ലഖ്നോ: ഉത്തർപ്രദേശിലെ ഗൊരഖ്പൂരിൽ ബിസിനസുകാരന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് ആറു പൊലീസുകാരും അറസ്റ്റിൽ. ശനിയാഴ്ചയാണ് കേസിൽ ഉൾപ്പെട്ട എല്ലാ പൊലീസുകാരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്.
കാൺപൂർ ആസ്ഥാനമായ ബിസിനസുകാരൻ മനീഷ് ഗുപ്തയെയാണ് ഹോട്ടൽ മുറിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മനീഷ് ഗുപ്തയും സുഹൃത്തുക്കളും ഹോട്ടൽ മുറിയിൽ കഴിയവേ പൊലീസെത്തി ചോദ്യം ചെയ്യുന്നതിനിടെയായിരുന്നു കൊലപാതകം.
കൊലപാതകത്തിന് പിന്നിൽ മുതിർന്ന പൊലീസുകാർ ഉൾപ്പെടെ ആറുപേരാണെന്ന് കുടുംബം ആരോപിച്ചിരുന്നു. കൂടാതെ മനീഷിനൊപ്പമുണ്ടായിരുന്ന സുഹൃത്തുക്കളും പൊലീസിനെതിരെ മൊഴി നൽകിയിരുന്നു.
സംസ്ഥാനത്ത് യോഗി ആദിത്യനാഥ് സർക്കാറിനും പൊലീസിനും രൂക്ഷ വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടിവന്ന സംഭവമായിരുന്നു ബിസിനസുകാരന്‍റെ കൊലപാതകം.
36കാരനായ മനീഷ് ഗുപ്തയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ശരീരത്തിൽ പരിക്കേറ്റതിന്‍റെ പാടുകളുണ്ടായിരുന്നു. തലയുടെ നടുവിൽ വീക്കം, കൈമുട്ടിലും ചുണ്ടിനുമുകളിലുമെല്ലാം മുറിവുകളുണ്ടായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ആറു പൊലീസുകാരെ യു.പി സർക്കാർ സസ്പെൻഡ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.