കോവിഡ് വ്യാപന ഭീഷണി നിലനിൽക്കുേമ്പാൾ തെരഞ്ഞെടുപ്പുകൾക്ക് അനുമതി നൽകിയത് വൻ വീഴ്ചയെന്ന് അലഹബാദ് ഹൈകോടതി. കോവിഡിന്‍റെ ദുരന്ത സാധ്യത തിരിച്ചറിയുന്നതിൽ സർക്കാറും തെരഞ്ഞെടുപ്പ് കമീഷനുകളും ഉന്നത കോടതികളും പരാജയപ്പെട്ടു. കോവിഡിന്‍റെ രണ്ടാം വ്യാപനത്തിൽ ചികിത്സാ സൗകര്യങ്ങൾ ഒരുക്കാനാകാതെ ഉത്തർ പ്രദേശടക്കമുള്ള സംസ്ഥാനങ്ങൾ ദുരിതം നേരിടുന്നതിനിടക്കാണ് ഹൈകോടതിയുടെ വിമർശനം.
ചില സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളും ഉത്തർപ്രദേശിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പും അനുവദിക്കുേമ്പാൾ കോവിഡ് വ്യാപന സാധ്യത മുൻകൂട്ടി കാണാൻ അധികൃതർക്കായില്ലെന്നാണ് കോടതിയുടെ നിരീക്ഷണം. വിശ്വാസവഞ്ചന കേസിൽ ഒരാൾ സമർപ്പിച്ച മുൻകുർ ജാമ്യാപേക്ഷ പരിഗണിക്കുേമ്പാഴാണ് കോടതി വിമർശനമുന്നയിച്ചത്. അറസ്റ്റിലാകുന്നയാൾക്ക് കോവിഡ് ബാധിക്കാനും ജീവൻ നഷ്ടപ്പെടാനുമുള്ള നിരവധി സാധ്യതകൾ ഉള്ളതിനാൽ ഹരജിക്കാരന് കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു.
കോവിഡിന്‍റെ ആദ്യ തരംഗത്തിൽ ഗ്രാമപ്രദേശങ്ങിൽ രോഗവ്യാപനം ഉണ്ടായിരുന്നില്ലെങ്കിലും രണ്ടാം തരംഗത്തിൽ സ്ഥിതിയാകെ മാറി ഗ്രാമങ്ങളും കോവിഡിന്‍റെ പിടിയിലായെന്ന് കോടതി ചൂണ്ടികാട്ടി.
യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത് മലയാളി മാധ്യമ പ്രവർത്തകൻ സിദ്ധീഖ് കാപ്പന് ചികിത്സ നൽകണമെന്ന് ആവശ്യപ്പെട്ടുള്ള ഉത്തരവിൽ സുപ്രീം കോടതി നടത്തിയ നിരീക്ഷണം ഉദ്ധരിച്ചാണ് ഹരജിക്കാരന് ഹൈകോടതി ജാമ്യം നൽകിയത്. പൗരന്‍റെ ജീവിക്കാനുള്ള അവകാശം ഉപാധികളില്ലാതെ അനുവദിക്കപ്പെടേണ്ടതാണെന്ന സുപ്രീം കോടതിയുടെ നിരീക്ഷണമാണ് ഹൈകോടതി ഉദ്ധരിച്ചത്.
അറസ്റ്റിലായാൽ കോവിഡ് ബാധിക്കാനും ജീവൻ നഷ്ടപ്പെടാനും സാധ്യത ഉള്ളതിനാൽ 2022 ജനുവരി വരെ ഹരജിക്കാരന് ജാമ്യം അനുവദിക്കുന്നുവെന്നാണ് അലഹാബാദ് ഹൈകോടതി ഉത്തരവിട്ടത്. ഹരജിക്കാരൻ ജീവിച്ചിരുന്നാൽ മാത്രമാണ് നിയമനടപടി പൂർത്തിയാക്കാനും പരാതിക്കാരന് നീതി ലഭ്യമാക്കാനുമാകുക എന്നും കോടതി നിരീക്ഷിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.