ബംഗളൂരു: ‘അമുലി’നെ കർണാടകയിലേക്ക് കൊണ്ട് വരുന്നത് ‘നന്ദിനി’യെ കൊല്ലാൻ ആണെന്നത് നാണക്കേടുളവാക്കുന്ന ആരോപണമാണെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. മെയ് 10ന് കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനാലാണ് കാര്യങ്ങൾ വളച്ചൊടിക്കാനും അതുവഴി വൈകാരികമായ പ്രശ്നങ്ങൾ ഉണ്ടാക്കാനും ചിലർ ശ്രമിക്കുന്നതെന്നും നിർമല കുറ്റപ്പെടുത്തി. ഇന്ത്യയിലെ രീതി അനുസരിച്ച് ഓരോ സംസ്ഥാനത്തിനും സ്വന്തമായി ക്ഷീര സഹകരണ പ്രസ്ഥാനങ്ങളുണ്ട്. കർണാടകയിലെ നന്ദിനിയെ തിരിച്ചറിയാത്തവരാരാണ്?
കാരണാടകയിലേക്ക് വരുമ്പോൾ നന്ദിനിയുടെയും ഡൽഹിയിലായിരിക്കുമ്പോൾ അമുലിന്റെയും ഉത്പന്നങ്ങൾ ഞാൻ ഉപയോഗിക്കാറുണ്ട്. കർണാടകയിലായിരിക്കുമ്പോൾ തന്നെ നന്ദിനിയുടെ ഉത്പന്നങ്ങൾ ലഭ്യമായില്ലെങ്കിൽ തീർച്ചയായും ഞാൻ അമുലിന്റെ ഉത്പന്നങ്ങൾ തന്നെയാവും വാങ്ങുക. നന്ദിനിയുടെ ഉത്പന്നങ്ങൾ കിട്ടിയില്ലെങ്കിൽ പാൽ ഉൽപന്നങ്ങൾ വാങ്ങില്ലെന്ന് പറയാൻ ഞാനൊരു സന്യാസി അല്ല. എന്നാൽ അതിനർത്ഥം ഞാൻ കർണാടകക്കെതിരാണ് എന്നല്ല -നിർമല പറഞ്ഞു.
കർണാടകയിലെ നന്ദിനിയും അവിടെയുള്ള ക്ഷീര കർഷകരുടെയും ശാക്തീകരണം ഒരിക്കലും ഒരു ചോദ്യ ചിഹ്നമല്ല. അതിനിയും തുടരുമെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു. കർണാടകയിൽ മറ്റ് ക്ഷീര ഉത്പന്നങ്ങൾ ലഭ്യമാകുന്നത് പോലെ തന്നെ നന്ദിനിയും കേരളത്തിലും തമിഴ്‌നാട്ടിലും തെലങ്കാനയിലും ആന്ധ്രാ പ്രദേശിലും ലഭ്യമാണ്. മത്സരം എന്നത് കൊണ്ട് ഉദ്ദേശേഷിക്കുന്നത് ഇന്ത്യയെ എല്ലാ തരത്തിലും ശക്തിപെടുത്തിയെടുക്കുക എന്നതാണ്. അതിനാലാണ് ലോകത്തിലെ ഏറ്റവും വലിയ ക്ഷീര ഉത്പാദകരായി ഇന്ത്യ മാറിയത്. തിങ്കേഴ്‌സ് ഫോറവുമായി നടത്തിയ ഇന്ററാക്ഷൻ സെക്ഷനിൽ സംസാരിക്കുകയായിരുന്നു നിർമല സീതാരാമൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.