കനത്ത മഴക്കിടെ വമ്പൻ സ്പീക്കറുകളുമായി ഡൽഹിയിലെത്തി കാവടി യാത്രികർ; നഗരത്തിൽ ഗതാഗതകുരുക്ക്

ന്യൂഡൽഹി: കനത്ത മഴക്കിടെ ഡൽഹിക്ക് പ്രതിസന്ധിയായി കാവടി യാത്രയും. മഴയും വെള്ളക്കെട്ടും തുടരുന്നതിനിടെ വലിയ രീതിയിൽ കാവടി യാത്രികർ നഗരത്തിലെത്തുന്നത് കനത്ത ഗതാഗതകുരുക്കിന് കാരണമാവുന്നുവെന്നാണ് ജനങ്ങളുടെ പരാതി. വരും ദിവസങ്ങളിൽ കാവടി യാത്രികരുടെ എണ്ണം വർധിക്കുന്നതോടെ പ്രതിസന്ധി കൂടുതൽ രൂക്ഷമാകും.

അതേസമയം, കാവടി യാത്രികരുടെ നിയമലംഘനങ്ങൾക്കെതിരെ അധികൃതർ നടപടി സ്വീകരിക്കാൻ മടിക്കുകയാണെന്നും പരാതിയുണ്ട്. വലിയ സ്പീക്കറുകൾ നിരത്തിയ ലോറുകളുമായാണ് യാത്രികർ നഗരത്തിലേക്ക് പ്രവേശിക്കുന്നത്. പലപ്പോൾ തെറ്റായ ദിശയിലൂടെയായിരിക്കും കാവടി യാത്രികരുടെ വാഹനങ്ങൾ സഞ്ചരിക്കുന്നത്. ഇത് കിഴക്ക്, തെക്ക്-കിഴക്ക്, തെക്ക് ഡൽഹികളിൽ കനത്ത പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.

വെള്ളിയാഴ്ച കൂടുതൽ തീർഥാടകർ ഡൽഹിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ ഗതാഗതകുരുക്ക് കൂടുതൽ രൂക്ഷമാകും. കഴിഞ്ഞ ഏതാനം വർഷങ്ങളായി കാവടി യാത്ര നടക്കുന്ന സമയത്ത് ഇത്തരത്തിൽ ഗതാഗത കുരുക്കും പ്രശ്നങ്ങളും ഉണ്ടാകാറുണ്ടെന്നും എന്നാൽ, അധികൃതർ നടപടിയെടുക്കാറില്ലെന്നും ഡൽഹിയിലെ വിവിധ അസോസിയേഷനുകൾ ചൂണ്ടിക്കാട്ടുന്നു.

കാവടി യാത്രികർ ഓട്ടോറിക്ഷകളിലും കാറുകളിലും ട്രക്കുകളിലും കാൽനടയായിട്ടെല്ലാമാണ് സഞ്ചരിക്കുന്നത്. ഇവർക്കൊപ്പം ആയുധങ്ങളുമായി വളണ്ടിയർ സംഘവുമുണ്ടാകും. ഇരുചക്ര വാഹനയാത്രക്കാരെ ഇവർ ഭീഷണിപ്പെടുത്തുകയും ട്രാഫിക് നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്യുന്നതോടെ വലിയ ഗതാഗത കുരുക്കും പ്രശ്നങ്ങളുമാണ് ഉണ്ടാവുക.

ഔട്ടർ റിങ് റോഡ്, ഡൽഹി-മീററ്റ് എക്സ്പ്രസ് ഹൈവേ, ഡൽഹി-നോയിഡ ഡയറക്ട് ഫ്ലൈ വേ, മഥുര റോഡ് തുടങ്ങി നഗരത്തിലെ പ്രധാന പാതകളിലെല്ലാം കാവടി യാത്രികരുടെ സാന്നിധ്യമുണ്ടാകും. ഇത് ഗതാഗതകുരുക്കിന് കാരണമാവുകയും ചെയ്യും.

Tags:    
News Summary - Amid rain mess, kanwariyas with boomboxes add to traffic chaos

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.