ന്യൂഡൽഹി: രാജസ്ഥാനിൽ മന്ത്രിസഭ പുന:സംഘടന ഉടനുണ്ടാകുമെന്ന് സൂചന നൽകി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടുമായി കൂടിക്കാഴ്ച നടത്തി. രാഹുലിന്‍റെ തുഗ്ലക് ലെയ്നിലെ വസതിയിൽ നടന്ന കൂടിക്കാഴ്ച ഒരുമണിക്കൂറോളം നീണ്ടുനിന്നു. എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാൽ, അജയ് മാക്കൻ എന്നിവർ രാഹുലിനെപ്പം യോഗത്തിൽ പങ്കെടുത്തു.
കാബിനറ്റ് പുനസംഘടനയും സംഘടന നേതൃമാറ്റവും ചർച്ച ചെയ്യാനായാണ് രാഹുൽ ഗെഹ്ലോട്ടിനെ കണ്ടതെന്നാണ് റിപ്പോർട്ടുകൾ. പഞ്ചാബിൽ മുഖ്യമന്ത്രിയെ മാറ്റിയതിന് പിന്നാലെ രാജസ്ഥാനിൽ മന്ത്രിസഭ വികസിപ്പിക്കണമെന്നാവശ്യപ്പെട്ട് മുൻ ഉപമുഖ്യമന്ത്രിയും പി.സി.സി അധ്യക്ഷനുമായിരുന്ന സചിൻ പൈലറ്റ് ഹൈക്കമാൻഡിനെ കണ്ടിരുന്നു.
കാബിനറ്റ് പുന:സംഘടനക്കൊപ്പം സംസ്ഥാനത്തെ ബോർഡുകളിലേക്കും കോർപറേഷനുകളിലേക്കും നിയമനങ്ങളും ഉടൻ നടത്തണമെന്ന് പൈലറ്റ് ദീർഘകാലമായി ആവശ്യപ്പെടുന്നുണ്ട്. തന്‍റെ അടുത്ത അനുയായികൾക്ക് അർഹമായ സ്ഥാനങ്ങൾ നൽകണമെന്നാണ് അദ്ദേഹത്തിന്‍റെ ആവശ്യം.
സംസ്ഥാനത്തെ സംഘടനാ നേതൃമാറ്റത്തിന്‍റെയും മന്ത്രിസഭ വിപുലീകരണത്തിന്‍റെയും റോഡ്മാപ്പ് തയാറാണെന്ന് കഴിഞ്ഞ മാസം അജയ് മാക്കൻ പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.