മണിപ്പൂരിലെ അനധികൃത ബങ്കറുകൾ തകർക്കും; വിദ്യഭ്യാസ സ്ഥാപനങ്ങൾ ബുധനാഴ്ച തുറക്കും -ബിരേൻ സിങ്

ഇംഫാൽ: കലാപം നിലനിൽക്കെ കുന്നുകളിലും താഴ്വരകളിലും അനധികൃതമായി സ്ഥാപിച്ച ബങ്കറുകൾ പൊളിച്ചു നീക്കുമെന്ന് മണിപ്പൂർ മുഖ്യമന്ത്രി എൻ. ബിരേൻ സിങ്. അർധ സൈനിക വിഭാഗത്തിന്‍റെ പിന്തുണയോടെ സൈന്യത്തിന്‍റെ നേതൃത്വത്തിലായിരിക്കും ഓപറേഷൻ നടപ്പാക്കുക. സംസ്ഥാനത്ത് വിദ്യഭ്യാസ സ്ഥാപനങ്ങൾ ബുധനാഴ്ചയോടെ തുറന്ന് പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഔദ്യോഗിക ആസ്ഥാനത്ത് ചേർന്ന വിദഗ്ധരുടെ യോഗത്തിന് പിന്നാലെയായിരുന്നു സംസ്ഥാനത്ത് പലയിടങ്ങളിലായി വിവിധ വിഭാഗത്തിൽപെട്ടവർ നിർമിക്കുന്ന അനധികൃത ബങ്കറുകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും പൊളിച്ചുനീക്കുമെന്നും സിങ് വ്യക്തമാക്കിയത്. സംസ്ഥാനത്ത് ക്രമസമാധാനം പുനസ്ഥാപിക്കുന്നതിന്‍റെ ഭാഗമായാണ് നടപടിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കാലവർഷം അടുത്തെത്തിയതിനാൽ സംസ്ഥാനത്തെ കാർഷികമേഖലയെ ഉത്തേജിപ്പിക്കേണ്ടതിന്‍റെ ആവശ്യകതയെ കുറിച്ചും അദ്ദേഹം സംസാരിച്ചു. ഇരു സമുദായങ്ങളിലെയും കർഷകരുടെ സുരക്ഷ ഉറപ്പാക്കാൻ മലയോര പ്രദേശങ്ങളിൽ മണിപ്പൂർ റൈഫിൽസ്, ഐ.ആർ.ബി എന്നിവരുൾപ്പെടെ 2000 സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. സ്ഥിതിഗതികൾ നിയന്ത്രിക്കുന്നതിന് മലമ്പ്രദേശങ്ങളിൽ സേന പോസ്റ്റുകൾ സ്ഥാപിക്കും. 24 മണിക്കൂർ പ്രവർത്തിക്കുന്ന ഡ്രോൺ സംവിധാനങ്ങളൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ക്രമസമാധാനം പുനഃസ്ഥാപിക്കപ്പെടുന്നതിനോടൊപ്പം നിയമപരമായ പ്രത്യാഘാതങ്ങളിൽ നിന്ന് ഒഴിവാകാൻ ജനങ്ങൾ തങ്ങളുടെ കൈവശമുള്ള ആയുധങ്ങൾ സ്വമേധയാ സമർപ്പിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി​.മണിപ്പൂരിലെ അനധികൃത ബങ്കറുകൾ തകർക്കും; വിദ്യഭ്യാസ സ്ഥാപനങ്ങൾ ബുധനാഴ്ച തുറക്കും -ബിരേൻ സിങ്

Tags:    
News Summary - All illegal bunkers will be destroy says N Biren Singh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.