അരുൺ ഗോയലിന്‍റെ രാജിയിൽ ആശങ്ക പ്രകടിപ്പിച്ച് സി.പി.എം

ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് തെരഞ്ഞെടുപ്പ് കമീഷണർ അരുൺ ഗോയൽ രാജിവച്ചതിൽ ആശങ്കയുണ്ടെന്ന് സി.പി.എം. രാജിയുടെ സാഹചര്യത്തെക്കുറിച്ച് വ്യക്തമായ പ്രസ്താവന നൽകണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടതായി സി.പി.എം കേന്ദ്ര കമ്മിറ്റി പ്രസ്തവനയിലൂടെ അറിയിച്ചു. അരുൺ ഗോയലിന്‍റെ രാജി അനിശ്ചിതത്വത്തിന്‍റെ അന്തരീക്ഷം സൃഷ്ടിക്കുന്നെന്നും സി.പി.എം അഭിപ്രായപ്പെട്ടു.

വിരമിക്കുന്നതിന് മൂന്ന് വർഷം ബാക്കിയുണ്ടായിരുന്ന തെരഞ്ഞെടുപ്പ് കമീഷണർമാരിൽ ഒരാൾ രാജിവെച്ചു. രാജി ഔദ്യോഗികമായി സ്വീകരിച്ചു. കമീഷണർ സ്ഥാനങ്ങളിലൊന്ന് ഇതിനകം ഒഴിഞ്ഞുകിടക്കുന്നതിനാൽ നിലവിലെ രാജി തെരഞ്ഞെടുപ്പ് കമീഷനെ ചീഫ് ഇലക്ഷൻ കമീഷണർ എന്ന ഒരൊറ്റ അംഗം പ്രതിനിധീകരിക്കുന്ന സാഹചര്യം സൃഷ്ടിക്കുന്നുവെന്ന് പ്രസ്താവനയിൽ പറയുന്നു.

തെരഞ്ഞെടുപ്പ് കമീഷണർമാരുടെ നിയമനം സംബന്ധിച്ച പുതിയ നിയമം വന്നതോടെ തെരഞ്ഞെടുപ്പ് കമീഷന്‍റെ ഘടന പൂർണമായും സർക്കാറിന്‍റെ നിയന്ത്രണത്തിലാണെന്ന് സി.പി.എം വ്യക്തമാക്കി.

ശനിയാഴ്ചയാണ് ഗോയൽ തെരഞ്ഞെടുപ്പ് കമീഷണർ സ്ഥാനം രാജിവെച്ചത്. 2027 ഡിസംബർ 5 വരെയായിരുന്നു അദ്ദേഹത്തിന്‍റെ കാലാവധി. അടുത്ത വർഷം ഫെബ്രുവരിയിൽ നിലവിലെ രാജീവ് കുമാർ വിരമിച്ചതിന് ശേഷം അദ്ദേഹം മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറായി മാറുമായിരുന്നു.

ശനിയാഴ്ച മുതൽ പ്രാബല്യത്തിൽ വരുന്ന തരത്തിൽ ഗോയലിന്‍റെ രാജി പ്രസിഡന്‍റ് ദ്രൗപതി മുർമു സ്വീകരിച്ചതായി നിയമ മന്ത്രാലയ വിജ്ഞാപനത്തിൽ പറയുന്നു. എന്തുകൊണ്ടാണ് അദ്ദേഹം രാജി വെച്ചതെന്ന് വ്യക്തമല്ല.

Tags:    
News Summary - Alarmed by resignation of EC Arun Goel, creates atmosphere of uncertainty: CPI(M)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.