പ്രധാനമന്ത്രിക്ക് ഒരു തുറന്ന കത്ത്ന്യൂഡൽഹി: രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ ക്രമസമാധാന പ്രശ്നങ്ങൾ നിലനിൽക്കെ പ്രധാനമന്ത്രിക്ക് തുറന്ന കത്തെഴുതി ആർ.ജെ.ഡി നേതാവും രാജ്യസഭാ എം.പിയുമായ മനോജ് കുമാർ ഝാ. പ്രധനമന്ത്രിയെന്ന പദവിക്ക് നിരവധി ഉത്തരവാദിത്തങ്ങളുണ്ട്. ദാരിദ്ര്യത്തിന്‍റേയും അസമത്വത്തിന്‍റേയും വിശാലമായ സമുദ്രത്തിൽ സമ്പത്തിന്‍റെ രണ്ട് ദീപുകൾക്ക് വേണ്ടിയാണ് കേന്ദ്ര സർക്കാർ പ്രവർത്തിക്കുന്നത്. രാജ്യം വളരുകയാണ് എന്ന് പറയുമ്പോഴും എല്ലാ വിഭാഗത്തിനും പുരോഗതിയിൽ നിന്ന് പ്രയോജനം ലഭിക്കുന്നുണ്ട് എന്ന് ഉറപ്പാക്കാൻ പ്രദാനമന്ത്രി ബാധ്യസ്ഥനാണെന്നും ഝാ കൂട്ടിച്ചേർത്തു.
ഒരു നല്ല ജനാധിപത്യം എന്നത് നല്ല മനുഷ്യത്വമുള്ള സമൂഹം കൂടിയായിരിക്കണം. നിങ്ങൾ ഇരിക്കുന്ന കസേരയിൽ എഴുതപ്പെട്ടതും എഴുതപ്പെടാത്തതുമായ ചില ഉത്തരവാദിത്തങ്ങളുണ്ട്.
മതനിരപേക്ഷത, സാമൂഹിക നീതി, ഐക്യം എന്നിവയുടെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുക എന്നതാണ് അതിലൊന്ന്. ഇവ നമ്മുടെ രാഷ്ട്രത്തിൻറെ തൂണുകളാണ്. ഒരു നേതാവെന്ന നിലയിൽ രാജ്യത്തെ വിവിധ വിഭാഗങ്ങൾക്കിടയിൽ നിലനിൽക്കുന്ന അകൽച്ചയെ ഇല്ലാതാക്കി അവർ തമ്മിൽ സൗഹൃദമുണ്ടാക്കുക എന്നതാണ് നിങ്ങളുടെ ഉത്തരവാദിത്തം. മണിപ്പൂരിലും ജമ്മു കശ്മീരിലും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും നടന്ന മനുഷ്യാവകാശ ലംഘനങ്ങളുടെ സമീപകാല സംഭവങ്ങൾ പ്രധാനമന്ത്രി എന്ന നിലയിൽ നിങ്ങൾ സ്വയം ഉത്തരവാദിത്തങ്ങൾ മറക്കുന്നതിൻറെ തെളിവുകളാണ്. രാഷ്ട്രീയ പ്രചാരകനെന്നോ നിങ്ങളുടെ പാർട്ടിയുടെ പ്രചാരകനെന്നതിനോ അപ്പുറം ഇന്ത്യയെന്ന ആശയത്തിനായി പോരാടാൻ പ്രധാനമന്ത്രി പദവി വഹിക്കുന്ന വ്യക്തി സാധിക്കേണ്ടതുണ്ട്. സാമൂഹിക വിഭജനം മുതലെടുത്തും, അത് ജനാധിപത്യത്തെ ദോഷകരമായി ബാധിക്കുമെന്ന് വ്യക്തമായ ധാരണയുണ്ടായിരുന്നിട്ടും നിങ്ങളുടെ പാർട്ടി കേവലം രാഷ്ട്രീയ നേട്ടങ്ങൾ മാത്രം ലക്ഷ്യം വെച്ച് പ്രവർത്തിക്കുന്നു എന്നത് ആശങ്കജനകമാണ്. സമീപകാലത്തായി നിങ്ങൾ പ്രദർശിപ്പിക്കുന്ന ആശയപരമായ ചായ്‍വുകളും വിജയങ്ങളും തെറ്റായ പാതയിലൂടെ തുടരാൻ നിങ്ങളെ പ്രേരിപ്പിക്കുന്നുണ്ട്. എന്നാൽ ആ പ്രേരണ രാജ്യത്തിനുണ്ടാക്കുന്ന പ്രയാസത്തിൻറെ ആഘാതം കൂടി തിരിച്ചറിയേണ്ട്ത് അനിവാര്യമാണെന്നും ഝാ കത്തിൽ കുറിച്ചു.
കഴിഞ്ഞ ഏതാനും വർഷങ്ങൾ ഇന്ത്യയിലെ ജനങ്ങൾക്ക് ഏറെ പ്രയാസമുണ്ടാക്കുന്നതാണ്. വിഭജനവും, വർഗീയ ധ്രുവീകരണവും ചേരിതിരിവും രൂക്ഷമായ രാജ്യത്ത് ജനങ്ങൾ ശ്വസിക്കാൻ പോലും പ്രയാസപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനാധിപത്യമെന്ന ആശയത്തിൽ വേരൂന്നിയ ജവഹർലാൽ നെഹ്റുവിൻറെ ആശയങ്ങളെ പിന്തുടരുന്നത് നിലവിലുള്ള സർക്കാരിൻറെ പ്രവർത്തനങ്ങളെ സഹായിക്കും. ജനങ്ങളെ കേൾക്കാനും അവരോട് സംവദിക്കാനും പ്രധാനമന്ത്രി സമയം കണ്ടെത്തേണ്ടതുണ്ട്. അവരുടെ അഭിപ്രായങ്ങൾ കേൾക്കുന്നത് വഴി പുതിയ നിലപാടുകളിലേക്കും പദ്ധതികളിലേക്കും സർക്കാരിന് എത്താൻ സാധിക്കും. അതിനൊപ്പം രാജ്യത്ത് ശരിയായ വികസനമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.