അഹ്മദാബാദ്: ഡോ.ബി.ആർ. അംബേദ്കറുടെ ഓർമകളോട് പോലും പുറംതിരിഞ്ഞു നിൽക്കുന്ന ബി.ജെ.പിക്ക് തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ തിരിച്ചടി നൽകണമെന്ന ആഹ്വാനവുമായി ഗുജറാത്തിലെ ദലിത് കൂട്ടായ്മ. ദലിതുകൾ കാലാകാലങ്ങളായി മുന്നോട്ടുവെക്കുന്ന ആവശ്യങ്ങളോടെല്ലാം ബി.ജെ.പിക്ക് നിഷേധ നിലപാടായിരുന്നു. അംബേദ്കറെ ദേശീയ നേതാക്കളുടെ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന അപേക്ഷയും മുഖ്യമന്ത്രി വിജയ് രൂപാണി നിരസിച്ചതാണ് ഒടുവിലത്തെ പ്രകോപനം.
ഭരണഘടനാശിൽപിയെ ദേശീയ നേതാവായി പ്രഖ്യാപിക്കണമെന്നും സർക്കാർ സ്ഥാപനങ്ങളിൽ ഛായാചിത്രങ്ങൾ സ്ഥാപിക്കാൻ നിർദേശം നൽകണമെന്നും ആവശ്യപ്പെട്ട് ദലിത് അധികാർ മഞ്ച് കൺവീനർ കീരിത് റാത്തോഡ് മുഖ്യമന്ത്രിക്ക് നിവേദനങ്ങൾ നൽകിയിരുന്നു. നിലവിലെ സ്ഥിതി തുടരാനാണ് തീരുമാനമെന്ന മറുപടിയാണ് പൊതുഭരണ വകുപ്പിൽ നിന്ന് ലഭിച്ചത്.
സ്കൂൾ, പൊലീസ് സ്റ്റേഷൻ, സർക്കാർ ഓഫീസ് ചുമരുകളിൽ സ്വാതന്ത്ര്യസമര സേനാനികളായ ഗാന്ധിജി, നെഹ്റു, പട്ടേൽ തുടങ്ങിയവരുടെയും സംഘ്പരിവാർ നേതാക്കളായ ദീനദയാൽ ഉപാധ്യായ, ശ്യാമപ്രസാദ് മുഖർജി എന്നിവരുടെയും ചിത്രങ്ങളുണ്ട്.അംബേദ്കറുടെ ചിത്രം കൂടി ഉൾപ്പെടുത്താനും സർക്കാർ സന്നദ്ധമായില്ല.
പരാതിയിൽ ദേശീയ പട്ടിക ജാതി കമീഷൻ ഗുജറാത്തിനോട് വിശദീകരണം തേടിയിരുന്നു. ഭരണഘടനാശിൽപിയെ അവഗണിച്ച ബി.ജെ.പി സർക്കാറിന് ഭരണഘടനാ മാർഗത്തിലൂടെ മറുപടി നൽകുമെന്നും തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട നിലപാട് അടുത്തയാഴ്ച വഡോദരയിൽ ചേരുന്ന ദലിത് കൂട്ടായ്മ നേതാക്കളുടെ യോഗം കൈക്കൊള്ളുമെന്നും രാത്തോഡ് 'മാധ്യമ'ത്തോട് പറഞ്ഞു.
ദലിതുളെ എക്കാലത്തും ബി.ജെ.പി രണ്ടാം തരം പൗരൻമാരായാണ് പരിഗണിക്കുന്നതെന്നും അംബേദ്കറുടെ ഓർമയെപ്പോലും അകറ്റിനിർത്തുകയാണവരെന്നും മുതിർന്ന കോൺഗ്രസ് നേതാവ് അർജുൻ മോധ്വാഡിയ പ്രതികരിച്ചു. അംബേദ്കറോടോ അദ്ദേഹം രുപകൽപന ചെയ്ത ഭരണഘടനയോടോ തെല്ല് ബഹുമാനമില്ലാത്തവരാണ് സംസ്ഥാനം ഭരിക്കുന്നതെന്നായിരുന്നു നൗഷാദ് സോളങ്കി എം.എൽ.എ അഭിപ്രായപ്പെട്ടത്. ഈ മാസം 21, 28 തീയതികളിലായാണ് 323 തദ്ദേശസ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.