മുംബൈ: മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ സഖ്യമായ മഹാവികാസ് അഘാഡിയെ (എം.വി.എ) അമ്പരിപ്പിച്ച് മഹായുതിയുടെ കുതിപ്പ്. ലോക്സഭ തെരഞ്ഞെടുപ്പിലെ വിജയത്തിന്റെ ആവർത്തനം പ്രതീക്ഷിച്ച എം.വി.എക്ക് കനത്ത പ്രഹരമാണ് ഫലം. ‘ലഡ്കി ബഹൻ’ പദ്ധതി അടക്കം അവസാനഘട്ടത്തിൽ മഹായുതി സർക്കാർ പ്രഖ്യാപിച്ച ജനക്ഷേമ പദ്ധതികൾ തരംഗമായി മാറിയെന്നാണ് നിരീക്ഷണം.
പാവപ്പെട്ട സ്ത്രീകൾക്ക് പ്രതിമാസം 1500 രൂപ നൽകുന്നതാണ് ‘ലഡ്കി ബഹൻ’ പദ്ധതി. അത് കുറിക്കുകൊണ്ടെന്ന് ഫലം സൂചിപ്പിക്കുന്നു. അധികാരത്തിൽ തിരിച്ചെത്തിയാൽ തുക 2100 ആയി ഉയർത്തുമെന്ന് പ്രകടനപത്രികയിൽ വാക്കും നൽകി. മൂന്നു പതിറ്റാണ്ടിന് ശേഷം ഏറ്റവും കൂടിയ പോളിങ്ങാണ് ചൊവ്വാഴ്ച (65ശതമാനം) നടന്നത്. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീ വോട്ടുകളാണ് കൂടുതൽ.
നഗരങ്ങളേക്കാൾ ആദിവാസി മേഖലകൾ ഉൾപ്പെട്ട ഗ്രാമങ്ങളിലാണ് സ്ത്രീ വോട്ട് കൂടിയത്. ഇത് ‘ലഡ്കി ബഹൻ’ പദ്ധതിയുടെ പ്രതിഫലനമാണെന്നാണ് നിരീക്ഷണം. മൂന്ന് മാസമായി തുക സ്ത്രീകൾക്ക് നൽകിവരുന്നു.
സംവരണത്തെച്ചൊല്ലി ഭിന്നിച്ചുനിന്ന ജാതി, സമുദായ വോട്ട് ബാങ്കുകളെ ഹിന്ദുത്വ മുദ്രാവാക്യങ്ങളിലൂടെ സ്വാധീനിക്കാൻ ബി.ജെ.പിക്ക് കഴിഞ്ഞെന്നും കരുതുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘എക് ഹേ തോ സേഫ് ഹേ’ (ഒന്നിച്ചു നിന്നാൽ സുരക്ഷിതർ), യോഗി ആദിത്യനാഥിന്റെ ‘ബാട്ടേൻഗെ തോ കാട്ടേൻഗെ’ (ഭിന്നിച്ചുനിന്നാൽ നിലംപരിശാക്കപ്പെടും) എന്നിവയായിരുന്നു അവ. അജിത് പവാർ പക്ഷ സ്ഥാനാർഥികൾക്കെതിരെ മണ്ഡലത്തിലെ ജാതി സമവാക്യങ്ങൾ നോക്കിയാണ് ശരദ് പവാർ സ്ഥാനാർഥികളെ നിർത്തിയത്. ഇത് പരാജയപ്പെട്ടു. ഒപ്പം മറാത്തകൾ ശക്തമായ മറാത്ത്വാഡ, പശ്ചിമ മഹാരാഷ്ട്ര എന്നിവിടങ്ങളിൽ മഹായുതിക്കാണ് നേട്ടം. ഇത് രണ്ടും ബി.ജെ.പിയുടെ ഹിന്ദുത്വ മുദ്രാവാക്യങ്ങൾ വിജയിച്ചതിന്റെ സൂചനയായി കാണുന്നു.
ബി.ജെ.പിക്കുവേണ്ടി ഇത്തവണ ആർ.എസ്.എസ് തുനിഞ്ഞിറങ്ങിയത് പ്രധാന ഘടകമാണ്. ആർ.എസ്.എസ് സംഘടനകൾ വീടുവീടാന്തരം കയറിയിറങ്ങിയാണ് പ്രചാരണം നടത്തിയത്.
ഗ്രാമങ്ങളിൽ സ്ത്രീ പോളിങ് കൂടിയതും ആദിവാസി, ദലിത് വോട്ടുകൾ മഹായുതിക്ക് അനുകൂലമായതും ആർ.എസ്.എസിന്റെ ശ്രമഫലമായാണെന്ന് പറയപ്പെടുന്നു. ലോക്സഭ തെരഞ്ഞെടുപ്പിൽ ആർ.എസ്.എസിന്റെ പിന്തുണ ബി.ജെ.പിക്കുണ്ടായിരുന്നില്ല. വിദർഭയിൽ അടക്കം ബി.ജെ.പി പിന്നിലാവുകയും ചെയ്തു. സംഘടനയുടെ നൂറാം വാർഷികാഘോഷ സമയത്ത് ബി.ജെ.പി മഹാരാഷ്ട്രയിൽ അധികാരത്തിലുണ്ടാകേണ്ടത് ആർ.എസ്.എസിന്റെ ആവശ്യംകൂടിയാണ്.
ജാതി സെൻസസ്, മൊത്ത സംവരണ പരിധി 50 ശതമാനത്തിൽ നിന്ന് ഉയർത്തും, ഭരണഘടനയുടെ സംരക്ഷണം തുടങ്ങിയവക്കൊപ്പം പാവപ്പെട്ട സ്ത്രീകൾക്ക് പ്രതിമാസം 3000 രൂപ എം.വി.എയും വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ, അത് ഏശിയില്ല. എം.വി.എയിൽ കോൺഗ്രസിനാണ് കനത്ത തിരിച്ചടിയുണ്ടായത്. മുൻ മുഖ്യമന്ത്രി പൃഥ്വിരാജ് ചവാൻ, ബാലസാഹെബ് തോറാട്ട്, യശോമതി ഠാക്കൂർ തുടങ്ങി പ്രമുഖർ പരാജയപ്പെട്ടു. എം.പി.സി.സി അധ്യക്ഷൻ നാന പടോലെ 155 വോട്ടിനാണ് ജയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.