'ഭാരത് ജോഡോ യാത്ര'ക്ക് എല്ലാവരുടെയും പിന്തുണ വേണമെന്ന് ആനന്ദ് പട്‌വർദ്ധൻ

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന 'ഭാരത് ജോഡോ യാത്ര'ക്ക് എല്ലാവരും പിന്തുണ നൽകണമെന്ന് സാമൂഹികപ്രവർത്തകനും സംവിധായകനുമായ ആനന്ദ് പട്‌വർദ്ധൻ. സമൂഹമാധ്യമങ്ങളിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ ആഹ്വാനം.

'മോദിയുടെ ഉയർച്ചക്ക് കാരണമായി കോൺഗ്രസിനെ നമ്മളിൽ പലരും കുറ്റപ്പെടുത്തുന്നുണ്ട്. എന്നാൽ, ഭാരത് ജോഡോ യാത്രക്ക് നമ്മളെല്ലാവരും ഉറപ്പായും പിന്തുണ നൽകണമെന്നാണ് ഞാൻ കരുതുന്നത്' -ആനന്ദ് പട്‌വർദ്ധൻ പറഞ്ഞു.

ഭാരത് ജോഡോ യാത്രക്ക് പിന്തുണയുമായി കഴിഞ്ഞ ദിവസം സംവിധായകൻ അടൂര്‍ ഗോപാലകൃഷ്ണനും രംഗത്തെത്തിയിരുന്നു. യാത്ര നയിക്കുന്ന രാഹുല്‍ ഗാന്ധിയെ കേരളാതിർത്തിയിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിക്കണമായിരുന്നുവെന്നും അടൂർ പറഞ്ഞിരുന്നു.

ഭാരത് ജോഡോ യാത്ര ഇന്ന് കേരളത്തിൽ പ്രവേശിച്ചിരിക്കുകയാണ്. കെ.പി.സി.സിയുടെ നേതൃത്വത്തിൽ പാറശ്ശാലയില്‍ രാഹുല്‍ ഗാന്ധിയെയും പദയാത്രികരെയും സ്വീകരിച്ചു.




കേരളത്തില്‍ ഏഴു ജില്ലകളിലൂടെയാണ് യാത്ര കടന്നുപോകുന്നത്. തിരുവനന്തപുരം മുതല്‍ തൃശൂർവരെ ദേശീയപാതവഴിയും തുടര്‍ന്ന് നിലമ്പൂര്‍വരെ സംസ്ഥാന പാത വഴിയുമായിരിക്കും പദയാത്ര. യാത്ര കടന്നുപോകാത്ത ജില്ലകളില്‍നിന്നുമുള്ള പ്രവര്‍ത്തകരുടെയും നേതാക്കളുടെയും പങ്കാളിത്തവും യാത്രയിലുണ്ടാകും. രാവിലെ 7 മുതല്‍ 11 വരെയും വൈകുന്നേരം 4 മുതല്‍ 7 വരെയുമാണ് യാത്രയുടെ സമയക്രമം.

തിരുവനന്തപുരം ജില്ലയില്‍ 11 മുതൽ 14 വരെ പര്യടനം നടത്തി 14ന് ഉച്ചക്ക് കൊല്ലം ജില്ലയില്‍ പ്രവേശിക്കും. 29ന് മലപ്പുറം ജില്ലയിലൂടെ കടന്ന് കേരളത്തിലെ പര്യടനം പൂര്‍ത്തിയാക്കി തമിഴ്‌നാട്ടിലെ ഗൂഡല്ലൂര്‍ വഴി കര്‍ണാടകത്തില്‍ പ്രവേശിക്കും.

Tags:    
News Summary - all of us should support the Bharat Jodo Yatra -Anand Patwardhan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.