ഗോവ പ്രതിസന്ധി: ഡല്‍ഹിയിലേക്ക് ഉറ്റുനോക്കി ഘടക കക്ഷികള്‍

മുംബൈ: ഗോവയില്‍ ഭരണ പ്രതിസന്ധി തുടരുമ്പോള്‍ എല്ലാ കണ്ണുകളും ഡല്‍ഹിയിലേക്ക്. ബുധനാഴ്ച വൈകീട്ടോടെ ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ പരിഹാരം നിര്‍ദേശിക്കുമെന്നാണ് ഗോവ ബി.ജെ.പി എം.എല്‍.എമാരുടെ പ്രതീക്ഷ. മനോഹര്‍ പരിക്കര്‍ സര്‍ക്കാറല്‍ സഖ്യ കക്ഷികളായ ഗോവ ഫോര്‍വെഡ് പാര്‍ട്ടിയും മൂന്ന് സ്വതന്ത്രരന്മാരും ഡല്‍ഹിയിലേക്ക് ഉറ്റുനോക്കുകയാണ്.

ഗോവയിലെ ഭരണ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ബുധനാഴ്ച ഡല്‍ഹിയില്‍ മൂന്ന് നിര്‍ണ്ണായക യോഗങ്ങളാണ് നടക്കുന്നത്. പാര്‍ട്ടി എം.എല്‍.എമാര്‍, കോര്‍കമ്മറ്റി അംഗങ്ങള്‍, സഖ്യ കക്ഷികള്‍ എന്നിവരുമായി ചര്‍ച്ച നടത്തിയ ബി.ജെ.പി സെക്രട്ടറി രാംലാലിന്‍െറ നേതൃത്വത്തിലുള്ള കേന്ദ്ര സംഘം അമിത് ഷായെ കണ്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. പിന്നീട് ഗോവയില്‍ നിന്നുള്ള പാര്‍ട്ടി എം.പിമാരുമായി ചര്‍ച്ച. തുടന്ന് ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ചികിത്സയില്‍ കഴിയുന്ന ഗോവ മുഖ്യമന്ത്രി മനോഹര്‍ പരിക്കറുമായി അമിത് ഷാ ചര്‍ച്ച നടത്തും. തുടര്‍ന്നാകും തീരുമാനം.

കേന്ദ്ര സഹമന്ത്രി ശ്രീപദ് നായികിനെ താല്‍കാലിക മുഖ്യമന്ത്രി ആക്കാം, നിയമസഭയില്‍ ബി.ജെ.പിയിലെ മുതിര്‍ന്ന അംഗം, സഖ്യ കക്ഷികളായ മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി, ഗോവ ഫോര്‍വേഡ് പാര്‍ട്ടി സഭാ നേതാക്കള്‍ എന്നിവരടങ്ങിയ മന്ത്രിസഭ ഉപദേശക സമിതിയെ നിയോഗിക്കുക എന്നീ ആശയങ്ങളാണ് ശേഷിക്കുന്നത്. ഗോമന്തക് പാര്‍ട്ടി നേതാവ് സുദിന്‍ ധവലിക്കറിന് വഴിയൊരുക്കുന്ന മന്ത്രിസഭയിലെ മുതിര്‍ന്ന അംഗത്തെ താല്‍കാലിക മുഖ്യനാക്കുക എന്നത് ബി.ജെ.പി എം.എല്‍.എമാരും ഗോവ ഫോര്‍വേഡ് പാര്‍ട്ടിയും തള്ളി. താല്‍കാലികമല്ല സ്ഥിര പരിഹാരമാണ് വേണ്ടതെന്ന് ഗോവ ഫോര്‍വേഡ് പാര്‍ട്ടി നേതാവ് വിജയ് സര്‍ദേശായി വ്യക്തമാക്കിയിട്ടുണ്ട്. തങ്ങളുടെ പിന്തുണ പരിക്കര്‍ക്കാണെന്നും അദ്ദേഹം അടിവരയിടുന്നു. അമിത് ഷായുടെ അന്തിമ തീരുമാനം എന്താകുമെന്നും അത് സഖ്യകക്ഷികള്‍ എങ്ങിനെ സ്വീകരിക്കുമെന്നുമാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്.

ഇതിനിടയില്‍, ബി.ജെ.പിക്ക് സഭയില്‍ ഭൂരിപക്ഷമില്ളെന്നും ഭൂരിപക്ഷം തെളിയിക്കാന്‍ നിര്‍ദേശിക്കണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബുധനാഴ്ച വീണ്ടും ഗോവ ഗവര്‍ണ്ണര്‍ മൃദുല സിന്‍ഹയെ കണ്ടത് ബി.ജെ.പി നേതൃത്വത്തിന് വെല്ലുവളിയായിട്ടുണ്ട്. മുഖ്യ മന്ത്രിക്ക് പുറമെ മറ്റ് അംഗങ്ങളും പലയിടങ്ങളിലായി ചികിത്സയിലാണ്. ഗോവ ഫോര്‍വേഡ് പാര്‍ട്ടി നേതാവ് വിജയ് സര്‍ദേശായിക്ക് ഒപ്പമാണ് മൂന്ന് സ്വതന്ത്രര്‍ എന്നതും ബി.ജെ.പിയെ അലട്ടുന്നു. ആകെ 40 മണ്ഡലങ്ങളുള്ള ഗോവയില്‍ 21 അംഗങ്ങളുടെ ഭൂരിപക്ഷമാണ് വേണ്ടത്. ഗോമന്തക് പാര്‍ട്ടി (മൂന്ന്), ഗോവ ഫോര്‍വേഡ് പാര്‍ട്ടി (മൂന്ന്), എന്‍.സി.പി (ഒന്ന്), സ്വതന്ത്രര്‍ (മൂന്ന്) എന്നിവരുടെ പിന്തുണയില്‍ ബി.ജെ.പി (14 ) 24 തികച്ചാണ് ഭരണം പിടിച്ചത്. 16അംഗങ്ങളുള്ള കോണ്‍ഗ്രസ് മാത്രമാണ് പ്രതിപക്ഷം. ഗോവ ഫോര്‍വേഡ് പാര്‍ട്ടിയും സ്വതന്ത്രരും കാലുമാറിയാല്‍ ഭരണം കോണ്‍ഗ്രസിന് പിടിക്കാം എന്നതാണ് അവസ്ഥ.

Tags:    
News Summary - Amit Shah To Meet Goa BJP Leaders Today As Allies Send Tough Message- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.