അഹമ്മദാബാദ്: രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയെ ഹിന്ദുമഹാസഭ നേതാവ് വിനായക് ഗോഡ്‌സെ വെടിവെച്ചു കൊന്നതിന്‍റെ 74ാം വാർഷിക ദിനത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഗാന്ധിയുടെ ചുവർചിത്രം അമിത് ഷാ അനാച്ഛാദനം ചെയ്തു. അഹമ്മദാബാദിലെ സബർമതി നദീതീരത്താണ് കളിമണ്ണിൽ ഗാന്ധിയുടെ കൂറ്റൻ ചുവർചിത്രമൊരുക്കിയത്.
'മഹാത്മാഗാന്ധി ഓരോ ഭാരതീയന്‍റെയും ഹൃദയത്തിൽ സ്വദേശി, സ്വഭാഷ, സ്വരാജ് എന്നിവയുടെ ചൈതന്യം വിതറി. അദ്ദേഹത്തിന്‍റെ ചിന്തകളും ആദർശങ്ങളും രാഷ്ട്രത്തെ സേവിക്കാൻ ഓരോ ഇന്ത്യക്കാരനെയും എപ്പോഴും പ്രചോദിപ്പിക്കും. ഇന്ന്, ബഹുമാനപ്പെട്ട ബാപ്പുവിന്‍റെ ചരമവാർഷികത്തിൽ ഞാൻ അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിക്കുന്നു' -ചടങ്ങിന് ശേഷം അമിത് ഷാ ട്വിറ്ററിൽ കുറിച്ചു.
ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷന്‍റെ (കെ.വി.ഐ.സി) മേൽനോട്ടത്തിൽ പരിശീലനം ലഭിച്ച രാജ്യത്തുടനീളമുള്ള 75 ശിൽപികൾ ശേർന്നാണ് ചുവർചിത്രം നിർമ്മിച്ചത്. അനാച്ഛാദന ചടങ്ങിൽ കേന്ദ്ര മന്ത്രി നാരായൺ റാണെ, ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ, കേന്ദ്ര സഹമന്ത്രി ഭാനു പ്രതാപ് സിംഗ് വർമ, കെവിഐസി ചെയർമാൻ വിനയ് കുമാർ സക്സേന തുടങ്ങിയവർ സംബന്ധിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി രക്തസാക്ഷി ദിനത്തിൽ ഗാന്ധിജിക്ക് ആദരാഞ്ജലികൾ അർപ്പിച്ചു. രാഷ്ട്രപിതാവിന്‍റെ മഹത്തായ ആശയങ്ങൾ കൂടുതൽ ജനകീയമാക്കാനുള്ള കൂട്ടായ ശ്രമമാണിതെന്ന് അദ്ദേഹം പറഞ്ഞു. 1948 ജനുവരി 30 ന് ബിർള ഹൗസിൽ വെച്ചാണ് മഹാത്മാഗാന്ധിയെ നാഥുറാം വിനായക് ഗോഡ്‌സെ കൊലപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.