ഗെഹ്‍ലോട്ട് കോൺഗ്രസ് അധ്യക്ഷനാകുമോ? രാജസ്ഥാൻ മുഖ്യമന്ത്രിക്കസേരയിൽ കണ്ണുംനട്ട് സച്ചിൻ പൈലറ്റും സംഘവും

ന്യൂഡൽഹി: കോൺഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ കുറിച്ചുള്ള ചർച്ചകൾ കൊടുമ്പിരിക്കൊണ്ടിരിക്കെ രാജസ്ഥാനിൽ വലിയ ആശ്വാസത്തിലാണ് സച്ചിൻ പൈലറ്റിന്റെ അനുയായികൾ. കാരണം കോൺഗ്രസ് സ്ഥാനാർഥിത്വമത്സരത്തിലേക്ക് ഉയർന്നു കേൾക്കുന്ന പേരുകളിലൊന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെതാണ്.

ഗെഹ്ലോട്ട് കോൺഗ്രസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടാൽ സച്ചിൻ പൈലറ്റിന് രാജസ്ഥാൻ മുഖ്യമന്ത്രിയാകാമെന്നാണ് അനുയായികളുടെ കണക്കുകൂട്ടൽ. ഇതിനു തുരങ്കം വെക്കാനായി മുഖ്യമന്ത്രിസ്ഥാനവും കോൺഗ്രസ് അധ്യക്ഷ സ്ഥാനവും ഒന്നിച്ചു വഹിക്കാൻ അനുവദിക്കണമെന്നും അതല്ലെങ്കിൽ തന്റെ വിശ്വാസ്തരിലൊരാളെ മുഖ്യമന്ത്രിയാക്കണമെന്നുമുള്ള നിർദേശം ഗെഹ്ലോട്ട് മുന്നോട്ട് വെച്ചിരുന്നു. നേരത്തേ സച്ചിൻ പൈലറ്റിനു പിന്തുണയുമായി കോൺഗ്രസ് എം.എൽ.എയും രാജസ്ഥാൻ ഷെഡ്യൂൾഡ് കാസ്റ്റ് കമ്മീഷൻ ചെയർമാനുമായ ഖിലാഡി ലാൽ ഭൈരവ രംഗത്തുവന്നിരുന്നു. യുവാക്കളുടെ പ്രതിനിധിയായ സച്ചിന് ഗുജ്ജാർ സമുദായത്തിന്റെ പൂർണ പിന്തുണയുണ്ടാകുമെന്നാണ് അദ്ദേഹം അറിയിച്ചത്.

​''അശോക് ഗെഹ്ലോട്ട് ഞങ്ങളുടെ തലമുതിർന്ന നേതാവാണ്. 40 വർഷമായി അദ്ദേഹം രാഷ്ട്രീയ രംഗത്തുണ്ട്. മാറ്റത്തിനായി ആഹ്വാനമുയരുന്ന ഈ സാഹചര്യത്തിൽ പുതിയ തലമുറക്കായി അദ്ദേഹം വഴിമാറിക്കൊടുക്കുകയാണ് വേണ്ടത്​​​''-ഭൈരവ പറഞ്ഞു.

അതേ സമയം, 2020 രാഷ്ട്രീയ പ്രതിസന്ധി കാലത്ത് സച്ചിൻ പൈലറ്റിന്റെ വിശ്വസ്തരായ 18 എം.എൽ.എമാരുടെ കൂട്ടത്തിൽ ഭൈരവ ഉണ്ടായിരുന്നില്ല എന്നതും ശ്രദ്ധേയമാണ്. അതേസമയം, ഭൈരവയുടെ വിമർശനത്തിനെതിരെ രാജസ്ഥാൻ മന്ത്രി ഉദയ്‍ലാൽ അഞ്ജന രംഗത്തെത്തി. പൊതുമധ്യത്തിൽ ഇത്തരം പ്രസ്താവനകൾ നടത്തുന്നത് പാർട്ടിയുടെ പ്രതിഛായ തകർക്കുമെന്നായിരുന്നു ഉദയ്‍ലാലിന്റെ വിമർശനം. 15 മാസം കഴിഞ്ഞാൽ രാജസ്ഥാനിൽ തെരഞ്ഞെടുപ്പ് നടക്കും. അതിനു മുമ്പ് മുഖ്യമന്ത്രിപദം കൈക്കലാക്കാൻ സാധിക്കുമോ എന്നാണ് സച്ചിൻ പക്ഷം ഉറ്റുനോക്കുന്നത്. എന്നാൽ ഇതെല്ലാം ഗെഹ്ലോട്ട് കോൺഗ്രസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടാൽ മാത്രമേ നടക്കുകയുള്ളൂ. 

Tags:    
News Summary - Amidst winds of change from Delhi, Sachin Pilot camp gets a fresh breath of life

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.