(Express Photo)

310 അടിയിലെ കൂരിരുട്ടിൽ കൈ ഒരു ശരീരത്തിൽ തട്ടി... -ഞെട്ടിക്കുന്ന അനുഭവം പങ്കുവെച്ച് ഡൈവിങ് സംഘം

ദിസ്പൂർ: അസമിലെ ദിമാ ഹസാവോ ജില്ലയിലെ അനധികൃത കൽക്കരി ഖനിയിൽ കുടുങ്ങിയ തൊഴിലാളികൾക്കായുള്ള രക്ഷാപ്രവർത്തനം നാലാം ദിവസവും തുടരുകയാണ്. ഒരു ഖനിത്തൊഴിലാളിയുടെ മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു. നേപ്പാൾ സ്വദേശിയായ ​ഗം​ഗാ ബഹാദൂർ ശ്രേഷ്ഠോ എന്ന യുവാവാണിതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഖനിയിലിറങ്ങിയ വിദഗ്ധ പരിശീലനം നേടിയ ഡൈവിങ് സംഘം ഞെട്ടിക്കുന്ന അനുഭവമാണ് പങ്കുവെച്ചത്.

ഒന്നും കാണാൻ കഴിയില്ല. ഖനിയുടെ ബ്ലൂപ്രിന്‍റോ സ്കെച്ചോ ലഭ്യമല്ല. കുഴി കൂണാകൃതിയിലുള്ളതാണ്. താഴേക്ക് പോകുംതോറും ഇടുങ്ങിയതാണ്. ചൊവ്വാഴ്ച മുങ്ങൽ വിദഗ്ധർ കുഴിയുടെ അടിഭാഗത്ത് പകുതിയോളം ഭാഗത്ത് തിരച്ചിൽ നടത്തിയിരുന്നു. ബാക്കി ഭാഗത്താണ് ബുധനാഴ്ച തിരച്ചിൽ നടത്തിയത്. ആദ്യ ഡൈവിൽ തന്നെ കൈ ഒരു ശരീത്തിൽ തട്ടിയതായി തോന്നി. പ്രധാന കുഴിയിലായതിനാലാണ് മൃതദേഹം കണ്ടെത്താനായത്. കുഴിയുടെ താഴെ ഭാഗത്ത് നിരവധി തുരങ്കങ്ങൾ അല്ലെങ്കിൽ എലിക്കുഴികൾ വിവിധ ദിശകളിലേക്ക് നീണ്ടുപോകുകയാണ്. തുരങ്കങ്ങളിലേക്ക് കടക്കാൻ കഴിയില്ല. എത്ര തുരങ്കങ്ങൾ പ്രധാന കുഴിയിൽ നിന്ന് പുറത്തേക്ക് ഒഴുകുന്നുവെന്ന് അറിയില്ല -സ്പെഷ്യൽ ഫോഴ്സിലെ ഒരു അംഗം വിവരിക്കുന്നു.

അസം - മേഘാലയ അതിർത്തിയിലെ ഉംറാങ്സോയിൽ പ്രവർത്തിക്കുന്ന അനധികൃത കൽക്കരി ഖനിയിൽ തിങ്കളാഴ്ചയാണ് ഒമ്പത് കൗമാരക്കാരായ തൊഴിലാളികൾ കുടുങ്ങിയത്. തിങ്കളാഴ്ച രാവിലെ ഖനിയിൽ വെള്ളം കയറിയതിനെ തുടർന്നാണ് തൊഴിലാളികൾ കുടുങ്ങിയത്. 310 അടി താഴ്ചയുള്ള റാറ്റ്-ഹോൾ ഖനിയാണിത്. ഏകദേശം 100 അടി വെള്ളമുണ്ട്. അകത്ത് തീരെ പ്രകാശമില്ലെന്നതും അനധികൃത ഖനിയായതിനാൽ ബ്ലൂ പ്രിന്‍റൊന്നും ലഭ്യമല്ല എന്നതുമാണ് രക്ഷാപ്രവർത്തകർ നേരിടുന്ന പ്രധാന വെല്ലുവിളി.

ഇന്ത്യൻ സൈന്യം, നാവികസേന, നാഷണൽ ഡിസാസ്റ്റർ റെസ്‌പോൺസ് ഫോഴ്‌സ്, സ്റ്റേറ്റ് ഡിസാസ്റ്റർ റെസ്‌പോൺസ് ഫോഴ്‌സ്, സ്‌പെഷ്യൽ ഫോഴ്‌സ് എന്നിവരുടെ വിദഗ്ധ സംഘങ്ങളെല്ലാം സ്ഥലത്തുണ്ട്. ആറു തവണയായി നടത്തിയ നീണ്ട പരിശ്രമത്തിനുശേഷമാണ് ഇന്നലെ ഒരു തൊഴിലാളിയുടെ മൃതദേഹം ഇവർക്ക് കണ്ടെത്താനായത്.

ഇന്നും രക്ഷാപ്രവർത്തനം തുടരുകയാണ്. 200ഓളം ഉദ്യോഗസ്ഥർ 24 മണിക്കൂറും ഇവിടെ തമ്പടിച്ചിരിക്കുകയാണ്. ഉയർന്ന പരിശീലനം ലഭിച്ച ഡൈവിങ് സംഘമാണ് രക്ഷാപ്രവർത്തനത്തിനിറങ്ങുന്നത്. പ്രദേശത്ത് മഴ കാരണം ഖനിക്കുള്ളിലേക്ക് വെള്ളം ശക്തമായി ഒഴുകിയെത്തുന്നുണ്ട്.

Tags:    
News Summary - Assam rat hole mine accident rescue operation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.