File Pic

ഷിരൂരിൽ നിന്ന് നേവി സംഘം മടങ്ങി; രക്ഷാപ്രവർത്തനം തുടരുന്നതിൽ അനിശ്ചിതത്വം, തൃശൂരിൽ നിന്നുള്ള സംഘമെത്തി പരിശോധിക്കും

ഷിരൂർ: കർണാടകയിലെ അങ്കോല താലൂക്കിൽ ഷിരൂരിന് സമീപം മ​ണ്ണി​ടി​ച്ചി​ലി​ൽ കാ​ണാ​താ​യ കോ​ഴി​ക്കോ​ട് ക​ണ്ണാ​ടി​ക്ക​ൽ സ്വ​ദേ​ശി അ​ർ​ജു​നെ കണ്ടെത്താനായുള്ള രക്ഷാപ്രവർത്തനത്തിൽ അനിശ്ചിതത്വം. കഴിഞ്ഞ ദിവസങ്ങളിൽ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ നാവികസേന സംഘം സ്ഥലത്തുനിന്ന് മടങ്ങി. രാവിലെ നാവികസേനസംഘം പ്രദേശത്ത് എത്തിയെങ്കിലും ​ഗം​ഗാവാലി പുഴയിൽ പരിശോധന നടത്താതെ മടങ്ങുകയായിരുന്നു. ദുരന്തനിവാരണ സേനയും മടങ്ങി. അതേസമയം, തൃശൂരിൽ നിന്നെത്തിക്കുന്ന ഡ്രഡ്ജിങ് മെഷീൻ ഉപയോഗിച്ച് പുഴയിലെ മണ്ണ് മാറ്റാനാകുമോയെന്ന കാര്യം അധികൃതർ പരിശോധിക്കും. ഇതിനായി തൃശൂരിൽ നിന്നുള്ള ഉദ്യോഗസ്ഥർ അങ്കോലയിലേക്ക് പുറപ്പെട്ടിരിക്കുകയാണ്.

അർജുനെ കാണാതായി 14ാം ദിവസമാണ് ഇന്ന്. ഗം​ഗാ​വാ​ലി പു​ഴ​യി​ൽ കാലാവസ്ഥ അനുകൂലമെങ്കിൽ ഇന്ന് വീണ്ടും തിരച്ചിൽ നടത്തുമെന്നായിരുന്നു വിവരം. ഇന്നലെ നടത്തിയ തിരച്ചിലിൽ പുരോഗതിയില്ലാത്തതിനെ തുടർന്ന് ദൗത്യം അവസാനിപ്പിക്കാനായിരുന്നു അധികൃതരുടെ നീക്കം. കേരള മുഖ്യമന്ത്രി പിണറായി വിജയനും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും സംസാരിച്ചതിനെ തുടർന്നാണ് തെരച്ചിൽ പുന:രാരംഭിക്കാൻ തീരുമാനിച്ചത്.

കോൾപ്പടവുകളിൽ ചെളി വാരാൻ ഉപയോഗിക്കുന്ന ഡ്രഡ്ജിങ്ങ് യന്ത്രം ഉപയോഗിച്ച് മണ്ണ് നീക്കി ലോറി കണ്ടെത്താനാണ് സംസ്ഥാന സർക്കാറിന്‍റെ നീക്കം. കൃഷി വകുപ്പിന്‍റെ മെഷീന് 18 മുതൽ 24 അടി വരെ താഴ്ചയുള്ളിടത്ത് ആങ്കർ ചെയ്യാൻ പറ്റും. ഇതിനായി ഗംഗാവാലി പുഴയിൽ ഡ്രഡ്ജിങ്ങ് യന്ത്രം അനുയോജ്യമാണോ എന്ന് പരിശോധിക്കും. ഇത്രയും കുത്തൊഴുക്കുള്ള വെള്ളത്തിൽ ഡ്രഡ്ജിങ്ങ് യന്ത്രം പ്രവർത്തിക്കാൻ കഴി​യുമോ എന്നതാണ് പ്രധാനമായും പരിശോധിക്കുക. കൃഷിവകുപ്പിലെ രണ്ട് അസി. ഡയറക്ടർ, മെഷീൻ ഓപ്പറേറ്റർ എന്നിവരാണ് അങ്കോലയിലേക്ക് തിരിച്ചത്.

നേരത്തെ, പ്രതികൂല കാലാവസ്ഥ ചൂണ്ടിക്കാട്ടി നാല് ദിവസത്തേക്ക് ദൗത്യം നിർത്തിവെക്കാനായിരുന്നു കർണാടക സർക്കാറിന്റെ തീരുമാനം. കാലാവസ്ഥ പ്രതികൂലമായതിനാൽ രക്ഷാദൗത്യം ദുഷ്കരമാണെന്ന് കാർവാർ എം.എൽ.എ പറഞ്ഞിരുന്നു. മുങ്ങൽ വിദഗ്ധനായ ഈശ്വർ മാൽപെയും നേവിയും എൻ.ഡി.ആർ.എഫ് സംഘങ്ങളും ഒന്നിച്ച് പരിശ്രമിച്ചാണ് ദൗത്യം മുന്നോട്ടുകൊണ്ടുപോയത്. വെള്ളത്തിനടിയിൽ ചെളിയും മണ്ണും പാറയുമാണ്. കൂറ്റൻ ആൽ മരവുമുണ്ട്. വരുന്ന 21 ദിവസം മഴ പ്രവചിക്കുന്നുണ്ട്. തിരച്ചിലിന് അത്യാധുനിക യന്ത്രങ്ങൾ വേണമെന്നും അവ കൊണ്ടുവരാൻ ദിവസങ്ങളെടുക്കുമെന്നുമായിരുന്നു എം.എൽ.എ പറഞ്ഞത്.

ജൂലൈ 16നാണ് ദേശീയപാത 66ൽ മണ്ണിടിച്ചിലുണ്ടാകുന്നത്. ലോറി ഡ്രൈവർമാർ വാഹനം നിർത്തി വിശ്രമിക്കുന്ന മേഖലയിലാണ് വൻതോതിൽ മണ്ണിടിഞ്ഞത്. 12ലേറെ പേർ സംഭവത്തിൽ മരിച്ചിരുന്നു. കാണാതായ അർജുൻ മണ്ണിനടിയിലുണ്ടാകുമെന്ന നിഗമനത്തിൽ ദിവസങ്ങളോളം മണ്ണ് മാറ്റി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് നദിയിൽ ഡ്രോൺ സാങ്കേതിക വിദ്യ ഉപയോഗിച്ച് നടത്തിയ തിരച്ചിലിൽ നാല് പോയിന്‍റുകളിൽ ലോഹവസ്തുവിന്‍റെ സാന്നിധ്യം സ്ഥിരീകരിക്കുകയായിരുന്നു. ഇവിടം കേന്ദ്രീകരിച്ചായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ തിരച്ചിൽ തുടർന്നത്.

Tags:    
News Summary - Ankola landslide rescue updates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.