അലഹബാദ്: പശുക്കള്‍ സംരക്ഷിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യണമെന്ന് അലഹബാദ് ഹൈകോടതി.രാജ്യത്ത് ഗോഹത്യ നിരോധിക്കാന്‍ കേന്ദ്രം ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് കരുതുന്നതായും പശുക്കളെ സംരക്ഷിത ദേശീയ മൃഗമാക്കണമെന്നും ജസ്റ്റിസ് ഷമിം അഹമ്മദിന്റെ ബെഞ്ച് ആവശ്യപ്പെട്ടു. ക്രിമിനല്‍ കേസ് റദ്ദാക്കണമെന്ന് ആശ്യപ്പെട്ട് മുഹമ്മദ് അബ്ദുള്‍ ഖാലിക് എന്നയാൾ സമര്‍പ്പിച്ച ഹരജി തള്ളിക്കൊണ്ടാണ് കോടതിയുടെ നിരീക്ഷണങ്ങള്‍.
'ഹിന്ദുമതത്തില്‍ മൃഗങ്ങളില്‍ പശു ഏറ്റവും വിശുദ്ധമാണ്. പശുവിനെ ആദരിക്കുന്ന രീതിക്ക് വേദകാലഘട്ടത്തോളം പഴക്കമുണ്ട്. ഹിന്ദുമത വിശ്വാസപ്രകാരം മതപുരോഹിതരേയും പശുക്കളേയും ബ്രഹ്മാവ് ഒരേസമയമാണ് സൃഷ്ടിക്കുന്നത്. പുരോഹിതര്‍ മന്ത്രങ്ങൾ ഉച്ചരിക്കുന്ന അതേസമയത്ത് പൂജകള്‍ക്ക് ആവശ്യമായ നെയ്യ് നല്‍കാന്‍ പശുക്കള്‍ക്ക് കഴിയുന്നു. ഇതിനാണ് രണ്ടുപേരേയും ഒരേസമയം സൃഷ്ടിച്ചത്. പശുവിന്റെ കാലുകള്‍ നാല് വേദങ്ങളെ സൂചിപ്പിക്കുന്നു. നാല് പുരുഷാര്‍ഥങ്ങളാണ് അവയുടെ പാലിന്റെ ഉറവിടം. കൊമ്പുകള്‍ ദൈവങ്ങളെ സൂചിപ്പിക്കുന്നു. മുഖം ചന്ദ്രനേയും സൂര്യനേയും ചുമലുകള്‍ അഗ്നിയേയും പ്രതീകവത്കരിക്കുന്നു'- ജസ്റ്റിസ് ഷമിം അഹമ്മദ് നിരീക്ഷിച്ചു.
ഇന്ത്യ മതേതര രാജ്യമായതിനാല്‍ എല്ലാ മതങ്ങളേയും ബഹുമാനിക്കണം. ഹിന്ദുമതത്തില്‍ പശു പ്രകൃതിയുടെ ദാനശീലത്തേയും ദൈവികതയേയും പ്രതിനിധാനം ചെയ്യുന്നു. പശുവിനെ കൊല്ലുകയോ അതിന് അനുവദിക്കുകയോ ചെയ്യുന്നവര്‍ നരകത്തില്‍ ചീഞ്ഞഴുകുമെന്നാണ് കരുതപ്പെടുന്നത്. ഹിന്ദുദൈവങ്ങളായ ശിവനും ഇന്ദ്രനും കൃഷ്ണനും മറ്റു ദേവതകളുമായും പശു ബന്ധപ്പെട്ടിരിക്കുന്നുവെന്നും കാമധേനു എന്നറിയപ്പെടുന്ന പശു എല്ലാ ആഗ്രഹങ്ങളും സഫലമാക്കുന്നുനവെന്നും കോടതി പറയുന്നു.
സി.ആർ.പി.സി. വകുപ്പ് 482 പ്രകാരം തനിക്കെതിരായ കേസ് തള്ളണമെന്നായിരുന്നു മുഹമ്മദ് അബ്ദുള്‍ ഖാലികിന്‍റെ ആവശ്യം. എന്നാൽ ഹരജി തള്ളിയ ഹൈകോടതി ഉത്തര്‍പ്രദേശ് ഗോഹത്യാനിരോധന നിയമം 1995ലെ, സെക്ഷന്‍ 3/5/8 പ്രകാരം ഇയാള്‍ക്കെതിരെയുള്ള കേസ് നിലനില്‍ക്കുമെന്ന് നിരീക്ഷിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.