യു.പിയിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ രാഹുൽ ഗാന്ധിയും അഖിലേഷ് യാദവും പ​ങ്കെടുത്തപ്പോൾ

അമേത്തിയും റായ്ബറേലിയും വഴികാട്ടുന്നു; എസ്.പി-കോൺഗ്രസ് കൂട്ടുകെട്ട് ശക്തം

ലഖ്നോ: യു.പിയിൽ കോൺഗ്രസ് മത്സരിക്കുന്ന 17 സീറ്റുകളിലും സഖ്യകക്ഷിയായ സമാജ്‍വാദി പാർട്ടി പ്രവർത്തകർക്ക് പാർട്ടി അധ്യക്ഷൻ നൽകിയ നിർദേശം ഇതാണ്: ‘സ്വന്തം പാർട്ടിയാണ് അവിടെയെല്ലാം മത്സരിക്കുന്നത്. അതിനാൽ, നിങ്ങളുടെ നൂറ് ശതമാനം അർപ്പിക്കുക.

കോൺഗ്രസിന്റെ അഭിമാന മണ്ഡലങ്ങളായ അമേത്തിയിലെയും റായ്ബറേലിയിലെയും തെരഞ്ഞെടുപ്പ് കാഴ്ചകൾ, എസ്.പി പ്രവർത്തകർ ഈ നിർദേശം ശിരസ്സാവഹിച്ചതായി തെളിയിക്കുന്നുവെന്ന് ദേശീയ മാധ്യമങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. ഒരാഴ്ചയായി, റായ്ബറേലിയിൽ പ്രചാരണം നടത്തുന്ന പ്രിയങ്കക്കും രാഹുലിനുമൊപ്പം സമാജ്‍വാദി പാർട്ടിയുടെ വലിയ നിരതന്നെയുണ്ട്. മുൻകാലങ്ങളിൽനിന്ന് വ്യത്യസ്തമായി, ഇരു പാർട്ടിയുടെയും പ്രവർത്തകരുടെ കൂട്ടായ്മയാണ് പ്രചാരണ രംഗത്തെങ്ങും കാണാനാകുന്നത്.

2017ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ഇരുപാർട്ടികളും ഒന്നിച്ചാണ് മത്സരിച്ചത്. അന്ന് 403ൽ 54 സീറ്റ് മാത്രമാണ് സഖ്യത്തിന് ലഭിച്ചത്. ഈ വസ്തുതയാണ് എസ്.പി-കോൺഗ്രസ് സഖ്യത്തെ സമ്മർദത്തിലാക്കാൻ ഇപ്പോഴും പ്രതിയോഗികൾ ഉപയോഗിക്കുന്നത്. എന്നാൽ, 2017ലെ പരീക്ഷണം പരാജയമായിരുന്നുവെന്ന് എസ്.പി നേതാക്കളും സമ്മതിക്കുന്നുണ്ട്. അതേസമയം, പരാജയപ്പെടാനുള്ള കാരണങ്ങൾ വേറെയായിരുന്നുവെന്നാണ് ഇവരുടെ നിരീക്ഷണം. ‘2017ൽ, അവസാന നിമിഷങ്ങളിലാണ് സഖ്യം സാധ്യമായത്. അതുകൊണ്ടുതന്നെ, താഴേത്തട്ടിൽ ഒരുമിച്ചുള്ള പ്രവർത്തനങ്ങളൊന്നും അന്ന് സാധ്യമായിരുന്നില്ല. ഇന്നിപ്പോൾ ചിത്രം മാറി.

ഇരു പാർട്ടി നേതാക്കളുടെയും യോഗം എല്ലാ മണ്ഡലങ്ങളിലും പ്രത്യേകമായി വിളിച്ചുചേർക്കുകയും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ പരമാവധി ഏകോപിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെ, ഇക്കുറി വിജയം ഉറപ്പാണ് ’-എസ്.പിയുടെ റായ്ബറേലി ജില്ല എസ്.പി പ്രസിഡന്റ് വീരേന്ദർ യാദവ് പറഞ്ഞു. കോൺഗ്രസ് മത്സരിക്കുന്ന 17 മണ്ഡലങ്ങളിൽ എസ്.പിയുടെ പ്രാദേശിക നേതാക്കളെ അഖിലേഷ് യാദവ് പ്രത്യേകമായി വിളിച്ചുചേർത്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിലെ സാഹചര്യത്തിൽ റായ്ബറേലിയിൽ രാഹുൽ ഗാന്ധി റെക്കോഡ് ഭൂരിപക്ഷത്തിലും അമേത്തിയിൽ ലാൽ ശർമ നേരിയ ഭൂരിപക്ഷത്തിലും പാർലമെന്റിലെത്തുമെന്നും അദ്ദേഹം നിരീക്ഷിക്കുന്നു.

പരമ്പരാഗതമായി റായ്ബറേലിയിലെ സമാജ് വാദി പാർട്ടിക്കാർ ഗാന്ധികുടുംബത്തോടുള്ള ബഹുമാനാർഥം കോൺഗ്രസിനാണ് വോട്ട് ചെയ്യാറുള്ളത്. ഇക്കുറി, ഇരുകൂട്ടരും പരസ്യമായിത്തന്നെ ഒന്നിച്ചുനിൽക്കുന്നുവെന്നതാണ് കാര്യങ്ങളെ വ്യത്യസ്തമാക്കുന്നത്. 

Tags:    
News Summary - Amethi and Rae Bareli lead the way; SP-Congress alliance is strong

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.