ന്യൂഡൽഹി: കോവിഡ് 19ന്‍റെ രണ്ടാംതരംഗത്തിന് മുമ്പിൽ രാജ്യം വിറച്ചുനിൽക്കുേമ്പാൾ രണ്ടാം മോദി സർക്കാറിന്‍റെ രണ്ടാം വാർഷിക പ്രചാരണം പൊടിപൊടിക്കാനൊരുങ്ങി കേന്ദ്രം. 2019 മേയ് 30 മുതലുള്ള മോദി സർക്കാറിന്‍റെ എല്ലാ നേട്ടങ്ങളും സമാഹരിക്കാൻ ആവശ്യപ്പെട്ട് എല്ലാ മന്ത്രാലയങ്ങളുടെയും സെക്രട്ടറിമാർക്ക് പ്രസ് ഇൻഫർമേഷൻ ബ്യൂറോ കത്തെഴുതി. സർക്കാറിന്‍റെ നേട്ടങ്ങൾ വിവരിച്ച് പത്രങ്ങളിൽ പ്രസിദ്ധീകരിക്കലാണ് ലക്ഷ്യം.
മേയ് 30ന് മോദി സർക്കാർ അധികാരത്തിലെത്തിയിട്ട് രണ്ടുവർഷമാകും. ഏപ്രിൽ 16നാണ് പി.ഐ.ബി എല്ലാ മന്ത്രാലയങ്ങൾക്കും കത്തയച്ചിരിക്കുന്നത്. കുറഞ്ഞ കാലയളവിൽ എല്ലാ വിവരങ്ങളും ശേഖരിച്ച് നൽകണമെന്നായിരുന്നു ആവശ്യം. പരമാവധി രണ്ടു പേജിൽ തയാറാക്കിയ കുറിപ്പ് ഏപ്രിൽ 20നകം പി.ഐ.ബിക്ക് ഇമെയിൽ ചെയ്യണമെന്നായിരുന്നു നിർദേശം. കോവിഡ് 19നെ തുടർന്ന് ചീഫ് സെക്രട്ടറിമാർ വലയുന്നതിനാൽ നിരവധി മന്ത്രിമാർ ഇവ കൈമാറിയിട്ടില്ലെന്നാണ് വിവരം.
'ചില മന്ത്രിമാർ മാത്രമാണ് കുറിപ്പ് കൈമാറിയത്. ഇവയെല്ലാം മേയ് മുതൽ പത്രങ്ങളിൽ പ്രസിദ്ധീകരണത്തിനായി ഉപയോഗിക്കും. ഈ സർക്കാറിന്‍റെ നേട്ടങ്ങൾ പട്ടികപ്പെടുത്തുന്നതിന് ഞങ്ങളെ ചുമതലപ്പെടുത്തി. സർക്കാറിന്‍റെ പ്രചാരണങ്ങൾ തുടരും. പോയന്‍റുകൾ മാത്രമല്ല, ലേഖനങ്ങളും തയാറാക്കാൻ ഞങ്ങളെ ചുമതലപ്പെടുത്തി. അവയെല്ലാം പത്രങ്ങളിൽ പ്രസിദ്ധീകരിക്കും' -സർക്കാർ വക്താവ് അറിയിച്ചു.
'പകർച്ചവ്യാധിയുടെ സമയത്ത് സർക്കാർ നടത്തിയ പ്രവർത്തനങ്ങളെക്കുറിച്ച് ലേഖനങ്ങളുണ്ടാകും. നമ്മുടെ വാക്സിനേഷൻ യജ്ഞം വിജയകരമായിരുന്നു. അവ ഹൈൈലറ്റ് ചെയ്ത് ഓൺലൈനായി പ്രസിദ്ധീകരിക്കും' -ബി.ജെ.പി വക്താക്കളിൽ ഒരാൾ പ്രതികരിച്ചു.
യഥാർഥത്തിൽ 2021 ജനുവരി 16 മുതൽ ആരംഭിച്ച വാക്സിനേഷൻ യജ്ഞത്തിൽ ജനസംഖ്യയുടെ 1.4 ശതമാനത്തിന് മാത്രമാണ് ഇതുവരെ വാക്സിൻ ലഭ്യമാക്കിയതെന്ന് ജോൺസ് ഹോപ്കിൻസ് യൂനിവേഴ്സിറ്റി ഓഫ് മെഡിസിൻ കൊറോണ വൈറസ് റിസോഴ്സ് സെന്‍റർ പറയുന്നു. അതേസമയം യു.എസ് 25.5 ശതമാനം േപർക്കും യു.കെ 15.9 ശതമാനം പേർക്കും ബ്രസീൽ 4.3ശതമാനം പേർക്കും മെക്സികോ 3.5 ശതമാനം പേർക്കും വാക്സിൻ ലഭ്യമാക്കി.
രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നതിനിടെയാണ് മോദി സർക്കാറിന്‍റെ രണ്ടാം വാർഷിക പ്രചാരണം കൊഴുപ്പിക്കാൻ ഒരുങ്ങുന്നത്. നിലവിൽ മൂന്നുലക്ഷത്തിലധികം പേർക്കാണ് പ്രതിദിനം കോവിഡ് സ്ഥിരീകരിക്കുന്നത്. മരണം ഏറ്റവും ഉയർന്ന നിരക്കിലും. ഓക്സിജൻ ക്ഷാമവും ആരോഗ്യ സംവിധാനങ്ങളുടെ അപര്യാപ്തതയുമാണ് മരണനിരക്ക് ഉയരാനുള്ള പ്രധാന കാരണം.
മോദി സർക്കാറിന്‍റെ ഒന്നാം വാർഷികത്തിൽ ലോക്ഡൗണിൽ പ്രഖ്യാപിച്ച 20 േകാടിയുടെ സാമ്പത്തിക പാക്കേജ് ഉയർത്തിക്കാട്ടിയായിരുന്നു പ്രചാരണം. എന്നാൽ അത്, രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയും ദാരിദ്ര്യത്തിലൂടെയും തൊഴിലില്ലായ്മയിലൂടെയും കടന്നുപോകുന്ന സമയമായിരുന്നു. അതെല്ലാം മറച്ചുവെച്ചുകൊണ്ടായിരുന്നു പ്രചാരണം കൊഴുപ്പിക്കൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.