മുംബൈ: ഇന്ത്യയിലെ അതിസമ്പന്നരിൽ ഒരാളായ കോടീശ്വരൻ മുകേഷ് അംബാനിയുടെ ഇളയ മകൻ ആനന്ദ് അംബാനി വിവാഹിതനാകുന്നു. ബാല്യകാല സുഹൃത്തും പ്രണയിനിയുമായ രാധിക മെർചന്റ് ആണ് വധു. വ്യവസായി വീരൻ മെർച്ചന്റിന്റെ മകളാണ് രാധിക.
അംബാനി കുടുംബമാണ് വിവാഹവാർത്ത പുറത്തുവിട്ടത്. ഇരുവരും തമ്മിലുള്ള വിവാഹനിശ്ചയം രാജസ്ഥാനിലെ നാഥ്ദ്വാരയിലുള്ള ശ്രീനാഥ്ജി ക്ഷേത്രത്തിൽ നടന്നു. കുടുംബങ്ങൾ മാത്രമാണ് ചടങ്ങിൽ സംബന്ധിച്ചത്. വിവാഹം അടുത്ത മാസങ്ങളിൽ തന്നെ നടക്കുമെന്നാണ് അംബാനി ഗ്രൂപ്പ് പുറത്തുവിട്ട വാർത്താകുറിപ്പിൽ സൂചിപ്പിച്ചത്. വർഷങ്ങളായി സുഹൃത്തുക്കളാണ് ആനന്ദും രാധികയും. ഒരുമിച്ചുള്ള യാത്ര തുടങ്ങുന്ന ഇരുവർക്കുമായി രണ്ടുപേരുടെയും കുടുംബങ്ങൾ എല്ലാവരുടെയും അനുഗ്രഹവും ആശംസകളും തേടുകയാണെന്നും വാർത്താകുറിപ്പിൽ ആവശ്യപ്പെട്ടു. ഫാർമസി ഗ്രൂപ്പായ എൻകോർ ഹെൽത്ത്‌കെയർ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ സി.ഇ.ഒ ആണ് രാധികയുടെ പിതാവ് വീരൻ മെർച്ചന്റ്. ഷൈല മെർച്ചന്റ് ആണ് ഭാര്യ. ന്യൂയോർക്ക് യൂനിവേഴ്‌സിറ്റിയിൽ പൊളിറ്റിക്‌സ് ആൻഡ് എക്‌ണോമിക്‌സിൽ ബിരുദ പഠനം നേടിയ രാധിക നർത്തകിയുമാണ്. ഗുരു ഭാവന താക്കറിനു കീഴിൽ എട്ടു വർഷത്തോളം ഭരതനാട്യം അടക്കമുള്ള ക്ലാസിക്കൽ നൃത്തകലകൾ അഭ്യസിച്ചിട്ടുണ്ട്.
കഴിഞ്ഞ ജൂണിൽ മുംബൈയിലെ ജിയോ വേൾഡ് സെന്ററിൽ വച്ചായിരുന്നു രാധികയുടെ അരങ്ങേറ്റം. അംബാനി കുടുംബം സംഘടിപ്പിച്ച ചടങ്ങിൽ മുകേഷ് അംബാനിയും നിത അംബാനിയും അടക്കമുള്ള പ്രമുഖരും സംബന്ധിച്ചിരുന്നു. അമേരിക്കയിലെ പഠനശേഷം നാട്ടിലെത്തിയ രാധിക റിയൽ എസ്റ്റേറ്റ് ശൃംഖലയായ ഇസ്പ്രാവയിൽ സെയിൽസ് എക്‌സിക്യൂട്ടീവായാണ് കരിയർ ആരംഭിച്ചത്. നിലവിൽ എൻകോർ ഹെൽത്ത്‌കെയർ ഡയറക്ടർ ബോർഡ് അംഗമാണ്.
ധീരുഭായ് അംബാനി ഇന്റർനാഷനൽ സ്‌കൂളിലെ പ്രാഥമിക പഠനത്തിനുശേഷം യു.എസിലെ ബ്രൗൺ യൂനിവേഴ്‌സിറ്റിയിൽനിന്നാണ് ആനന്ദ് അംബാനി ബിരുദപഠനം പൂർത്തീകരിച്ചത്. നാട്ടിലെത്തിയ ശേഷം റിലയൻസിൽ വിവിധ ചുമതലകൾ വഹിച്ചുവരികയായിരുന്നു. നിലവിൽ കമ്പനിയുടെ ഊർജ വിഭാഗത്തിന്റെ തലവനാണ്. രണ്ടു വർഷത്തോളം ജിയോ ഡയരക്ടറായിരുന്ന 27കാരൻ ഈ വർഷം ആദ്യത്തിലാണ് റിലയൻസ് റീട്ടെയിൽ വെഞ്ചേഴ്‌സ് ലിമിറ്റഡിന്റെ ഡയറക്ടറായി നിയമിതനാകുന്നത്. അമ്മ നിതക്കൊപ്പം ഇന്ത്യൻ പ്രീമിയർ ലീഗ് ടീമായ മുംബൈ ഇന്ത്യൻസിന്റെ മേൽനോട്ടം വഹിക്കുന്നതും ആനന്ദാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.