ന്യൂഡൽഹി: തെലങ്കാനയിൽ ബി.ജെ.പി സർക്കാർ രൂപീകരിച്ചാൽ മുസ്‍ലിംകളുടെ സംവരണം എടുത്തു കളയുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഹൈദരാബാദിനടുത്ത ഷെവല്ലയിൽ പൊതുജന റാലിയിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ. മതത്തിന്റെ അടിസ്ഥാനത്തിൽ സംവരണം ഏർപ്പെടുത്തുന്നത് ഭരണഘടന വിരുദ്ധമാണെന്നും അമിത് ഷാ പറഞ്ഞു.
അധികാരത്തിലെത്തിയാൽ കർണാടകയിൽ ഇപ്പോൾ മുസ്‍ലിംകൾക്ക് നിലവിലുള്ള നാലു ശതമാനം സംവരണം എടുത്തുകളയും. ഇത് പട്ടിക ജാതി, പട്ടിക വർഗം, ഒ.ബി.സി വിഭാഗങ്ങൾക്ക് വിഭജിച്ച് നൽകും. -അമിത് ഷാ പറഞ്ഞു. നിരവധി പദ്ധതികളിൽ തെലങ്കാനയിലെ ബി.ആർ.എസ് സർക്കാർ അഴിമതി നടത്തുകയാണെന്നും അഴിമതി സർക്കാരിനെ പുറത്താക്കുന്നത് വരെ ബി.ജെ.പി പോരാട്ടം അവസാനിപ്പിക്കില്ല. കേന്ദ്രസർക്കാരിന്റെ പല ക്ഷേമ പദ്ധതികളും തെലങ്കാനയിലെ പാവപ്പെട്ടവരിലേക്ക് എത്തുന്നില്ല. അസദുദ്ദീൻ ഉവൈസിയുടെ എ.ഐ.എം.ഐ.എമ്മിന്റെ അജണ്ടയാണ് തെലങ്കാനയിൽ കെ.സി.ആർ സർക്കാർ നടപ്പാക്കുന്നതെന്നും അമിത് ഷാ ആരോപിച്ചു.
എന്നാൽ തെലങ്കാനയിൽ ബി.ജെ.പിക്ക് മുസ്‍ലിം വിരുദ്ധ പ്രസംഗമല്ലാതെ മറ്റൊരു കാഴ്ചപ്പാടുമില്ലെന്നും ഉവൈസി മറുപടി നൽകി. വ്യാജ ഏറ്റുമുട്ടലുകൾ, സർജിക്കൽ സ്ട്രൈക്ക്, കർഫ്യൂകൾ, ക്രിമിനലുകളെയും ബുൾഡോസറുകളെയും മോചിപ്പിക്കൽ എന്നിവയാണ് അവർ വാഗ്ദാനം ചെയ്യുന്നത്. നിങ്ങളെന്തിനാണ് തെലങ്കാനയിലെ ജനങ്ങളെ ഇത്ര കണ്ട് വെറുക്കുന്നത്.''-ഉവൈസി ചോദിച്ചു. പട്ടിക ജാതി, പട്ടിക വർഗ, മറ്റ് പിന്നാക്ക വിഭാഗങ്ങളുടെ നീതി ഗൗരവമായി കാണുന്നുവെങ്കിൽ അമിത് ഷാ എന്തുകൊണ്ടാണ് 50% ക്വാട്ട പരിധി നീക്കം ചെയ്യുന്നതിനുള്ള ഭരണഘടനാ ഭേദഗതി കൊണ്ടുവരാത്തത്.
പിന്നോക്ക മുസ്‍ലിം വിഭാഗങ്ങൾക്ക് സംവരണം ഡാറ്റയെ അടിസ്ഥാനമാക്കിയാണ് നടപ്പാക്കിയെന്നും ഉവൈസി ട്വീറ്റ് ചെയ്തു. ഈ വർഷാവസാനമാണ് തെലങ്കാനയിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.