'അക്രമം എന്താണെന്ന് കാണിച്ചുതരും'; പൊലീസ് സ്റ്റേഷനിലെ സംഘർഷത്തിന് പിന്നാലെ ഭീഷണിയുമായി അമൃത്പാൽ സിങ്

ന്യൂഡൽഹി: പൊലീസ് സ്റ്റേഷനിൽ ആക്രമണം അഴിച്ചുവിട്ടത് വിട്ടതിന് പിന്നാലെ വീണ്ടും ഭീഷണിയുമായി ഖലിസ്ഥാൻ സംഘടന വാരിസ് പഞ്ചാബ് ദേ തലവൻ അമൃത്പാൽ സിങ്. അജ്നാലയിലുണ്ടായ സംഭവം അക്രമമായിരുന്നില്ലെന്നും യഥാർഥ അക്രമം കാണാൻ പോവുന്നെയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

മുദ്രവാക്യം വിളിക്കുന്നതും ഖാലിസ്ഥാൻ പതാക ഉയർത്തുന്നതും നിങ്ങൾ അ​ക്രമമായി കാണുന്നു. ഇതുവരെ യഥാർഥ അ​ക്രമം എന്താണെന്ന് നിങ്ങൾ ക​ണ്ടിട്ടില്ലെന്ന് അമൃത്പാൽ സിങ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ചിലർ അക്രമം മോശമാണെന്ന് പറയും. പക്ഷേ അക്രമം വിശുദ്ധമാണ്.നിങ്ങൾക്ക് മുന്നിൽ മറ്റ് വഴികളില്ലെങ്കിൽ വലതുകൈയിൽ ഒരു വാൾ കരുതണമെന്ന് ഗുരു ഗോബിന്ദ് സിങ് തന്നെ പറഞ്ഞിട്ടുണ്ടെന്നും അമൃത്പാൽ സിങ് ചൂണ്ടിക്കാട്ടി.

ഇന്ത്യയെന്ന ആശയം വളരെ ദുർബലമാണ്. നമ്മൾ ഇന്ത്യക്കാരാണെന്ന് പറയുന്നത് വ്യാജമാണ്. നമ്മൾ എ​ന്തിന് അങ്ങനെ പറയണം. ദേശീയതയുടെ കയർ ദുർബലമാണ്. അത് ​എപ്പോൾ വേണമെങ്കിലും പൊട്ടാമെന്നും അമൃത്പാൽ സിങ് പറഞ്ഞു. കശ്മീരിലും പാകിസ്താനിലും ബലൂചിസ്താനിലും ഇന്ത്യ നടത്തുന്ന പ്രവർത്തനങ്ങ​ളേയും അമൃത്പാൽ സിങ് വിമർശിച്ചു. 

നേരത്തെ ഖലിസ്ഥാൻ അനുകൂലിയായ സിഖ് പ്രഭാഷകൻ അമൃത്പാൽ സിങ്ങിന്റെ അനുയായി തൂഫാൻ എന്ന ലൗപ്രീത് സിങ്ങിനെ കോടതി ഇടപടെലിനെ തുടർന്ന് ജയിലിൽ നിന്ന് മോചിപ്പിച്ചിരുന്നു.

കഴിഞ്ഞ ദിവസം അമൃത്പാൽ സിങ്ങിന്റെ അനുയായികൾ പഞ്ചാബിലെ അജ്നാല പൊലീസ് സ്റ്റേഷനിൽ ആക്രമണമഴിച്ചുവിടാൻ കാരണമായത് തൂഫാന്റെ അറസ്റ്റാണ്.

പൊലീസ് നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് അജ്നാല കോടതി തൂഫാനെ മോചിപ്പിക്കാൻ ഉത്തരവിട്ടത്. തുടർന്ന് ഇയാൾ അമൃത്സർ സെൻട്രൽ ജയിലിൽനിന്ന് പുറത്തിറങ്ങി. തൂഫാനെ സ്വീകരിക്കാൻ അമൃത്പാൽ സിങ്ങിന്റെ നേതൃത്വത്തിലുള്ള വൻ സംഘം വാഹനവ്യൂഹങ്ങളുമായി ജയിലിന് പുറത്തുണ്ടായിരുന്നു. അവർ പിന്നീട് പ്രാർഥനക്കായി സുവർണ ക്ഷേത്രത്തിലേക്ക് പോയി. രൂപ് നാഗർ ജില്ലയിലെ ചംകൗർ സാഹിബ് സ്വദേശി വരീന്ദർ സിങ് എന്നയാളെ തട്ടിക്കൊണ്ടുപോയ സംഭവത്തിലാണ് തൂഫാനെ അറസ്റ്റു ചെയ്തത്.

ഏറ്റുമുട്ടലുണ്ടായ അജ്നാല പൊലീസ് സ്റ്റേഷനിൽ കനത്ത സുരക്ഷയേർപ്പെടുത്തി. വരീന്ദർ സിങ്ങിനെ തട്ടിക്കൊണ്ടുപോകുമ്പോൾ തൂഫാൻ അവിടെയുണ്ടായിരുന്നില്ലെന്ന് കാണിച്ച് അമൃത്പാലിന്റെ ആളുകൾ തെളിവുനൽകിയിട്ടുണ്ടെന്ന് അമൃത്സർ റൂറൽ എസ്.പി സതീന്ദർ സിങ് പറഞ്ഞു. നിലവിൽ സ്ഥിതിഗതി ശാന്തമാണ്. വ്യാഴാഴ്ചത്തെ അക്രമത്തിൽ കേസെടുത്തിട്ടുണ്ടോ എന്ന ചോദ്യത്തോട് എസ്.പി പ്രതികരിച്ചിരുന്നില്ല.

Tags:    
News Summary - Amritpal Singh spews fresh venom, says ‘Ajnala incident not violent, real violence yet to be seen’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.