ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് അഴിച്ചുമാറ്റി അമിത് ഷാ; വീട്ടു തടങ്കലിലെന്ന് മെഹബൂബ മുഫ്തി

ജമ്മു-കശ്മീരിൽ അടുത്ത വർഷം നടക്കുന്ന തെരഞ്ഞെടുപ്പിനുള്ള ബി.ജെ.പിയുടെ പ്രചാരണ പരിപാടികൾക്ക് കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷാ തുടക്കമിട്ടിരിക്കുകയാണ്.

ബുധനാഴ്ച ബാരാമുല്ലയിൽ നടന്ന പരിപാടിയിൽ മുൻ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുല്ല, മെഹബൂബ മുഫ്തി എന്നിവർക്കെതിരെ രൂക്ഷമായ ഭാഷയിലാണ് അദ്ദേഹം പ്രതികരിച്ചത്. പരിപാടി തുടങ്ങുന്നതിനു മുന്നോടിയായി വേദിയിലെ പ്രസംഗ പീഠത്തിലെ ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് സുരക്ഷ ജീവനക്കാർ അഴിച്ചുമാറ്റിയിരുന്നു. ഇതിന്‍റെ ചിത്രം കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിങ് സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തു.

ജമ്മു-കശ്മീർ സാധാരണ നിലയിലേക്ക് തിരിച്ചെത്തിയതിന്‍റെ തെളിവാണിതെന്ന തരത്തിലാണ് ബി.ജെ.പി നേതാക്കൾ ഇതിനെ ഉയർത്തിക്കാട്ടുന്നത്. എന്നാൽ, താൻ ഇപ്പോൾ വീട്ടുതടങ്കലിലാണെന്ന് പറഞ്ഞാണ് മെഹബൂബ മുഫ്തി ഇതിനെ പരിഹസിച്ചത്. പത്താനിൽ പ്രവർത്തകരിലൊരാളുടെ വിവാഹത്തിന് പോകാനുള്ള തയാറെടുപ്പിനിടെയാണ് തന്നെ വീട്ടു തടങ്കലിലാക്കിയതെന്നും അവർ അവകാശപ്പെട്ടു.

അഭ്യന്തര മന്ത്രി ന്യൂഡൽഹിയിലേക്ക് തിരിച്ചുപോയതിനു പിന്നാലെയാണ് തന്നെ മോചിപ്പിച്ചതെന്നും അവർ പിന്നീട് വ്യക്തമാക്കി. എന്നാൽ, മുഫ്തിയുടെ ആരോപണം പൊലീസ് നിഷേധിച്ചു. പത്താനിലേക്ക് പോകുന്നതിന് യാതൊരു വിധ നിയന്ത്രണവും ഇല്ലായിരുന്നുവെന്നും മുൻ മുഖ്യമന്ത്രി ട്വീറ്റ് ചെയ്ത ചിത്രം സ്വന്തം നിലയിൽ ഗേറ്റ് പൂട്ടി വീട്ടിനുള്ളിൽ നിൽക്കുന്നതാണെന്നും പൊലീസ് പറയുന്നു.

Tags:    
News Summary - Amit Shah gets bullet proof glass removed; Mufti says ‘under house arrest for…’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.