ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവും കേന്ദ്ര മുൻ പ്രതിരോധ മന്ത്രിയുമായ എ.കെ. ആന്റണിയുടെ മകനും മുൻ പ്രഫഷനൽ കോൺഗ്രസ് നേതാവുമായ അനിൽ ആൻറണി ബി.ജെ.പിയിൽ ചേർന്നു. കേന്ദ്ര മന്ത്രി വി. മുരളീധരൻ, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ എന്നിവരുടെ സാന്നിധ്യത്തിൽ, വ്യാഴാഴ്ച ഉച്ചക്ക് ശേഷം 3.15ന് ദീൻ ദയാൽ ഉപാധ്യായ മാർഗിലെ ബി.ജെ.പി ആസ്ഥാനത്ത് കേന്ദ്ര മന്ത്രിയും രാജ്യസഭയിലെ ബി.ജെ.പി നേതാവുമായ പിയൂഷ് ഗോയൽ പാർട്ടി ഷാൾ അണിയിച്ച് പാർട്ടി അംഗത്വം നൽകി ബി.ജെ.പിയിലേക്ക് വരവേറ്റു.
ബി.ജെ.പി സ്ഥാപക ദിവസമായ ഏപ്രിൽ ആറിന് അനിൽ ആന്റണിയെ ബി.ജെ.പിയിലേക്ക് സ്വാഗതം ചെയ്യുന്നതിൽ സന്തോഷമുണ്ട് എന്ന് പിയൂഷ് ഗോയൽ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ബി.ബി.സി ഡോക്യുമെന്ററി ഇന്ത്യയുടെ പരാമധികാരത്തിനും അഖണ്ഡതക്കും നേരെയുള്ള ആക്രമണമാണ് എന്ന് തിരിച്ചറിഞ്ഞ നേതാവാണ് അനിൽ. അനിലിന്റെ വരവ് ദക്ഷിണേന്ത്യയിൽ പാർട്ടിയുടെ പാദമുദ്ര പതിപ്പിക്കാൻ സഹായകരമാകുമെന്നും പിയൂഷ് ഗോയൽ പറഞ്ഞു.
കോൺഗ്രസ് നേതാക്കൾ ഒരു കുടുംബത്തിന് വേണ്ടി പ്രവർത്തിക്കുമ്പോൾ തന്റെ ലക്ഷ്യം രാഷ്ട്രത്തിന് വേണ്ടി പ്രവർത്തിക്കുകയാണെന്ന് അംഗത്വം സ്വീകരിച്ച് അനിൽ ആന്റണി പറഞ്ഞു. ശശി തരൂർ വളർത്തി കൊണ്ടുവന്ന അനിൽ ആന്റണി ബി.ബി.സി ഡോക്യുമെന്ററി വിവാദത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം നിന്ന് കോൺഗ്രസിനെതിരെ പരസ്യമായി രംഗത്തുവന്നതോടെയാണ് പാർട്ടിയിൽ നിന്ന് പുറത്തായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.