അലഹബാദ്: കോവിഡ് മഹാമാരി കൈകാര്യം ചെയ്യുന്നതിൽ താൻ പിടിച്ച മുയലിന് മൂന്നു കൊമ്പ് എന്ന യു.പി സർക്കാറിെൻറ നിലപാട് മാറ്റണമെന്ന് അലഹബാദ് ഹൈകോടതി. യു.പിയിലെ പ്രധാന ഒമ്പതു നഗരങ്ങളിലെ കോവിഡ് സ്ഥിതി അത്യന്തം കുഴപ്പത്തിലാണ്. കൊറോണ ഭൂതങ്ങൾ നിരത്തിലും തെരുവിലും മാർച്ച് ചെയ്യുകയാണ്. ആരുവേണമെങ്കിലും അതിന് ഇരയായിത്തീരുമെന്ന് കോടതി നിരീക്ഷിച്ചു. എല്ലാ ഭാഗങ്ങളിൽനിന്നുമുള്ള നിർേദശങ്ങൾ സർക്കാർ പരിഗണിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. സർക്കാറിന് ഒറ്റക്ക് ഈ മഹാമാരിയെ നേരിടാനാവില്ല. ജനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണം ഇതിനാവശ്യമാണെന്ന് കോടതി നിരീക്ഷിച്ചു.
കോവിഡ് മഹാമാരി സംബന്ധിച്ച പൊതുതാൽപര്യ ഹരജി പരിഗണിക്കവെയാണ് ജസ്റ്റിസ് സിദ്ധാർഥ വർമ, ജസ്റ്റിസ് അജിത് കുമാർ എന്നിവരടങ്ങിയ ബെഞ്ച് യോഗി സർക്കാറിനെ കടുത്ത ഭാഷയിൽ അപലപിച്ചത്.
ലഖ്നോ, പ്രയാഗ്രാജ്, വാരാണസി, കാൺപൂർ, ആഗ്ര, ഗൊരഖ്പൂർ, ഗാസിയാബാദ്, ഗൗതം ബുദ്ധ്നഗർ, ഝാൻസി എന്നിവിടങ്ങളിൽ സിവിൽ ജഡ്ജിമാരുടെ റാങ്കിലുള്ളവരെ നോഡൽ ഓഫിസർമാരായി നിശ്ചയിക്കാനും ഒാരോ ആഴ്ചയും തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കാനും കോടതി നിർദേശിച്ചു. സംസ്ഥാനത്തെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഡ്യുട്ടിക്ക് നിയോഗിച്ച 135 അധ്യാപകർ കോവിഡ് ബാധിച്ച് മരിക്കാനിടയായ സംഭവത്തിൽ യു.പി തെരഞ്ഞെടുപ്പ് കമീഷനെയും കോടതി വിമർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.