ബംഗളൂരു: മുഡ ഭൂമി ഇടപാട് ആരോപണ വിധേയനായ മുഖ്യമന്ത്രി സിദ്ധരാമയ്യ രാജിവെക്കണമെന്നാവശ്യപ്പെട്ട് നാളെ ബംഗളൂരുവിൽ നിന്ന് മൈസൂരുവിലേക്ക് ആരംഭിക്കുന്ന പദയാത്ര ജെ.ഡി.എസ് സംസ്ഥാന അധ്യക്ഷൻ കൂടിയായ എച്ച്.ഡി. കുമാര സ്വാമി ഉദ്ഘാടനം ചെയ്യും. കർണാടക ചുമതല വഹിക്കുന്ന രാധ മോഹൻദാസ്, ബി.ജെ.പി കർണാടക പ്രസിഡന്റ് ബി.വൈ. വിജയേന്ദ്ര, കേന്ദ്ര മന്ത്രി പ്രൾഹാദ് ജോഷി എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചതാണ് ഇക്കാര്യം. ഇരു പാർട്ടികൾക്കും ഇടയിലെ അഭിപ്രായ ഭിന്നതകൾ സംസാരിച്ചു പരിഹരിച്ചതായി വിജയേന്ദ്ര പറഞ്ഞു.
നാളെ രാവിലെ 8.30ന് പദയാത്ര തുടങ്ങും. മുൻ മുഖ്യമന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ ബി.എസ്. യെദിയൂരപ്പയുൾപ്പെടെ നേതാക്കൾ പങ്കെടുക്കും.
മുഖ്യമന്ത്രി സിദ്ധരാമയ്യ രാജിവെക്കണം എന്നാവശ്യപ്പെട്ട് ഈ മാസം മൂന്ന് മുതൽ 10 വരെ ബംഗളൂരുവിൽ നിന്ന് മൈസൂരുവിലേക്ക് നടത്താൻ തീരുമാനിച്ച പദയാത്രയുടെ നേതൃനിരയിൽ മുൻ ഹാസൻ എം.എൽ.എ പ്രീതം ഗൗഡയെ ബി.ജെ.പി അവരോധിച്ചതിന് എതിരെ കുമാരസ്വാമി ബുധനാഴ്ച രൂക്ഷമായാണ് സംസാരിച്ചിരുന്നത്. പദയാത്രയിൽ ജെ.ഡി.എസ് പങ്കെടുക്കില്ല എന്നാണ് അദ്ദേഹം അറിയിച്ചിരുന്നത്.
പദയാത്രയിൽ നിന്ന് ജെ.ഡി.എസ് പിന്മാറണമെന്ന് ചൊവ്വാഴ്ച ചേർന്ന പാർട്ടി കോർ കമ്മിറ്റി യോഗം നിർദേശിക്കുകയും ചെയ്തിരുന്നു. മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ (തന്റെ പിതാവ്) കുടുംബത്തിൽ വിഷം കലക്കിയ പ്രീതം ഗൗഡക്കൊപ്പം എങ്ങനെ വേദി പങ്കിടാനാവും എന്നായിരുന്നു കുമാര സ്വാമി ആരാഞ്ഞത്. ദേവഗൗഡ കുടുംബത്തെ ഇല്ലാതാക്കാൻ ഇറങ്ങിപ്പുറപ്പെട്ട പ്രീതം ഗൗഡയെ പദയാത്രയിൽ ഉൾപ്പെടുത്തിയാൽ താൻ ഒപ്പമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് സഖ്യം വേറെ, രാഷ്ട്രീയം വേറെ. ജെ.ഡി.എസിന്റെ ശക്തികേന്ദ്രമായ ബംഗളൂരു മുതൽ മൈസൂരു വരെ തീരുമാനിച്ച പദയാത്രയിൽ പ്രീതം ഗൗഡയെ ഉൾപ്പെടുത്തുമ്പോൾ എന്തുകൊണ്ട് കൂടിയാലോചിച്ചില്ല എന്ന ആക്ഷേപവും ഉന്നയിച്ചിരുന്നു.
ബംഗളൂരു: ദക്ഷിണ കർണാടകയിൽ ശക്തമായ സാന്നിധ്യമുള്ള ജെ.ഡി.എസ് പാർട്ടിയെ തകർക്കാൻ ബി.ജെ.പിക്ക് കഴിയില്ലെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. വിധാൻ സൗധയിൽ വ്യാഴാഴ്ച മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ജെ.ഡി.എസ് സഹായത്തോടെയാണ് ബിജെപി 10 മണ്ഡലങ്ങളിൽ വിജയിച്ചത്. ആ പാർട്ടിയെ ഒപ്പം നിന്ന് കുത്തി നശിപ്പിക്കാൻ ബി.ജെ.പി ശ്രമിച്ചാൽ നടക്കില്ല. നാളെ അവർ നടത്തുന്ന പദയാത്രയുടെ വിശദാംശങ്ങൾ അറിഞ്ഞ ശേഷം നേരിടാനുള്ള പരിപാടികൾ ആസൂത്രണം ചെയ്യുമെന്ന് ശിവകുമാർ പറഞ്ഞു.
ബംഗളൂരു: കർണാടക ഗവർണർ താവർചന്ദ് ഗെഹലോട്ടിന്റെ നേതൃത്വത്തിൽ വ്യാഴാഴ്ച ചേർന്ന മന്ത്രിസഭ യോഗത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ ഹാജരായില്ല.
മൈസൂരു വികസന അതോറിറ്റി (മുഡ) മുഖേന മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യ പാർവതിക്ക് അനധികൃതമായി ഭൂമി കൈമാറി എന്ന ബി.ജെ.പി ആരോപണത്തിൽ വിശദീകരണം തേടി ഗവർണർ മുഖ്യമന്ത്രിക്ക് നോട്ടീസ് അയച്ചിരുന്നു. ഈ നോട്ടീസ് വിഷയം ചർച്ച ചെയ്യാനാണ് മന്ത്രിസഭ യോഗം വിളിച്ചുചേർത്തത്. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ അധ്യക്ഷതയിലാണ് യോഗം നടന്നത്. യോഗം നിയന്ത്രിക്കാൻ മുഖ്യമന്ത്രി ഉപമുഖ്യമന്ത്രിയെ ചുമതലപ്പെടുത്തുകയായിരുന്നുവെന്ന് ആഭ്യന്തരമന്ത്രി ഡോ.ജി. പരമേശ്വര മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രിക്കെതിരായ ആരോപണം അജണ്ടയായ യോഗത്തിൽ നിന്ന് മാറിനിൽക്കുന്നതാണ് ഉചിതമെന്ന് മന്ത്രിമാർ ഒറ്റക്കെട്ടായി അഭ്യർഥിച്ചിരുന്നതായും പരമേശ്വര കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.