ഏറെ അഭ്യൂഹങ്ങൾക്ക് വിരാമമിട്ടാണ് കോൺഗ്രസ് കിഷോരി ലാൽ മിശ്രയെ അമേത്തിയിലെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനാണ് അമേത്തിയിൽ സ്മൃതി ഇറാനിക്കെതിരെ മത്സരിക്കുന്ന കിഷോരി ലാൽ ശർമ. ആഴ്ചകൾ നീണ്ട സസ്പെൻസിനൊടുവിൽ വെള്ളിയാഴ്ച രാവിലെയാണ് അദ്ദേഹത്തെ പാർട്ടി സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്.
പഞ്ചാബിലെ ലുധിയാന സ്വദേശിയായ കിഷോരി ലാൽ ശർമ നാല് പതിറ്റാണ്ടിലേറെയായി കോൺഗ്രസിനൊപ്പമുണ്ട്. 1983ൽ രാജീവ് ഗാന്ധിക്കൊപ്പം അമേത്തിയിലാണ് അദ്ദേഹം ആദ്യമായി രാഷ്ട്രീയ രംഗത്തേക്ക് ചുവടു വെക്കുന്നത്. 1991ൽ രാജീവ് ഗാന്ധിയുടെ മരണത്തിന് ശേഷം ഗാന്ധി കുടുംബവുമായുള്ള ശർമയുടെ ബന്ധം കൂടുതൽ ദൃഢമായി. അമേത്തി, റായ്ബറേലി മണ്ഡലങ്ങൾ കൈകാര്യം ചെയ്യുന്നതിൽ അദ്ദേഹം പ്രധാനിയായി.
അമേത്തിയിലെയും റായ്ബറേലിയിലെയും സോണിയ ഗാന്ധിയുടെ പ്രചാരണങ്ങളും മറ്റും കൈകാര്യം ചെയ്യാൻ കിഷോരി ലാലിനെ ചുമതലപ്പെടുത്തി. 1999ൽ സോണിയ ഗാന്ധിയുടെ ആദ്യ തിരഞ്ഞെടുപ്പ് വിജയത്തിൽ കിഷോരി ലാൽ ശർമ നിർണായക പങ്ക് വഹിച്ചു.
തന്നെ അമേത്തിയിലെ സ്ഥാനാർഥിയാക്കിയതിന് കിഷോരി ലാൽ മല്ലികാർജുൻ ഖാർഗെക്കും സോണിയ ഗാന്ധിക്കും രാഹുലിനും പ്രിയങ്കക്കും നന്ദി പറഞ്ഞു. നന്നായി പരിശ്രമിക്കും. രാഹുൽ ഗാന്ധി അമേത്തിയിൽ നിന്ന് ഓടിപ്പോയതല്ല. വോട്ടുകളെ കുറിച്ച് ആർക്കും പ്രവചനം നടത്താനാവില്ല.-കിഷോരി ലാൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.