അങ്ങിനെ അംബാനിയും നാടുവിടുന്നു; ഇനി താമസിക്കുക ലണ്ടനിലെ 592 കോടിയുടെ ആഡംബര കൊട്ടാരത്തിൽ

മുംബൈ: ഇന്ത്യയി​െല ഏറ്റവും വലിയ ധനികനായ മുകേഷ്​ അംബാനി സ്​ഥിര താമസത്തിനായി ലണ്ടൻ തെരഞ്ഞെടുത്തതായി റിപ്പോർട്ട്​. ലണ്ടനിലെ സ്‌റ്റോക് പാർക്കിൽ ഈയിടെ വാങ്ങിയ ആഡംബര ബംഗ്ലാവിലേക്ക് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ താമസം മാറുന്നതായാണ്​ വിവരം. ഭാവിയിൽ മുംബൈയിലും ലണ്ടനിലുമായി മാറിമാറിയാകും അംബാനിയും കുടുംബവും താമസിക്കുകയെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ലണ്ടൻ സ്‌റ്റോക് പാർക്കിലെ ബക്കിങ്ഹാം ഷെയറിൽ മുന്നൂറ് ഏക്കർ വിസ്തൃതിയുള്ള ബംഗ്ലാവ്​ കഴിഞ്ഞ ഏപ്രിലിൽ അംബാനി സ്വന്തമാക്കിയിരുന്നു. 592 കോടി രൂപയാണ് ഇതിനായി മുടക്കിയത്.

ആന്‍റിലിയ എന്ന കൊട്ടാരം

ലോകത്തിലെ ഏറ്റവും വിലയേറിയ ഭവനം എന്നറിയപ്പെടുന്ന ആന്‍റിലിയയിലാണ്​ അംബാനിയും കുടുംബവും ഇതുവരെ താമസിച്ചിരുന്നത്​. മുംബൈയിലെ ആൾട്ടമൗണ്ട് റോഡിലാണ്​ ആന്‍റിലിയ സ്ഥിതി ചെയ്യുന്നത്​.

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലാണ് മറ്റൊരു സ്ഥലത്തേക്ക് താമസം മാറുന്നതിനെ കുറിച്ച് അംബാനി കുടുംബം ചിന്തിച്ചതെന്ന് മാധ്യമ റിപ്പോര്‍ട്ടുകൾ പറയുന്നു. കോവിഡ്​ ലോക്​ഡൗൺ കാലത്ത്​ ഗുജറാത്തിലെ ജാംനഗറിലായിരുന്നു ശതകോടീശ്വരനും കുടുംബവും താമസിച്ചിരുന്നത്​. റിലയൻസിന്റെ ഏറ്റവും വലിയ എണ്ണശുദ്ധീകരണ ശാല സ്ഥിതി ചെയ്യുന്ന സ്ഥലമാണ് ജാംനഗർ.


'മുംബൈയിലേത് പോലെ ഇടുങ്ങിയ സ്​ഥലത്തുള്ള ഉയർന്ന കെട്ടിടത്തിന് പകരം തുറസ്സായ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന വീട്ടിലേക്ക് മാറാൻ അവർ ആഗ്രഹിക്കുന്നു' -എന്നാണ് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് മിഡ് ഡേ റിപ്പോർട്ട് ചെയ്യുന്നു. വാർത്തയുമായി ബന്ധപ്പെട്ട് അംബാനി കുടുംബത്തിന്‍റെ പ്രതികരണം ആരാഞ്ഞെങ്കിലും ലഭിച്ചിട്ടില്ല. ഇത്തവണ അംബാനിയുടെ ദീപാവലി ആഘോഷവും സ്‌റ്റോക് പാർക്കിലെ ബംഗ്ലാവിലിരുന്നു. ഏറെക്കാലത്തിന് ശേഷമാണ്​ അംബാനി ദീപാവലി രാജ്യത്തിന് പുറത്ത് ആഘോഷിക്കുന്നത്. യുകെയിലെ വീട്ടിൽ ക്ഷേത്രം ഒരുക്കാനും കുടുംബം തീരുമാനിച്ചിട്ടുണ്ട്. രാജസ്ഥാനിൽ നിന്നുള്ള ശിൽപ്പിക്കാണ്​ ഇതിന്‍റെ ചുമതല.


ആഡംബര സമൃദ്ധം, ബക്കിങ്ഹാം ഷെയർ ക്ലബ്​

ബ്രിട്ടനിലെ പ്രധാനപ്പെട്ട കൺട്രി ക്ലബുകളിൽ ഒന്നാണ് അംബാനി സ്വന്തമാക്കിയ ബക്കിങ്ഹാം ഷെയർ കൊട്ടാരം. സെലിബ്രിറ്റികൾ അടക്കം ഒത്തുകൂടുന്ന പഞ്ചനക്ഷത്ര ഹോട്ടലും ഗോൾഫ് കോഴ്‌സും ഇതിലുണ്ട്. ജയിംസ് ബോണ്ടിന്റെ ഏറ്റവും വലിയ ഹോളിവുഡ് വിജയങ്ങളിലൊന്നായ ഗോൾഡ് ഫിംഗറും നെറ്റ്ഫ്‌ളിക്‌സിൽ തരംഗമായ ദ ക്രൗൺ സീരിസും ഉൾപ്പെടെ നിരവധി സിനിമകൾ ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്.പ്രധാന കെട്ടിടത്തിൽ 49 കിടപ്പുമുറികളുണ്ട്. നിലവിൽ 300 ഏക്കർ വസ്​തുവിൽ തങ്ങളുടെ ഇഷ്​ടമനുസരിച്ചുള്ള മാറ്റങ്ങൾ വരുത്തുകയാണ്​ കുടുംബം. സ്വകാര്യ വസതിയായിരുന്ന മാൻഷൻ 1908ന് ശേഷമാണ്​ കൺട്രി ക്ലബ്ബാക്കി മാറ്റുന്നത്​.


അതെ സമയം റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയും കുടുംബവും ലണ്ടനിലേക്ക് താമസം മാറ്റുന്നുവെന്ന പ്രചാരണത്തില്‍ വിശദീകരണവുമായി കമ്പനി. അടുത്തിടെ പത്രത്തിൽ വന്ന വാർത്തക്ക് വിശദീകരണവുമായി റിയലന്‍സ് ഗ്രൂപ്പ് ആണ് രംഗത്തെത്തിയത്. യാതൊരു അടിസ്ഥാനവുമില്ലാത്ത റിപ്പോര്‍ട്ടുകളാണ് ഇതെന്നാണ് റിയലന്‍സ് ഗ്രൂപ്പ് അറിയിച്ചിരിക്കുന്നത്.

'ലണ്ടനിലെ സ്റ്റോക്ക് പാര്‍ക്കിലേക്ക് താമസം മാറാന്‍ അംബാനി കുടുംബത്തിന് പദ്ധതിയുള്ളതായി അടുത്തിടെ ഒരു പത്രത്തില്‍ വന്നിരുന്നു. ഈ റിപ്പോര്‍ട്ട് സാമൂഹിക മാധ്യമങ്ങളില്‍ അഭ്യൂഹങ്ങൾക്ക് കാരണമായി. ചെയര്‍മാനോ കുടുംബമോ ലണ്ടനിലേക്കോ മറ്റെവിടേക്കെങ്കിലുമോ താമസം മാറ്റാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കാന്‍ റിലയൻസ് ഗ്രൂപ് ലിമിറ്റഡ് ആഗ്രഹിക്കുന്നു', ഇതാണ് വിശദീകരണക്കുറിപ്പിൽ പറയുന്നത്.

ലണ്ടനിലെ സ്റ്റോക് പാര്‍ക്ക് എസ്റ്റേറ്റ് റിലയന്‍സ് ഏറ്റെടുത്തിരുന്നു. 592 കോടി രൂപയ്ക്കാണ് സ്റ്റോക് പാര്‍ക്ക് എസ്റ്റേറ്റ് അംബാനി ഈ വര്‍ഷം ആദ്യം വാങ്ങിയത്. എസ്റ്റേറ്റില്‍ 49 കിടപ്പുമുറികളും ഒരു ബ്രിട്ടീഷ് ഡോക്ടറുടെ നേതൃത്വത്തിലുള്ള അത്യാധുനിക ആശുപത്രിയും മറ്റ് ആഡംബരങ്ങളും ഉണ്ട്.

സ്റ്റോക് പാര്‍ക്ക് എസ്റ്റേറ്റ് പിന്നാലെയാണ് അംബാനിയും കുടുംബവും ഇങ്ങോട്ടേക്ക് താമസം മാറ്റുന്നുവെന്ന റിപ്പോര്‍ട്ടുകളുണ്ടായത്. എന്നാല്‍, ഈ പൈതൃക എസ്‌റ്റേറ്റ് ഒരു 'പ്രീമിയര്‍ ഗോള്‍ഫിങ്, സ്പോര്‍ട്സ് റിസോര്‍ട്ട്' ആക്കി മാറ്റുക എന്ന ഉദ്ദേശത്തോടെയാണെന്ന് ഏറ്റെടുത്തതെന്ന് റലയൻസ് വ്യക്തമാക്കി. 

Tags:    
News Summary - Ambanis set to move to Buckinghamshire mansion which has 49 bedrooms & cost 592 crore, says report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.