ന്യൂഡൽഹി: ഡോ. കഫീൽ ഖാൻ എന്ന ശിശുരോഗ വിദഗ്ധനെ യോഗി സർക്കാർ വേട്ടയാടാൻ തുടങ്ങിയിട്ട് വർഷം മൂന്ന് പിന്നിട്ടു. ഇതിനിടയിൽ രണ്ടു തവണയായി 16 മാസമാണ് അദ്ദേഹത്തെ കാരാഗൃഹത്തിലടച്ചത്. രണ്ടു തവണയും വൈകിയെത്തിയ നീതിപീഠമാണ് അദ്ദേഹത്തിന് മോചനം നൽകിയത്.
2017ല്‍ യോഗി ആദിത്യനാഥിെൻറ മണ്ഡലമായ ഉത്തര്‍ പ്രദേശ് ഗോരഖ്പൂരിലെ ബി.ആര്‍.ഡി മെഡിക്കല്‍ കോളജിലെ കൂട്ട ശിശുമരണവുവുമായി ബന്ധപ്പെട്ടാണ് കഫീല്‍ ഖാന്‍ ആദ്യമായി വാർത്തകളിൽ നിറഞ്ഞത്. ആഗസ്റ്റ് 10ന് മാത്രം 67 കുട്ടികളാണ് ആശുപത്രിയിലെ ഓക്സിജൻ വിതരണം നിലച്ചതിനെ തുടർന്ന് മരണപ്പെട്ടത്. ഓക്സിജൻ തീരാറായെന്ന വിവരം പലകുറി അധികൃതരെ അറിയിച്ചിട്ടും ആരോഗ്യവകുപ്പ് കേട്ടഭാവം നടിക്കാത്തതാണ് ദുരന്തത്തിന് വഴിയൊരുക്കിയത്.
ഒടുവിൽ ജീവന് വേണ്ടി പിടയുന്ന കുരുന്നുകളെ രക്ഷിക്കാൻ കുട്ടികളുടെ ഡോക്ടറായ ഇദ്ദേഹം, സ്വന്തം പണം മുടക്കി ഓക്‌സിജന്‍ സിലിണ്ടറുകള്‍ ആശുപത്രിയിലെത്തിച്ചു. ഓക്സിജൻ തീരുമെന്ന കാര്യം ദിവസങ്ങൾക്ക് മുേമ്പ അധികൃതരെ അറിയിച്ചിട്ടും അവഗണിച്ചതാണ് കൂട്ടമരണത്തിനിടയാക്കിയതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ഇതിൽ കലിപൂണ്ട യോഗി ഭരണകൂടം അന്ന് തുടങ്ങിയതാണ് ഇദ്ദേഹത്തെ വേട്ടയാടൽ.
കുരുന്നുജീവനുകൾ രക്ഷിക്കാൻ ഊണും ഉറക്കവുമൊഴിഞ്ഞ് യത്നിച്ച ഡോക്ടറെ തന്നെ യോഗി ഭരണകൂടം കൂട്ട മരണത്തിനുത്തരവാദിയാക്കി. ആഗസ്റ്റ് 13ന് ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. സംസ്ഥാന ആരോഗ്യ വകുപ്പ് ഡയറക്ടർ കെ.കെ. ഗുപ്ത നൽകിയ പരാതി പ്രകാരം അദ്ദേഹത്തിനെതിരെ കള്ളക്കേസ് ചുമത്തി. ഐ.പി.സി 409, 308, 120 ബി, 420 വകുപ്പുകളും അഴിമതി നിരോധന നിയമം, ഇന്ത്യൻ മെഡിക്കൽ കൗൺസിൽ ആക്റ്റ് സെക്ഷൻ 15 എന്നിവ പ്രകാരമായിരുന്നുകേസ്. സെപ്റ്റംബർ രണ്ടിന് ഖാൻ അറസ്റ്റിലായി. ഒമ്പതു മാസമാണ് അദ്ദേഹത്തെ തടവിലിട്ടത്.
ഒടുവിൽ, സംഭവത്തെ കുറിച്ച് അന്വേഷിച്ച ഡോക്ടർമാരടങ്ങിയ അന്വേഷണ കമീഷൻ കഫീൽ ഖാന് ക്ലീൻ ചിറ്റ് നൽകി. തുടർന്ന് കോടതി കുറ്റവിമുക്തനാക്കുകയായിരുന്നു. ജയിൽമോചിതനായ ശേഷം കേരളത്തിലടക്കം സ്വീകരണമേറ്റുവാങ്ങിയ ഇദ്ദേഹം മനുഷ്യാവകാശ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു.
ഇതിനിടെയാണ് യോഗി സർക്കാർ പൗരത്വ പ്രക്ഷോഭത്തിെൻറ പേരിൽ വീണ്ടും ജയിലിലടച്ചത്. പൗരത്വ നിയമ ഭേദഗതിക്കെതിരേ 2019ൽ അലിഗഡ് മുസ്‌ലിം സര്‍വകലാശാലയില്‍ പ്രസംഗിച്ചതിെൻറ പേരിലായിരുന്നു തടങ്കൽ. ദേശദ്രോഹ പ്രസംഗമാണ് നടത്തിയതെന്നായിരുന്നു ആരോപണം. എന്നാൽ, ഈ ആരോപണത്തെ ഇന്ന് അലഹബാദ് ഹൈകോടതി അതിരൂക്ഷമായി വിമർശിച്ചിരുന്നു.
രാജ്യത്തെ പൗരന്മാരോട് െഎക്യത്തിൽ കഴിയാനും അക്രമം നിരാകരിക്കാനും ആവശ്യപ്പെടുന്നതാണ് ഡോ. കഫീൽ ഖാൻ അലിഗഡിൽ നടത്തിയ പ്രസംഗമെന്നാണ് അദ്ദേഹത്തെ മോചിപ്പിക്കാനുള്ള ഉത്തരവിൽ അലഹബാദ് ഹൈകോടതി വ്യക്തമാക്കിയത്. ദേശ സുരക്ഷ നിയമം (എൻ.എസ്.എ) ചുമത്തിയത് ശരിവെച്ച ജില്ലാ മജിസ്‌ട്രേറ്റ്, കഫീലിെൻറ പ്രസംഗത്തിെൻറ യഥാർഥ ഉദ്ദേശ്യം മനസ്സിലാക്കാതെ ചില വാക്യങ്ങൾ മാത്രം മുറിച്ചെടുത്താണ് പരിഗണിച്ചതെന്ന് തോന്നുന്നുവെന്നും ചീഫ് ജസ്റ്റിസ് ഗോവിന്ദ് മാത്തൂറും ജസ്റ്റിസ് സൗമിത്ര ദയാൽ സിങ്ങും അടങ്ങുന്ന ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു.
അലിഗഡ് പ്രസംഗത്തിെൻറ പേരിൽ 2020 ജനുവരി 29ന് മുംബൈയിൽ വെച്ചാണ് ഉത്തർപ്രദേശ് പ്രത്യേക ദൗത്യസംഘം ഇദ്ദേഹത്തെ പിടികൂടിയത്. കേസില്‍ അലഹബാദ് ഹൈകോടതി ജാമ്യം അനുവദിച്ചെങ്കിലും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നിയമവിരുദ്ധമായി കസ്റ്റഡി തുടരുകയും ദേശ സുരക്ഷാ നിയമം ചുമത്തുകയുമായിരുന്നു. മേയ് 12ന് അലിഗഢ് ജില്ലാ ഭരണകൂടം ഡോ. കഫീല്‍ ഖാെൻറ തടവ് ആഗസ്റ്റ് വരെ നീട്ടി. കോവിഡ് പശ്ചാത്തലത്തിൽ ജയിലുകളിലെ തിരക്ക് കുറയ്ക്കാൻ തടവുകാരെ വിട്ടയക്കണമെന്ന സുപ്രിംകോടതി ഉത്തരവും ഇദ്ദേഹത്തിെൻറ കാര്യത്തിൽ നടപ്പാക്കിയില്ല.
ജയിലില്‍ അഞ്ചുമാസം പിന്നിട്ടപ്പോൾ ഡോ. കഫീല്‍ ഖാന്‍ ജയിലിലെ ദുരവസ്ഥ പങ്കുവെച്ച് സമൂഹത്തിന് തുറന്ന കത്തയച്ചിരുന്നു. 534 തടവുകാരെ മാത്രം ഉള്‍ക്കൊള്ളാന്‍ കഴിയുന്ന മഥുര ജയിലില്‍ ഇപ്പോഴുള്ളത് 1600 തടവുകാരാണെന്നും സ്ഥിതി ഗുരുതരമാണെന്നും അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.
''എന്തിനാണ് എന്നെ ശിക്ഷിക്കുന്നതെന്ന് എനിക്കറിയില്ല. ഒരു ഡോക്ടര്‍ എന്ന നിലയില്‍ എനിക്ക് ഇനി പ്രവര്‍ത്തിക്കാന്‍ കഴിയുമോ?. എെൻറ മക്കളെയും ഭാര്യയെയും അമ്മയെയും സഹോദരങ്ങളെയും എപ്പോള്‍ കാണാനാകുമെന്നും അറിയില്ല. തിങ്ങിനിറഞ്ഞ ബാരക്കില്‍ എപ്പോഴും വിയര്പ്പിെൻറയും മൂത്രത്തിെൻറയും ഗന്ധം നിറഞ്ഞുനില്‍ക്കും. ലൈറ്റുകള്‍ അണഞ്ഞാൽ ഉറങ്ങാന്‍ ശ്രമിക്കും. രാവിലെ അഞ്ചു മണിയാകുന്നത് വരെ കാത്തിരിക്കും. ഞാന്‍ എന്തു കുറ്റത്തിെൻറ പേരിലാണ് ശിക്ഷയനുഭവിക്കുന്നത്?'' എന്നും ജയിലിൽ നിന്ന് എഴുതിയ കത്തിൽ ഡോ. കഫീല്‍ ഖാന്‍ പറഞ്ഞു. ഡോക്ടറുടെ സഹോദരന്‍ അദീല്‍ ഖാനാണ് ഈ എഴുത്ത് പുറത്തുവിട്ടത്.
കഫീൽ നിരവധി തവണ ജാമ്യാപേക്ഷ നൽകിയെങ്കിലും പല കാരണങ്ങൾ പറഞ്ഞ് നീട്ടിവെക്കുകയായിരുന്നു. ഇദ്ദേഹത്തിന്‍റെ കേസ് കേൾക്കേണ്ട ബെഞ്ചിൽ നിന്ന് ജഡ്ജിമാർ പിന്മാറുന്നതും പതിവായി. ഒടുവിൽ മകെൻറ മോചനമാവശ്യപ്പെട്ട് മാതാവ് നുസ്ഹത്ത് പർവീൻ ഹേബിയസ് കോർപസ് ഹരജിയുമായി സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. തുടർന്ന് സുപ്രീംകോടതി ഹൈകോടതിയെ സമീപിക്കാൻ നിർദ്ദേശിക്കുകയായിരുന്നു. അലഹബാദ് ഹൈകോടതി ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് ഏഴുമാസമായി തടങ്കലിൽ കഴിയുന്ന അദ്ദേഹത്തെ മോചിപ്പിക്കാൻ ഉത്തരവിട്ടത്. നീതിന്യായ വ്യവസ്ഥയെ അപഹസിക്കുന്ന യോഗി ഭരണകൂടം, ഇനി എന്ത് കുരുക്കാണ് അദ്ദേഹത്തിന് ഒരുക്കിവെച്ചിരിക്കുന്നതെന്ന് കാത്തിരുന്ന് കാണേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.