1984 ഒക്ടോബർ 31ന് ഇന്ദിര ഗാന്ധി അംഗരക്ഷകരുടെ വെടിയേറ്റ് കൊല്ലപ്പെടുമ്പോൾ എല്ലാ കണ്ണുകളും നീണ്ടു ചെന്നത് 49 കാരനായ പ്രണബ് മുഖർജിയിലായിരുന്നു. ഇന്ദിര ഗാന്ധിയുടെ വലംകൈ. അടിയന്തരാവസ്ഥയിൽ ഇന്ദിരക്കൊപ്പം പാറകണക്കെ ഉറച്ചുനിന്നയാൾ. ഒപ്പം നിന്നവർപോലും പരാജയത്തിെൻറ നാളുകളിൽ ഇന്ദിരയെ തള്ളിപ്പറഞ്ഞപ്പോഴും കൂടെ നിന്നയാൾ.
ഇന്ദിര ഗാന്ധി ലോക്സഭയിൽ കോൺഗ്രസ് പാർലമെൻററി പാർട്ടി നേതാവായിരുന്നപ്പോൾ രാജ്യസഭയിൽ ആ പദവി വഹിച്ചിരുന്നയാൾ. ശരിക്കും കോൺഗ്രസിലെ രണ്ടാമൻ. എന്തുകൊണ്ടും ഇന്ദിരക്കു ശേഷം ഇന്ത്യൻ പ്രധാനമന്ത്രിയാകുമെന്ന് എല്ലാവരും സാധ്യത കൽപിച്ചിരുന്നൊരാൾ. പക്ഷേ, സാധ്യതകളുടെ കലയാണല്ലോ രാഷ്ട്രീയം. ആ കലയിൽ അതുവരെ രാഷ്ട്രീയം തിരിയാതെ വിമാനം പറത്തി നടന്ന രാജീവ് ഗാന്ധി ഇന്ത്യൻ പ്രധാനമന്ത്രിയായി.
1991 മേയ് 21ന് രാജീവ് ഗാന്ധി ശ്രീപെരുമ്പത്തൂരിൽ തമിഴ് പുലികളുടെ ചാവേറാക്രമണത്തിൽ കൊല്ലപ്പെട്ടപ്പോഴും നേതൃത്വത്തിലേക്ക് എല്ലാവരും സാധ്യത കൽപിച്ചത് പിന്നെയും പ്രണബ് മുഖർജിയിലായിരുന്നു. പക്ഷേ, ആ ഭാഗ്യം കൈവന്നത് നരസിംഹ റാവുവിനായിരുന്നു. അത് കോൺഗ്രസിെൻറ നിർഭാഗ്യങ്ങളുടെ തുടക്കവുമായി.
താൻ ധനമന്ത്രിയായിരിക്കെ റിസർവ് ബാങ്കിെൻറ തലപ്പത്തേക്ക് കൂട്ടിക്കൊണ്ടുവന്ന മൻമോഹൻ സിങ് പ്രധാനമന്ത്രിയാകുന്നത് നോക്കിനിൽക്കേണ്ടിവന്നൊരാൾ കൂടിയായിരുന്നു പ്രണബ് മുഖർജി. പക്ഷേ, ഏറെക്കാലം കോൺഗ്രസിലെ രണ്ടാമനായി നിന്നുപോയ പ്രണബിനെ രാജ്യത്തെ പ്രഥമ പൗരനാക്കിയായിരുന്നു കോൺഗ്രസ് ആ കടം വീട്ടിയത്.
വായനയും എഴുത്തും സംഗീതവുമായിരുന്നു പ്രണബ് മുഖർജിക്ക് ഏറ്റവും പ്രിയങ്കരമായിരുന്നത്. മന്ത്രിപദത്തിലിരിക്കെ ദിവസവും 18 മണിക്കൂർ ജോലിചെയ്തിരുന്ന പ്രണബ്, രബീന്ദ്ര സംഗീത വേദികളിൽ മതിമറന്നിരിക്കുമായിരുന്നു. സംഗീതവും കലയും സ്വാതന്ത്ര്യ സമരവും ഇടചേർന്നൊഴുകിയ ബംഗാളിൽനിന്നു വന്നൊരാളുടെ ചോരയിൽ കലർന്നതെല്ലാം പ്രണബിലുണ്ടായിരുന്നു.
ഇന്ത്യൻ സ്വാതന്ത്ര്യ സമരം കത്തിജ്വലിച്ചു നിന്ന ബംഗാളിലെ സമരസേനാനിയായിരുന്ന കമദ കിങ്കർ മുഖർജിയുടെയും രാജലക്ഷ്മിയുടെയും മകനായി 1935 ഡിസംബർ പതിനൊന്നിനായിരുന്നു പ്രണബ് മുഖർജിയുടെ ജനനം. പശ്ചിമ ബംഗാളിലെ ബിർഭൂം ജില്ലയിലെ മിറാത്തി എന്ന ഗ്രാമത്തിൽനിന്ന് പ്രണബിെൻറ പ്രയാണമാരംഭിക്കുന്നു. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് ജയിൽവാസമനുഷ്ഠിച്ച, എ.ഐ.സി.സി അംഗവും നിയമസഭാംഗവുമായ പിതാവിൽനിന്ന് രാഷ്ട്രീയത്തിെൻറ ബാലപാഠങ്ങൾ അഭ്യസിച്ച പ്രണബ് പഠനത്തിൽ ഏറെ മികവ് പുലർത്തി.
ബിർഭൂമിലെ വിദ്യാസാഗർ കോളജിൽനിന്ന് ഡിഗ്രി സമ്പാദിച്ച ശേഷം കൊൽക്കത്ത സർവകലാശാലയിൽനിന്ന് ചരിത്രത്തിലും രാഷ്ട്രമീമാംസയിലും നിയമത്തിലും ബിരുദാനന്തര ബിരുദം നേടി. 1963ൽ കുറച്ചുകാലം പോസ്റ്റൽ ആൻഡ് ടെലഗ്രാഫ് വകുപ്പിൽ യു.ഡി ക്ലർക്കായി ജോലിചെയ്തു. അതേ വർഷം തന്നെ വിദ്യാനഗർ കോളജിൽ അധ്യാപകനായി ചേർന്നു. പിന്നീട് രാഷ്ട്രീയത്തിൽ സജീവമാകുന്നതിനു മുമ്പ് കുറച്ചുകാലം 'ദശർ ദാക്' എന്ന പത്രത്തിലും പ്രവർത്തിച്ചിരുന്നു.
1969ൽ പശ്ചിമ ബംഗാളിലെ മിഡ്നാപുർ മണ്ഡലത്തിൽ ഉപ തെരഞ്ഞെടുപ്പ് നടക്കുന്നു. ഒരു കാലത്ത് ഇന്ത്യയുടെ പ്രതിരോധ മന്ത്രിയും നെഹ്റുവിെൻറ വലംകൈയും മലയാളിയുമായിരുന്ന സാക്ഷാൽ വി.കെ. കൃഷ്ണ മേനോനാണ് കോൺഗ്രസിെൻറ സ്ഥാനാർഥി. 1967ലെ തെരഞ്ഞെടുപ്പിൽ തോറ്റുപോയ കൃഷ്ണ മേനോനെ എങ്ങനെയും ജയിപ്പിക്കണമെന്നത് പ്രധാനമന്ത്രിയായിരുന്ന ഇന്ദിര ഗാന്ധിയുടെ ഏറ്റവും വലിയ ആവശ്യമായിരുന്നു.
34 കാരനായ പ്രണബ് മുഖർജിക്കായിരുന്നു തെരഞ്ഞെടുപ്പ് പ്രചാരണത്തിെൻറ ചുമതല. വി.കെ. കൃഷ്ണ മേനോെൻറ തെരഞ്ഞെടുപ്പ് ഏജൻറായി പ്രണബ് നിറഞ്ഞുനിന്നു. ലക്ഷത്തിൽപരം വോട്ടുകൾക്ക് കൃഷ്ണ മേനോൻ ജയിച്ചുകയറിയപ്പോൾ ഇന്ദിര ശ്രദ്ധിച്ചത് പ്രണബിനെയായിരുന്നു. 20 വർഷക്കാലം പശ്ചിമ ബംഗാൾ കോൺഗ്രസ് അധ്യക്ഷനായിരുന്നിട്ടുണ്ട് പ്രണബ്.
ഇന്ദിരയുടെ ക്ഷണം സ്വീകരിച്ച് ഡൽഹിയിലെത്തിയ പ്രണബിന് പിന്നെ തിരികെ പോകേണ്ടിവന്നില്ല. നേരേ കൊണ്ടുവന്ന് രാജ്യസഭാംഗമാക്കി. 1975ലും 1981ലും 1993ലും 1999ലും രാജ്യസഭാംഗമായി തുടർന്നു. 2004ൽ ജംഗിപുർ മണ്ഡലത്തിൽനിന്നായിരുന്നു ആദ്യമായി പൊതു തെരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ചത്. 2009ലും വിജയം ആവർത്തിച്ചു.
1973ൽ തെൻറ മന്ത്രിസഭയിൽ വ്യവസായ വകുപ്പിൽ പ്രണബിനെ ഇന്ദിര സഹമന്ത്രിയാക്കി. 1975ൽ ഇന്ദിര ഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ വലംകൈയായിനിന്നത് പ്രണബായിരുന്നു. ഭരണകൂടത്തിനെതിരെ ശബ്ദിക്കുന്നവരെ കണ്ടെത്താനും നിശ്ശബ്ദരാക്കാനും വേണ്ട ഒത്താശകൾ ഇന്ദിരക്ക് ചെയ്തുകൊടുത്തത് പ്രണബായിരുന്നുവെന്ന് ആക്ഷേപമുണ്ട്. പിൽക്കാലത്ത് ആത്മകഥ എഴുതിയപ്പോൾ അടിയന്തരാവസ്ഥ ഇന്ദിരക്കു പിണഞ്ഞ തെറ്റായിരുന്നുവെന്ന് പ്രണബിന് തുറന്നു സമ്മതിക്കേണ്ടിവന്നിട്ടുണ്ട്.
1982ൽ പ്രണബിനെ ധനകാര്യ മന്ത്രിയായി ഇന്ദിര നിയോഗിച്ചു. പാർലമെൻറിെൻറ ഇരു സഭകളിലും ഇന്ദിരയും പ്രണബും കോൺഗ്രസിനെ നയിച്ചു. ലോക്സഭയിൽ ഇന്ദിര പാർലമെൻററി പാർട്ടി നേതാവായിരുന്നപ്പോൾ രാജ്യസഭയിൽ നേതൃസ്ഥാനത്ത് പ്രണബായിരുന്നു. അങ്ങനെ കോൺഗ്രസിലെ രണ്ടാമൻ എന്ന് അകത്തും പുറത്തും പ്രണബ് വിശേഷിപ്പിക്കപ്പെട്ടു. അതിൽ തർക്കവുമില്ലായിരുന്നു. അക്കാലത്ത് കോൺഗ്രസിെൻറ നയരൂപവത്കരണത്തിൽ നിർണായക പങ്ക് പ്രണബിനായിരുന്നു.
അങ്ങനെയിരിക്കെയാണ് ധനകാര്യ വിഷയങ്ങളിൽ മിടുക്കനും സാമ്പത്തികവിദഗ്ധനുമായ പഞ്ചാബുകാരൻ മൻമോഹൻ സിങ്ങിനെ പ്രണബ് കണ്ടെത്തുന്നത്. പണ്ട് ഇന്ദിരതന്നെ കണ്ടെത്തിയതുപോലെയായിരുന്നു അതും. രാഷ്ട്രീയത്തിൽ ഒട്ടും താൽപര്യമില്ലാതിരുന്ന മൻമോഹൻ സിങ്ങിനെ പ്രണബ് റിസർവ് ബാങ്കിെൻറ ഗവർണറായി പ്രതിഷ്ഠിച്ചു.
ന്യൂയോര്‍ക്കില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന 'യൂറോ മണി' എന്ന പ്രസിദ്ധീകരണം ലോകത്തെ ഏറ്റവും മികച്ച അഞ്ചു ധനമന്ത്രിമാരില്‍ ഒരാളായി 1984ല്‍ പ്രണബിനെ തെരഞ്ഞെടുത്തു. ചരിത്രത്തിെൻറ മറ്റൊരു വൈചിത്ര്യം പോലെ പിൽക്കാലത്ത് മൻമോഹൻ സിങ് പ്രധാനമന്ത്രിയായപ്പോൾ ധനമന്ത്രി സ്ഥാനത്തേക്ക് പ്രണബിനെ നിയോഗിക്കുകയുണ്ടായി.
ഇന്ദിര കൊല്ലപ്പെടുമ്പോൾ രാജീവ് ഗാന്ധിയുടെ പേര് ഇന്ത്യൻ രാഷ്ട്രീയത്തിൽ എവിടെയുമുണ്ടായിരുന്നില്ല. ഇന്ദിരയുടെ മരണം സ്ഥിരീകരിച്ച 1984 ഒക്ടോബർ 31ന് വൈകുന്നേരം രാജീവ് ഗാന്ധി ഇന്ത്യൻ പ്രധാനമന്ത്രിയായപ്പോൾ രാഷ്ട്രീയ ലോകം ഒന്നടങ്കം ഞെട്ടി.
കോൺഗ്രസിലെ രണ്ടാമൻ ആ പദവിയിലെത്തുമെന്ന് കരുതിയെങ്കിലും എല്ലാം തകിടം മറിച്ച് രാജീവ് പ്രധാനമന്ത്രിയാവുകയായിരുന്നു. ആ കല്ലുകടി രാജീവുമായുള്ള ബന്ധത്തിൽ അടിമുടിയുണ്ടായിരുന്നുവെന്ന് രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെട്ടിട്ടുണ്ട്.
പാർട്ടിയുമായി ഇടഞ്ഞ പ്രണബിനെ രാജീവ് ഗാന്ധി കാബിനറ്റിൽ ഉൾപ്പെടുത്തിയില്ല. പാർട്ടിയുടെ പശ്ചിമ ബംഗാൾ ഘടകത്തിെൻറ ചുമതലയിലേക്ക് മാറ്റിയതോടെ മുഖ്യധാരയിൽനിന്ന് അദ്ദേഹം പുറത്താവുകയായിരുന്നു. പാർട്ടിവിട്ട് 1986ൽ 'രാഷ്ട്രീയ സമാജ്വാദി കോൺഗ്രസ്' എന്ന പേരിൽ സ്വന്തം പാർട്ടിയുണ്ടാക്കിയെങ്കിലും ക്ലച്ച് പിടിച്ചില്ല.
ഡൽഹിയിലെ വമ്പൻ രാഷ്ട്രീയത്തിൽ വെട്ടടവുകൾ പയറ്റിയപ്പോൾ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ കാര്യമായ പിടിപാടില്ലാതെ പോയത് പ്രണബ് അറിഞ്ഞിരുന്നില്ല. 1987ലെ പ. ബംഗാൾ പൊതു തെരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും ഒരു ചലനവും പുതിയ പാർട്ടിയുണ്ടാക്കിയില്ല.
അതോടെ പ്രണബിെൻറ രാഷ്ട്രീയ ജീവിതം അവസാനിച്ചുവെന്ന് കരുതിയതാണ്. പക്ഷേ, 1989ൽ തെൻറ പാർട്ടി കോൺഗ്രസിൽ ലയിച്ച് തറവാട്ടിലേക്കുതന്നെ അദ്ദേഹം മടങ്ങിയെത്തി. പാർട്ടിവിട്ട തീരുമാനം തെറ്റായിപ്പോയെന്ന് പ്രണബ് ആത്മകഥയിൽ പരിതപിച്ചിട്ടുണ്ട്. പിന്നീട് ഗാന്ധി കുടുംബത്തിെൻറ അടുപ്പക്കാരനായി പ്രണബ് മാറി.
1991 മേയ് 21ന് രാജീവ് ഗാന്ധി തമിഴ് പുലികളുടെ മനുഷ്യ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടപ്പോൾ പാർട്ടി നേതൃത്വത്തിലേക്ക് പ്രണബ് കടന്നുവരുമെന്ന് കരുതിയവരെ വിസ്മയിപ്പിച്ച് ആ കസേരയിൽ നരസിംഹ റാവു അവരോധിക്കപ്പെട്ടു. റാവു പക്ഷേ, മറ്റൊരു കാര്യം ചെയ്തു. ആസൂത്രണ ബോർഡ് ഉപാധ്യക്ഷനായി പ്രണബിനെ അവരോധിച്ചു.
1996 വരെ ഈ പദവിയിൽ തുടർന്നു. രാജീവ് ഗാന്ധിയുടെ മരണേശഷം വീണ്ടും പ്രണബിെൻറ പേര് പ്രധാനമന്ത്രിപദത്തിൽ ഉയർന്നത് 2004 ലായിരുന്നു. സോണിയ ഗാന്ധിയുടെ പൗരത്വം വിവാദമാക്കി അവർ പ്രധാനമന്ത്രിയാകുന്നതിനെതിരെ പ്രതിപക്ഷം ആഞ്ഞടിച്ചപ്പോൾ മറ്റൊരാളെ ആ സ്ഥാനത്തേക്ക് കണ്ടെത്താൻ കോൺഗ്രസ് നിർബന്ധിതമായി. ഒരിക്കൽകൂടി പ്രണബിലേക്ക് ശ്രദ്ധ തിരിഞ്ഞപ്പോഴായിരുന്നു തികച്ചും ആകസ്മികമായി മൻമോഹൻ സിങ് ആ പദവിയിലേക്ക് നിയോഗിക്കപ്പെട്ടത്.
'ഡോക്ടർ സാഹിബ്' എന്നായിരുന്നു മൻമോഹൻ സിങ്ങിനെ പ്രണബ് വിളിച്ചിരുന്നത്. 'നന്നായി ഹിന്ദി അറിയാതിരുന്നതാണ് പ്രധാനമന്ത്രിയാകുന്നതിന് തടസ്സമായത്. ഡോക്ടർ സാഹിബിന് നന്നായി ഹിന്ദി അറിയാമായിരുന്നു. മാത്രവുമല്ല, അദ്ദേഹത്തിെൻറ സംസ്ഥാനത്ത് കോൺഗ്രസ് അധികാരത്തിലുണ്ടായിരുന്നു. എെൻറ സംസ്ഥാനത്ത് കോൺഗ്രസ് പാർട്ടി അധികാരത്തിന് പുറത്തുമായിരുന്നു. ഡോക്ടർ സാഹിബ് തന്നെയായിരുന്നു പ്രധാനമന്ത്രിയാകാൻ യോഗ്യൻ.' പിന്നീട് ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ പ്രണബ് തുറന്നുപറയുകയുണ്ടായി.
മൻമോഹൻ മന്ത്രിസഭയിൽ വിദേശകകാര്യ വകുപ്പിെൻറ ചുമതലയിലായിരിക്കെയാണ് അമേരിക്കയുമായി ആണവ കരാറിൽ ഇന്ത്യ ഒപ്പിട്ടത്. 2009 മുതൽ 2012 വരെ മൻമോഹൻ മന്ത്രിസഭയിൽ ധനകാര്യമന്ത്രിയാവുകയും ചെയ്തു.
ഇന്ദിരയുടെ കാലം മുതൽ കോൺഗ്രസിൽ രണ്ടാമനാകാൻ വിധിക്കപ്പെട്ട പ്രണബ് 2012 ൽ ഇന്ത്യയിലെ പ്രഥമ പൗരനായി. പ്രധാനമന്ത്രിപദം കപ്പിനും ചുണ്ടിനുമിടയിൽ വഴുതിപ്പോയ മൻമോഹനെ 2012ൽ ഇന്ത്യയുടെ രാഷ്ട്രപതിയാക്കി കോൺഗ്രസും സോണിയയും പ്രണബിനോട് കടം വീട്ടി. ദൗർഭാഗ്യവശാൽ രാഷ്ട്രപതിയായി രണ്ടു വർഷം പിന്നിട്ടപ്പോഴേക്കും കോൺഗ്രസ് അധികാരത്തിൽനിന്ന് പുറത്തായി.
നരേന്ദ്ര മോദി സർക്കാറിെൻറ കാലത്ത് പ്രണബ്, ഭരണകൂടത്തിനൊപ്പം വിധേയനായി നിന്നുവെന്ന് കോൺഗ്രസുകാർപോലും വിമർശനമുന്നയിച്ചു. ന്യൂനപക്ഷങ്ങൾക്കും ദലിതർക്കുമെതിരെ ഭരണകൂടത്തിെൻറ ഒത്താശയോടെ കടുത്ത ആക്രമണങ്ങളും കൊലയും നടന്നപ്പോൾപോലും രാഷ്ട്രപതി കാര്യമായി പ്രതികരിച്ചില്ലെന്ന് വിമർശകർ ചൂണ്ടിക്കാട്ടി.
മാത്രവുമല്ല, ആ കാലത്താണ് കോൺഗ്രസിനെ കൂടുതൽ പ്രതിസന്ധിയിലാക്കി മൂന്നു ഭാഗങ്ങളായി പുറത്തിറങ്ങിയ തെൻറ ആത്മകഥയിലൂടെ വിവാദമായ വെളിപ്പെടുത്തലുകൾ നടത്തിയത്. 2017 ജൂലൈ 25ന് രാഷ്ട്രപതി പദവിയിൽനിന്നിറങ്ങി. ഒരു രണ്ടാമൂഴത്തിന് നിൽക്കാതെയായിരുന്നു പ്രണബിെൻറ പടിയിറക്കം.
രാഷ്ട്രപതിപദവിയിൽനിന്ന് ഇറങ്ങിയ ശേഷം പ്രണബ് കോൺഗ്രസിനോട് അടുപ്പം കാണിച്ചില്ല. അതേസമയം, 2018 ജൂണിൽ ആർ.എസ്.എസിെൻറ ആസ്ഥാനം സന്ദർശിക്കുകയുമുണ്ടായി. നാഗ്പുരിലെ ആസ്ഥാനത്ത് ആർ.എസ്.എസ് പ്രവർത്തകരുടെ മൂന്നുവർഷത്തെ ക്യാമ്പിെൻറസമാപന ചടങ്ങിൽ കോൺഗ്രസിെൻറ എതിർപ്പ് അവഗണിച്ച് അദ്ദേഹം പങ്കെടുത്തു.
ആർ.എസ്.എസ് സ്ഥാപകൻ കേശവ് ബലിറാം ഹെഡ്ഗേവാറിെൻറ ജന്മസ്ഥലത്തെത്തിയ ശേഷം സന്ദർശക പുസ്തകത്തിൽ 'ഹെഡ്ഗേവാർ ഭാരതമാതാവിെൻറ മഹദ്പുത്രനാണ്' എന്ന് എഴുതുകയും ചെയ്തു.
പ്രണബിെൻറ സന്ദർശനം നിർണായകമായ സംഭവമാണെന്ന് ബി.ജെ.പി നേതാവ് എൽ.കെ. അദ്വാനി വിശേഷിപ്പിക്കുകയുമുണ്ടായി. പിന്നീട് ഹരിയാനയിലെ ബി.ജെ.പി മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാറുമൊത്ത് ഗുരുഗ്രാമിൽ വേദിപങ്കിട്ടതും ആർ.എസ്.എസുമായി ബന്ധമുള്ള പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചതും വിവാദമായി. തനിക്ക് ആർ.എസ്.എസുമായി ബന്ധമില്ലെന്ന് പ്രണബ് വ്യക്തമാക്കിയെങ്കിലും 2019 ൽ പരമോന്നത സിവിലിയൻ പുരസ്കാരമായ 'ഭാരതരത്നം' നൽകി ആദരിക്കാൻ കേന്ദ്ര സർക്കാർ തയാറായി.
പൗരത്വ ദേദഗതി നിയമം പോലുള്ള വിവാദ നിയമങ്ങൾ മോദി സർക്കാർ കൊണ്ടുവന്നപ്പോഴും ന്യൂനപക്ഷങ്ങൾ അതിഭീകരമായി ആക്രമിക്കപ്പെട്ടപ്പോഴും കൊലപാതക പരമ്പരകൾ അരങ്ങേറിയപ്പോഴുമൊന്നും കനത്ത മൗനത്തിൽ ഒളിച്ചിരുന്നു എന്നത് അവസാന നാളുകളിൽ അദ്ദേഹം നേരിടേണ്ടിവന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.