അനിശ്ചിതത്വത്തിന് വിരാമം; മധ്യപ്രദേശിൽ മോഹൻ യാദവ് മുഖ്യമന്ത്രി

ഭോപാൽ: മധ്യപ്രദേശിൽ മുഖ്യമന്ത്രിയെ ചൊല്ലിയുള്ള അനിശ്ചിതത്വങ്ങൾക്ക് വിരാമം. തെക്കൻ ഉജ്ജയിൻ മണ്ഡലത്തിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട മോഹൻ യാദവിനെ മുഖ്യമന്ത്രിയാക്കാൻ ബി.ജെ.പിയിൽ ധാരണയായി. മുഖ്യമന്ത്രി പദവിയെ ചൊല്ലിയുള്ള തർക്കം തീർക്കാൻ നിയോഗിക്കപ്പെട്ട നിരീക്ഷകരുടെ സാന്നിധ്യത്തിൽ ചേർന്ന പുതിയ നിയമസഭാംഗങ്ങളുടെ യോഗമാണ് പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുത്തത്. രാജേഷ് ശുക്ല, ജഗ്ദിശ് ദേവ്ഡ എന്നിവർ ഉപമുഖ്യമന്ത്രിമാരാകും. കേന്ദ്ര മന്ത്രിസഭയിൽനിന്ന് രാജിവെച്ച് നിയമസഭയിലെത്തിയ നരേന്ദ്ര തോമർ നിയമസഭ സ്പീക്കറാകും.

2013 മുതൽ തെക്കൻ ഉജ്ജയിൻ മണ്ഡലത്തെ നിയമസഭയിൽ പ്രതിനിധീകരിക്കുന്നയാളാണ് മോഹൻ യാദവ്. 2018ൽ രണ്ടാം തവണ നിയമസഭയിലേക്ക് ജയിച്ചുകയറിയ അദ്ദേഹം ശിവരാജ് സിങ് ചൗഹാന്റെ നേതൃത്വത്തിലുള്ള സർക്കാറിൽ 2020 ജൂലൈ രണ്ടിന് ഉന്നത വിദ്യാഭ്യാസ മന്ത്രിയായി ചുമതലയേറ്റു. ഇത്തവണ 12,941 വോട്ടിന്റെ ഭൂരിപക്ഷത്തിൽ കോൺഗ്രസിലെ ചേതൻ പ്രേംനാരായൺ യാദവിനെ തോൽപിച്ചാണ് തെരഞ്ഞെടുക്കപ്പെട്ടത്. 1965 മാർച്ച് 25ന് ഉജ്ജയിനിൽ ജനിച്ച മോഹൻ യാദവ് ബിസിനസുകാരൻ കൂടിയാണ്.    

മുഖ്യമന്ത്രി പദവിക്കായി നേതാക്കൾ തമ്മിൽ മത്സരം മുറുകിയ സാഹചര്യത്തിൽ ഭൂരിപക്ഷം എം.എൽ.എമാരുടെ പിന്തുണ ആർക്കെന്നറിഞ്ഞ് പ്രശ്നം ഒത്തുതീർക്കാൻ ബി.ജെ.പി മൂന്ന് വീതം നിരീക്ഷകരെ നിയോഗിച്ചിരുന്നു. തന്നെ മാറ്റുമെന്ന് സൂചന ലഭിച്ചതോടെ നിലവിലെ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ താൻ മുഖ്യമന്ത്രി പദത്തിനായുള്ള മത്സരത്തിനില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞിരുന്നു. ഇതോടെ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് എം.പി സ്ഥാനം രാജിവെച്ച കേന്ദ്ര മന്ത്രിമാരായ പ്രഹ്ലാദ് പട്ടേലും നരേന്ദ്ര സിങ് തോമറും കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയും ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയവർഗ്യയും മുഖ്യമന്ത്രി പദത്തിനായി ശക്തമായ മത്സരത്തിലുണ്ടായിരുന്നു. എന്നാൽ, അപ്രതീക്ഷിതമായാണ് മോഹൻ യാദവിന് നറുക്ക് വീണത്.

Tags:    
News Summary - An end to uncertainty; Mohan Yadav is the Chief Minister of Madhya Pradesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.