കേന്ദ്രം ആര് ഭരിക്കുന്നുവോ അവർക്കൊപ്പം നിൽക്കുന്നതാണ് ഡൽഹിയുടെ ചരിത്രം. ഇത് 1988 മുതൽ കണ്ടുവരുന്ന പാരമ്പര്യമാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പ്, മോദി മൂന്നാമതും അധികാരത്തിൽ എത്തുമെന്ന പ്രതീതി രാജ്യത്ത് ഉണ്ടായിരുന്നപ്പോൾ ഡൽഹി ബി.ജെ.പിതന്നെ തൂത്തുവാരുമെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ, രാഷ്ട്രീയ സമവാക്യം മാറുകയും ബദ്ധവൈരികളായ ആം ആദ്മി പാർട്ടിയും കോൺഗ്രസും ഒന്നിക്കുകയും ചെയ്തതോടെ ഈസി വാക്കോവർ ഉണ്ടാവില്ലെന്ന് ബി.ജെ.പി തുറന്നുസമ്മതിക്കുന്നു.
2019ൽ ബി.ജെ.പി, കോൺഗ്രസ്, ആം ആദ്മി പാർട്ടി ത്രികോണ മത്സരത്തിൽ ബി.ജെ.പി മുഴുവൻ സീറ്റുകളും തൂത്തുവാരുകയുണ്ടായി. എന്നാൽ, ഇൻഡ്യ മുന്നണിയുടെ ഭാഗമായി ആം ആദ്മി പാർട്ടി നാലു സീറ്റിലും കോൺഗ്രസ് മൂന്നു സീറ്റിലും ഒരുമിച്ച് മത്സരിക്കാൻ തീരുമാനിച്ചതും കെജ്രിവാളിന്റെ അറസ്റ്റിനെ തുടർന്നുണ്ടായ സഹതാപ തരംഗവുമാണ് വീണ്ടും തൂത്തുവാരാമെന്ന ബി.ജെ.പി പ്രതീക്ഷക്ക് മങ്ങലേറ്റത്. തുടക്കത്തിൽ കല്ലുകടിയുണ്ടായിരുന്ന ആം ആദ്മി പാർട്ടി-കോൺഗ്രസ് സഖ്യം കെജ്രിവാളിന്റെ അറസ്റ്റോടെയാണ് കൂടുതൽ ദൃഢമായത്. ഇടക്കാല ജാമ്യം ലഭിച്ച് പുറത്തുവന്ന കെജ്രിവാൾ പ്രചാരണരംഗത്ത് സജീവമായതും മോദിയെ കടന്നാക്രമിച്ചുള്ള പ്രചാരണരീതിയും ഇൻഡ്യ മുന്നണിക്ക് ഏറെ നേട്ടമുണ്ടാക്കി.
പാർട്ടിയിലെ തലമുതിർന്ന നേതാവ് ജെ.പി. അഗർവാൾ മത്സരിക്കുന്ന ചാന്ദ്നി ചൗക്, യുവ നേതാവ് കനയ്യകുമാർ മത്സരിക്കുന്ന നോർത്ത് ഈസ്റ്റ്, ദലിത് നേതാവ് ഉദിത് രാജ് മത്സരിക്കുന്ന നോർത്ത് വെസ്റ്റ് ഡൽഹി എന്നീ മണ്ഡലങ്ങളാണ് കോൺഗ്രസിനുള്ളത്. ഇതിൽ ചാന്ദ്നി ചൗക്കിലും നോർത്ത് ഈസ്റ്റിലും കോൺഗ്രസ് വിജയപ്രതീക്ഷ വെച്ചുപുലർത്തുന്നുണ്ട്. നാലിടത്ത് മത്സരിക്കുന്ന ആം ആദ്മി പാർട്ടിക്ക് ഈസ്റ്റ് ഡൽഹി, സൗത്ത് ഡൽഹി മണ്ഡലങ്ങളിലാണ് വിജയപ്രതീക്ഷ.
ഏഴിൽ ആറു പേരെയും മാറ്റി പുതുമുഖങ്ങളെ പരീക്ഷിക്കുന്ന ബി.ജെ.പിക്ക് മോദി ഫാക്ടറിൽ മുഴുവൻ സീറ്റിലും വിജയിക്കാനാകുമെന്നാണ് പ്രതീക്ഷ. കേന്ദ്ര മന്ത്രിമാരായ ഹർഷ് വർധൻ, മീനാക്ഷി ലേഖി, ഇന്ത്യൻ ക്രിക്കറ്റ് മുൻ താരം ഗൗതം ഗംഭീർ, വർഗീയപ്രസംഗങ്ങളിൽ പേരുകേട്ട രമേശ് ബിധൂരി, പർവേശ് വർമ എന്നിവരെയാണ് മാറ്റിയത്. വീണ്ടും അവസരം ലഭിക്കാതെവന്നതോടെ ഹർഷ് വർധനും ഗൗതം ഗംഭീറും സജീവ രാഷ്ട്രീയത്തിൽനിന്ന് പിൻമാറി. പാർട്ടി പ്രവർത്തകർക്കിടയിൽ സ്വാധീനമുള്ള മറ്റു സിറ്റിങ് എം.പിമാർ സജീവമായി പങ്കെടുത്തിട്ടുമില്ല. ഇത് പാർട്ടിക്ക് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ആം ആദ്മി പാർട്ടി രാജ്യസഭാംഗം സ്വാതി മലിവാൾ മുഖ്യമന്ത്രി കെജ്രിവാളിന്റെ വസതിയിൽവെച്ച് ആക്രമിക്കപ്പെട്ടെന്ന പരാതി ബി.ജെ.പി ആയുധമാക്കുന്നുണ്ടെങ്കിലും വോട്ടർമാരിൽ വിഷയം ചർച്ചയായിട്ടില്ല.
45 ഡിഗ്രി കടന്ന ഡൽഹിയിലെ താപനിലയും തുടർച്ചയായി ഒഴിവും വോട്ടിങ് ഏതുരീതിയിൽ പ്രതിഫലിക്കുമെന്ന ഭയം ബി.ജെ.പിക്കും ഇൻഡ്യ മുന്നണിക്കുമുണ്ട്. വോട്ട് ചെയ്യുന്നതിൽ പിന്നാക്കം നിൽക്കുന്നവരാണെന്ന ആക്ഷേപം ഡൽഹിക്കാർക്ക് നേരത്തേ മുതലുണ്ട്. 2019ൽ 60.5 ശതമാനവും 2014ൽ 65.1 ശതമാനവും മാത്രമാണ് ഡൽഹിയിലെ പോളിങ് നില.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.