ലഖ്നോ: മരിച്ച നിലയിൽ കണ്ടെത്തിയ സന്യാസി സംഘടനയായ അഖില ഭാരതീയ അഖാഡ പരിഷത് അധ്യക്ഷൻ മഹന്ത് നരേന്ദ്ര ഗിരി എഴുതിയെതന്ന് കരുതുന്ന ആത്മഹത്യ കുറിപ്പ് പൊലീസ് കണ്ടെടുത്തു. നരേന്ദ്ര ഗിരിയുടെ പ്രധാന ശിഷ്യനായ ആനന്ദ് ഗിരിയും മറ്റ് രണ്ടുപേരുമാണ് തന്‍റെ ആത്മഹത്യക്ക് കാരണമെന്ന് കുറിപ്പിൽ പറയുന്നതായി പ്രയാഗ്രാജ് പൊലീസ് പറഞ്ഞു. ആത്മഹത്യ കുറിപ്പിൽ നേരന്ദ്ര ഗിരി പേര് പരാമർശിച്ചിരിക്കുന്ന മൂന്നുപേരെയും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഒരു സ്ത്രീക്കൊപ്പമുള്ള തന്‍റെ ചിത്രം ആനന്ദ് ഗിരി കമ്പ്യൂട്ടറിന്‍റെ സഹായത്താൽ സൃഷ്ടിച്ചെന്നും തന്നെ അപകീർത്തിപ്പെടുത്താൻ അത് പ്രചരിപ്പിക്കുമെന്നുമാണ് നരേന്ദ്ര ഗിരി കുറിപ്പിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. അഖില ഭാരതീയ അഖാഡ പരിഷത്തിന്‍റെ ലെറ്റർഹെഡിൽ കൈ കൊണ്ട് എഴുതിയ ആത്മഹത്യ കുറിപ്പാണ് പൊലീസ് കണ്ടെത്തിയത്.
'ആനന്ദ് ഗിരി കാരണം എന്‍റെ മനസ്സ് ഏറെ അസ്വസ്ഥമാണ്. 2021 സെപ്റ്റംബർ 13ന് ഞാൻ ജീവനൊടുക്കാൻ തീരുമാനിച്ചിരുന്നു. പക്ഷേ, അതിനുള്ള ധൈര്യം കിട്ടിയില്ല. ഇന്ന് എനിക്ക് ഒരു വിവരം കിട്ടി, ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ ഒരു സ്ത്രീക്കൊപ്പമുള്ള എന്‍റെ േഫാട്ടോ കമ്പ്യൂട്ടർ സഹായത്തോടെ ആനന്ദ് ഗിരി സൃഷ്ടിക്കുമെന്നും എന്നെ അപകീർത്തിപ്പെടുത്താൻ അത് പ്രചരിപ്പിക്കുമെന്നും. എന്‍റെ ഭാഗം ന്യായീകരിക്കാൻ എനിക്ക് കഴീയും പക്ഷേ, അതുണ്ടാക്കുന്ന അപമാനം ഞാനെങ്ങിനെ സഹിക്കും? ഇത്രകാലം അന്തസ്സോടെയാണ് ജീവിച്ചത്. അപമാനിതനായി ജീവിക്കാൻ എനിക്ക് കഴിയില്ല. ഫോട്ടോ വൈറലായി കഴിഞ്ഞാൽ എന്തൊക്കെ വിശദീകരണങ്ങളാണ് നിങ്ങൾക്ക് നൽകാൻ കഴിയുക എന്ന് ആനന്ദ് ഗിരി ചോദിച്ചിരുന്നു. ഇതെന്നെ അസ്വസ്ഥനാക്കുകയാണ്. അതുകൊണ്ട് ഞാൻ ജീവനൊടുക്കാൻ തീരുമാനിച്ചു'- ആത്മഹത്യ കുറിപ്പിൽ നരേന്ദ്ര ഗിരി എഴുതിയിരിക്കുന്നു.
ആനന്ദ് ഗിരിക്ക് പുറമേ ആധ്യ തിവാരി, മകൻ സന്ദീപ് തിവാരി എന്നിവരുടെ പേരുകളും അദ്ദേഹം പരാമർശിച്ചിട്ടുണ്ട്. 'ഇവർ മൂന്നുപേരുമാണ് എന്‍റെ മരണത്തിന് കാരണക്കാർ. ഇവർക്കെതിെര നടപടിയെടുക്കണമെന്ന് പ്രയാഗ്രാജ് പൊലീസിനോട് ഞാൻ അഭ്യർഥിക്കുന്നു. ഇവർ ശിക്ഷിക്കപ്പെട്ടാലേ എന്‍റെ ആത്മാവിന് ശാന്തി ലഭിക്കൂ'- കുറിപ്പിൽ പറയുന്നു. ഇതുപ്രകാരമാണ് മൂന്നുപേരെയും പ്രയാഗ്രാജ് പൊലീസ് കസ്റ്റഡിയിലെടുത്തത്. തിങ്കളാഴ്ച വൈകീട്ടാണ് നരേന്ദ്ര ഗിരിയ ആശ്രമത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സാധാരണയായി നടന്നുവരാറുള്ള പ്രഭാഷണത്തിന് നരേന്ദ്ര ഗിരി എത്താതിനാൽ അന്വേഷിച്ചെത്തിയ ശിഷ്യർ മുറിയുടെ വാതിൽ അകത്തുനിന്നും കുറ്റിയിട്ടതാണ് കണ്ടത്.
വാതിൽ പൊളിച്ചു അകത്തുകടന്നപ്പോൾ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സാമ്പത്തിക ക്രമക്കേടുകളടക്കമുള്ള ആരോപണത്തെ തുടർന്ന് മേയിൽ ആശ്രമത്തിൽ നിന്ന് പുറത്താക്കപ്പെട്ടയാളാണ് ആനന്ദ് ഗിരി. യെ നരേന്ദ്ര ഗിരി ആശ്രമത്തിൽ നിന്ന് പുറത്താക്കിയിരുന്നു. പിന്നീട് ഗുരുവും ശിഷ്യനും തമ്മിലുള്ള ബന്ധം വീണ്ടും പുനഃസ്ഥാപിച്ചതായി പറയപ്പെടുന്നു. ആനന്ദ് ഗിരി നരേന്ദ്ര ഗിരിയുടെ കാലിൽ വീണ് ചെയ്ത തെറ്റുകൾക്കെല്ലാം മാപ്പ് നൽകണമെന്ന് അഭ്യർഥിക്കുന്ന ദൃശ്യങ്ങളും പൊലീസിന്‍റെ പക്കലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.