പ്രയാഗ് രാജ്: വാരാണസിയിലെ ഗ്യാൻവാപി മസ്ജിദ് നിലനിൽക്കുന്ന സ്ഥലത്ത് ക്ഷേത്രം പുനർ നിർമിക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹരജിക്കെതിരെ മസ്ജിദ് നിയന്ത്രിക്കുന്ന അൻജുമാൻ ഇൻതിസാമിയ കമ്മിറ്റി നൽകിയ ഹരജിയിൽ വാദം കേൾക്കുന്നത് അലഹബാദ് ഹൈകോടതി മാറ്റിവെച്ചു.
ഹരജി പരിഗണിക്കാനെടുത്തപ്പോൾ കേസിൽ വാദം നീട്ടണമെന്ന് മസ്ജിദ് കമ്മിറ്റിയും എതിർ വിഭാഗവും അപേക്ഷിക്കുകയായിരുന്നു. ഇതേ തുടർന്നാണ് ജസ്റ്റിസ് രോഹിത് രഞ്ജൻ അഗർവാൾ വാദം കേൾക്കുന്നത് ഡിസംബർ അഞ്ചിലേക്ക് മാറ്റിയത്.
മസ്ജിദിന്റെ സ്ഥലത്ത് േക്ഷത്രം പുനർ നിർമിക്കണമെന്ന ആവശ്യത്തെ ചോദ്യംചെയ്യുന്നതിനൊപ്പം പള്ളിയിൽ സമഗ്ര സർവേ നടത്താൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയോട് (എ.എസ്.ഐ) നിർദേശിക്കുന്ന വാരാണസി കോടതിയുടെ 2021 ഏപ്രിലിലെ ഉത്തരവിനെയും ഹരജിയിൽ എതിർക്കുന്നതായി അൻജുമാൻ ഇൻതിസാമിയ കമ്മിറ്റി അഭിഭാഷകൻ എസ്.എഫ്.എ. നഖ്വി പറഞ്ഞു.
കേസ് 2023 ആഗസ്റ്റ് 28ന് സിംഗ്ൾ െബഞ്ചിൽനിന്ന് ചീഫ് ജസ്റ്റിസ് പ്രതിൻകർ ദിവാകർ തന്റെ ബെഞ്ചിലേക്ക് മാറ്റിയിരുന്നു. എന്നാൽ, ചീഫ് ജസ്റ്റിസ് നവംബർ 22ന് വിരമിച്ചതോടെയാണ് കേസ് ജസ്റ്റിസ് അഗർവാളിന്റെ ബെഞ്ചിൽ എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.