ചെന്നൈ: പാവപ്പെട്ടവരുടെയും തൊഴിലാളികളുടെയും പ്രതിനിധികൾ എന്ന പരമ്പരാഗത ഇടതുപക്ഷ പ്രചാരണ വാചകത്തോട് തീർത്തും നീതിപുലർത്തുന്നതാണ് തമിഴ്നാട്ടിൽ സി.പി.എമ്മിെൻറയും സി.പി.െഎയുടെയും സ്ഥാനാർഥി പട്ടിക. സാമ്പത്തികമായി ഏറെ പിന്നാക്കം നിൽക്കുന്ന ഇവർ മത്സരിക്കുന്നത് അതിസമ്പന്നരായ ബി.ജെ.പി-അണ്ണാ ഡി.എം.കെ സ്ഥാനാർഥികളോടാണ്. തെരഞ്ഞെടുപ്പ് ചെലവിന് ആശ്രയം പാർട്ടിയും മുന്നണിയും മാത്രം.
ഡി.എം.കെ സഖ്യത്തിലെ ഘടകകക്ഷികളായ സി.പി.എമ്മും സി.പി.െഎയും ആറു സീറ്റുകളിൽ വീതമാണ് മത്സരിക്കുന്നത്. മുൻകാലങ്ങളെ അപേക്ഷിച്ച് ഇക്കുറി സീറ്റ് കുറവാണ്. കോൺഗ്രസും മുസ്ലിം ലീഗും ഇതേ സഖ്യത്തിലുണ്ട്. മധുര ജില്ലയിലെ തിരുപ്പറകുൺറം മണ്ഡലത്തിൽ ജനവിധി തേടുന്ന സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എസ്.കെ. പൊന്നുത്തായിയും (45) ഭർത്താവ് കരുണാനിധിയും ഒാേട്ടാ ഡ്രൈവർമാരാണ്. അണ്ണാ ഡി.എം.കെയിലെ സിറ്റിങ് എം.എൽ.എയും മുൻ മേയറുമായ രാജൻ ചെല്ലപ്പയാണ് എതിരാളി.
ശ്രദ്ധേയ മത്സരം നടക്കുന്ന മണ്ഡലങ്ങളിലൊന്നായ കോവിൽപട്ടിയിൽ സി.പി.എമ്മിലെ കെ. ശ്രീനിവാസെൻറ എതിരാളികൾ അമ്മ മക്കൾ മുന്നേറ്റ കഴകത്തിെൻറ ടി.ടി.വി. ദിനകരനും അണ്ണാ ഡി.എം.കെ മന്ത്രി കടമ്പൂർ രാജുവുമാണ്. പുതുക്കോട്ട ജില്ലയിലെ ഗന്ധർവക്കോട്ട മണ്ഡലത്തിൽ സി.പി.എം സ്ഥാനാർഥിയായ എം. ചിന്നദുരൈ കർഷക തൊഴിലാളി സംഘം സംസ്ഥാന സെക്രട്ടറിയാണ്.
ധർമപുരി ജില്ലയിലെ അരൂരിൽ ജനവിധി തേടുന്ന സി.പി.എമ്മിലെ എ. കുമാറിെൻറ എതിരാളി അണ്ണാ ഡി.എം.കെയിലെ സിറ്റിങ് എം.എൽ.എ സമ്പത്ത്കുമാറാണ്. ദിണ്ഡിഗലിൽ അണ്ണാ ഡി.എം.കെയുടെ മുതിർന്ന നേതാവും മന്ത്രിയുമായ ദിണ്ഡിഗൽ ശ്രീനിവാസനാണ് സി.പി.എമ്മിലെ എം. പാണ്ടിയുടെ എതിരാളി. കോയമ്പത്തൂർ ജില്ലയിലെ തോട്ടം മേഖലയായ വാൾപാറയിൽ സി.പി.െഎയിലെ എം. ആറുമുഖവും അണ്ണാ ഡി.എം.കെയിലെ അമുൽ കന്ദസാമിയും തമ്മിലാണ് പ്രധാന മത്സരം. 2011ൽ ആറുമുഖം ഇവിടെനിന്ന് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. അണ്ണാ ഡി.എം.കെ മന്ത്രി എസ്.പി. വേലുമണിയുമായി അടുപ്പമുള്ള അമുൽ കന്ദസാമി മണ്ഡലത്തിൽ പണമൊഴുക്കുന്നതായാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.