ഗുരുതര തെറ്റുമായി എ.എൻ.ഐ; മണിപ്പൂരിലെ പ്രതി മുസ്‌ലിം യുവാവെന്ന്, തിരുത്തിയത് 12 മണിക്കൂറിനുശേഷം

ന്യൂഡൽഹി: മണിപ്പൂരിൽ കുക്കി സ്ത്രീകളെ നഗ്നരാക്കി നടത്തിച്ച് കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ തെറ്റായ വിവരം പങ്കുവെച്ച് വാർത്താ ഏജൻസിയായ എ.എൻ.ഐ. സംഭവത്തിൽ അറസ്റ്റിലായത് അബ്ദുൽ ഹിലിം എന്നയാളാണെന്ന് ട്വീറ്റ് ചെയ്ത എ.എൻ.ഐ തെറ്റായ വിവരം തിരുത്തിയത് 12 മണിക്കൂറിനുശേഷം. ഇതിനോടകം മുസ്‌ലിം യുവാവാണ് ആക്രമണം നടത്തിയതെന്ന തരത്തിൽ വിദ്വേഷ പ്രചാരണം നടക്കുകയും ചില ചാനലുകൾ ഈ വിവരം തന്നെ പങ്കുവെക്കുകയും ചെയ്തിരുന്നു.

‘പീപ്പിൾസ് റെവല്യൂഷണറി പാർട്ടി ഓഫ് കാംഗ്ലീപാകിന്‍റെ പ്രവർത്തകനായ ഇംഫാൽ ഈസ്റ്റിലെ ഇബുംഗോ എന്ന അബ്ദുൽ ഹിലിം (38) എന്നയാളെ ഇംഫാൽ ഈസ്റ്റ് ജില്ല പൊലീസ് അറസ്റ്റ് ചെയ്തു. തൗബാൽ ജില്ലയിലെ തട്ടിക്കൊണ്ടുപോകലും കൂട്ടബലാത്സംഗവും നടത്തിയ ഹീനമായ സംഭവത്തിൽ ആകെ മൂന്ന് പ്രധാന പ്രതികൾ അറസ്റ്റിലായെന്ന് മണിപ്പൂർ പൊലീസ്’ -എന്നായിരുന്നു എ.എൻ.ഐയുടെ ആദ്യ ട്വീറ്റ്.

ഇന്നലെ രാത്രി 9.47ന് നൽകിയ ട്വീറ്റ് പിൻവലിച്ച് ഇന്ന് രാവിലെ 10.30ഓടെയാണ് ഖേദപ്രകടനവുമായി പുതിയ ട്വീറ്റ് ചെയ്തത്. വാർത്ത പിൻവലിക്കലും ക്ഷമാപണവും: ഇന്നലെ വൈകുന്നേരം മണിപ്പൂർ പൊലീസ് നടത്തിയ അറസ്റ്റുകളെക്കുറിച്ച് അശ്രദ്ധമായി എ.എൻ.ഐ ഒരു ട്വീറ്റ് പോസ്റ്റ് ചെയ്തു. വൈറലായ വീഡിയോയിൽ കാണിച്ചിരിക്കുന്ന സംഭവങ്ങളുമായി ബന്ധപ്പെട്ട് മണിപ്പൂർ പൊലീസ് നടത്തിയ മറ്റ് അറസ്റ്റുകളെക്കുറിച്ചുള്ള മുൻ ട്വീറ്റുമായി ആശയക്കുഴപ്പത്തിലായതിനാൽ പോസ്റ്റ് ചെയ്ത ട്വീറ്റുകളുടെ തെറ്റായ വായനയുടെ അടിസ്ഥാനത്തിലാണ് ഇത്. ഏതാനും മിനിറ്റുകൾക്കുള്ളിൽ, പിശക് മനസ്സിലാക്കി ഉടൻ ട്വീറ്റ് നീക്കുകയും തിരുത്തിയ പതിപ്പ് ഉടൻ പുറത്തുവിടുകയും ചെയ്തു. തെറ്റിൽ ഖേദിക്കുന്നു -എന്നാണ് എ.എൻ.ഐ വ്യക്തമാക്കിയത്.

തെറ്റ് മനസ്സിലായ ഉടൻ തന്നെ അവർ ഇക്കാര്യം വ്യക്തമാക്കിയിരുന്നെങ്കിൽ ഒരുപക്ഷേ ആ വ്യാജ വാർത്ത വൈറലായി പ്രചരിക്കുമായിരുന്നില്ലെന്ന് ആൾട്ട് ന്യൂസ് സ്ഥാപകൻ മുഹമ്മദ് സുബൈർ പ്രതികരിച്ചു.

തൗബാൽ ജില്ലയിലെ പേച്ചി അവാങ് ലേകൈ സ്വദേശി ഹ്യൂരേം ഹെരോദാസ് സിങ് എന്നയാളാണ് ആദ്യം അറസ്റ്റിലായത്. പിന്നാലെ അരുൺ സിങ്, ജിവാൻ എലങ്ബാം, തോംബ സിങ് എന്നിവരുമാണ് അറസ്റ്റിലായത്.

Tags:    
News Summary - ANI tweeted The accused in Manipur heinous crime was a Muslim youth

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.