണം നടത്തണമെന്നും മുസ്കാൻ ഖാന്‍റെ പിതാവ് മുഹമ്മദ് ഹുസൈൻ ഖാൻ ആവശ്യപ്പെട്ടു. വിഡിയോയെക്കുറിച്ചോ അയാൾ ആരാണെന്നോ അറിയില്ലെന്നും ആദ്യമായാണ് ഇന്ന് വിഡിയോയിൽ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ സ്നേഹത്തോടെയും സമാധാനത്തോടെയും വിശ്വാസത്തോടെയുമാണ് ഞങ്ങൾ കഴിയുന്നത്.

ആളുകൾ അവർക്ക് ആവശ്യമുള്ളത് പറയും. എന്നാൽ, ഇത് അനാവശ്യ പ്രശ്നങ്ങളുണ്ടാക്കും. വളരെ സമാധാനത്തോടെയാണ് ഇന്ത്യയിൽ കഴിയുന്നത്. ഞങ്ങളെക്കുറിച്ച് അയാൾ ഒന്നും പറയേണ്ട കാര്യമില്ല. അത് തെറ്റാണ്. നമുക്കിടയിൽ ഭിന്നതയുണ്ടാക്കാനുള്ള ശ്രമമാണിത്. സമാധാനം തകർക്കാനുള്ള ഇത്തരം സംഭവങ്ങളെക്കുറിച്ച് പൊലീസും സർക്കാറും അന്വേഷിച്ച് സത്യം കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Al Qaeda chief Zawahiri asks Muslims to unite over hijab controversy in India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.