വിജയവാഡ: വരുന്ന തെരഞ്ഞെടുപ്പിൽ വിജയിപ്പിച്ചാൽ മദ്യപ്പുഴ ഒഴുക്കിത്തരാമെന്ന 'മോഹന' വാഗ്ദാനവുമായി ആന്ധ്രപ്രദേശ് ബി.ജെ.പി. 2024ൽ നടക്കാനിരിക്കുന്ന ആന്ധ്രാപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് ഒരു കോടി വോട്ട് നൽകുകയാണെങ്കിൽ 200 രൂപയുടെ ബോട്ടിൽ മദ്യം 50 രൂപക്ക് നൽകാമെന്ന വിചിത്ര വാഗ്ദാനവുമായി ആന്ധ്രാപ്രദേശ് ബി.ജെ.പി അധ്യക്ഷൻ സോമു വീർരാജു ആണ് രംഗത്തെത്തിയിരിക്കുന്നത്.
ചൊവ്വാഴ്ച വിജയവാഡയിൽ നടന്ന യോഗത്തിലായിരുന്നു സോമു വീർരാജുവിന്‍റെ പ്രഖ്യാപനം. 'ഒരു കോടി വോട്ട് ബി.ജെ.പിക്ക് നൽകൂ, ഞങ്ങൾ 70 രൂപക്ക് മദ്യം നൽകും. കൂടുതൽ വരുമാനം ഉണ്ടാവുകയാണെങ്കിൽ ക്വാട്ടർ ബോട്ടിൽ മദ്യം 50 രൂപക്ക് നൽകും' -സോമു വീർരാജു പറഞ്ഞു.
ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ഒരു ക്വാര്‍ട്ടറിന് 200 രൂപക്കാണ് ആന്ധ്രാപ്രദേശ് സർക്കാർ നിലവിൽ മദ്യം വിൽക്കുന്നത്. എന്നാൽ സർക്കാർ വിൽക്കുന്നത് നിലവാരമില്ലാത്ത മദ്യമാണെന്നും വ്യാജ ബ്രാൻഡുകളുമാണെന്ന് അദ്ദേഹം ആരോപിച്ചു. നിലവാരമുള്ള പല ബ്രാൻഡ് മദ്യങ്ങളും സംസ്ഥാനത്ത് ലഭിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പി അധികാരത്തിൽ വന്നാൽ ഏറ്റവും നല്ല മദ്യം വിലക്കുറവിൽ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി വൈ.എസ് ജഗൻ മോഹൻ റെഡ്ഡിക്കെതിരെയും വ്യാപക ആക്ഷേപങ്ങളാണ് ബി.ജെ.പി നടത്തുന്നത്. ആന്ധ്രപ്രദേശിലെ പല നേതാക്കളും ജാമ്യത്തിലാണ്. അവരെല്ലാം ഉടൻ ജയിലിൽ പോകും എന്ന് കഴിഞ്ഞ ദിവസം മുതിർന്ന ബി.ജെ.പി നേതാവ് പ്രതികരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.