വിശാഖപട്ടണം: മരുമകന്‍റെ ആദ്യ സന്ദർശനത്തിൽ 300 വിഭവങ്ങളൊരുക്കി സ്വീകരിച്ച് കുടുംബം. ആന്ധ്രാപ്രദേശിലെ അനകപ്പള്ളിയിലാണ് സംഭവം. മകരസംക്രാന്തിയോട് അനുബന്ധിച്ച് നടത്തിയ വിരുന്നിൽ മരുമകനുവേണ്ടി 300 ഭക്ഷണ സാധനങ്ങൾ തയാറാക്കി സ്വീകരിക്കുകയായിരുന്നു വധുവിന്റെ കുടുംബം.
വിവാഹത്തിന് ശേഷം ആദ്യമായി വീട്ടിലെത്തിയ മരുമകനെ വ്യത്യസ്തമായ രീതിയിൽ വരവേൽക്കണമെന്നായിരുന്നു അരിവ്യാപാരിയായ ഗൂണ്ട സായിയുടെയും ഭാര്യയുടെയും ആഗ്രഹം. ആ ചിന്തയിൽ നിന്നാണ് 300 വിഭവങ്ങൾ തയാറാക്കിയുള്ള സ്വീകരണമെന്ന തീരുമാനത്തിലേക്ക് കുടുംബം എത്തിയത്.
കഴിഞ്ഞ മാസമാണ് ദേവേന്ദ്രയുടെയും രിഷിതയുടെയും വിവാഹം നടന്നത്. ഗംഭീരമായ സ്വീകരണവും ഇത്രയേറെ വിഭവങ്ങളും കണ്ട് താൻ അദ്ഭുതപ്പെട്ടതായി ദേവേന്ദ്ര പറയുന്നു. ബിരിയാണി, ജീര റൈസ്, ഫ്രൈഡ് റൈസ്, ടൊമാറ്റോ റൈസ്, എന്നിങ്ങനെ ഡസൻ കണക്കിന് പലഹാരങ്ങളായിരുന്നു വീട്ടിൽ ദേവേന്ദ്രയെ കാത്തിരുന്നത്. മൂന്നുദിവസം കഷ്ടപ്പെട്ടാണ് വിഭവങ്ങൾ തയാറാക്കിയതെന്ന് രിഷിതയുടെ അമ്മ പറഞ്ഞു.
മകര സംക്രാന്തിയിൽ വിരുന്നുകൾ നടത്തി മരുമക്കളെ പരിചരിക്കുന്നത് ആന്ധ്രാപ്രദേശിലെ പല വീടുകളിലും നിലനിൽക്കുന്ന ചടങ്ങാണ്. കഴിഞ്ഞ വർഷം ഏലൂരിലെ ഒരു കുടുംബം മരുമകനുവേണ്ടി 379 വിഭവങ്ങൾ ഒരുക്കിയിരുന്നു. 2022-ൽ നർസാപുരത്ത് ഒരു കുടുംബം തങ്ങളുടെ ഭാവി മരുമകന് 365 വിഭവങ്ങളടങ്ങിയ വിരുന്നാണ് തയാറാക്കിയത്. ഭക്ഷണം മാത്രമല്ല, കോടികളുടെ റോൾസ് റോയ്സ് കാറുകൾ ഉൾപ്പെടെ വിലകൂടിയ സമ്മാനങ്ങളും മരുമക്കൾക്കായി നൽകാറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.