ലഖ്നോ: അലിഗഡ് സർവകലാശാലയിലെ ജിന്ന വിവാദം ചൂടുപിടിക്കുന്നതിനിടെ ഇൻർനെറ്റ് ബന്ധം വിച്ഛേദിച്ച് ജില്ലാ ഭരണകൂടം. സംഭവം വിവാദമാകുന്നതിനിടെയാണ് ഇന്ന് ഉച്ചക്ക് 2 മണി മുതൽ അർധ രാത്രിവരെ ഇന്‍റർനെറ്റ് ബന്ധം വിച്ഛേദിക്കാൻ ജില്ലാ മജിസ്ട്രേറ്റ് ഉത്തരവിട്ടത്.
ജിന്നയുടെ ചിത്രം സർവകലാശാലയിൽ നിന്ന് മാറ്റിയില്ലെങ്കിൽ ബലമായി എടുത്തുമാറ്റുമെന്ന് ഹിന്ദു വാഹിനി നേതാവ് അമിത് ഗോസ്വാമി പ്രതികരിച്ചിരുന്നു. ഇതേതുടർന്ന് ഇയാളെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു.
കാമ്പസിലെ മുഹമ്മദലി ജിന്നയുടെ ചിത്രത്തിനെതിരെ ബി.ജെ.പി എം.പി എസ്.പി. മൗര്യ രംഗത്തുവന്നതിനെ തുടർന്നാണ് സംഭവം വിവാദമായത്. ഇതിനെ തുടർന്ന് ഹിന്ദു വാഹിനി പ്രവർത്തകർ സർവകലാശാലയിലേക്ക് മാർച്ച് നടത്തുകയും അത് അക്രമാസക്തമാകുകയും ചെയ്തിരുന്നു.
അതിനിടെ, ബി.ജെ.പി മന്ത്രി സ്വാമി പ്രസാദ് മൗര്യ സ്വാതന്ത്ര്യത്തിന് മുമ്പുള്ള ജിന്നയുടെ സംഭാവനകളെ കാണാതിരിക്കാനാവില്ലെന്ന് പറഞ്ഞ് വെട്ടിലായിരുന്നു. എന്നാൽ, ബി.ജെ.പി നേതൃത്വം ഇക്കാര്യം നിഷേധിച്ച് പിന്നീട് രംഗത്തെത്തി.
ഇന്ത്യയുടെ വിഭജനത്തിന് പിറകിലുള്ളവർ യാതൊരു തരത്തിലുള്ള ബഹുമാനവും അർഹിക്കുന്നില്ലെന്നാണ് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അഭിപ്രായപ്പെട്ടത്.
അതേസമയം, മുഹമ്മദലി ജിന്ന അലീഗഢ് സർവകലാശാല സ്ഥാപിത അംഗമാണെന്ന് സർവകലാശാല അറിയിച്ചു.
ഇന്ത്യ വിഭജനത്തിന് മുമ്പുതന്നെ അദ്ദേഹത്തിന് സർവകലാശാല ആജീവനാന്ത അംഗത്വം നൽകിയിരുന്നു. കൂടാതെ, മഹാത്മ ഗാന്ധി, സരോജിനി നായിഡു, ജവഹർലാൽ നെഹ്റു തുടങ്ങിയ നിരവധി പേർക്ക് സർവകലാശാല ആജീവനാന്ത അംഗത്വം നൽകിയിട്ടുണ്ട്. അവരുടെ ചിത്രങ്ങളെല്ലാം കാമ്പസിലുണ്ടെന്നും വൈസ് ചാൻസലറുടെ വക്താവ് അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.